മാലിന്യത്തിന് നടുവില്‍ പൊലീസ് എയ്ഡ് പോസ്റ്റ്

തൊടുപുഴ: ഇത് തൊടുപുഴ മങ്ങാട്ടുകവല സ്വകാര്യ ബസ്സ്റ്റാൻഡിലുള്ള പൊലീസ് എയ്ഡ് പോസ്റ്റ്. ഷട്ടറിട്ട് പൂട്ടിപ്പോയാലും ഏത് പാതിരാത്രിക്കും ഇവിടെ ആ൪ക്കും കയറാം, കിടന്നുറങ്ങാം, ചീട്ട് കളിക്കാം, മദ്യപിക്കാം. നഗരസഭാ സ്റ്റാൻഡിലെ ചെളിവെള്ളവും മാലിന്യവും പുറംതള്ളുന്നതിന് കാന നി൪മിച്ചിരിക്കുന്നത് എയ്ഡ് പോസ്റ്റിൻെറ നടുവിലൂടെയാണ്. മാലിന്യം കെട്ടിക്കിടക്കുന്ന ഓട വഴി സാമൂഹിക വിരുദ്ധ൪ അകത്ത് കടക്കുന്നത് പതിവായിരിക്കുകയാണ്.
ഏഴ് മാസം മുമ്പാണ് നഗരസഭാ സ്റ്റാൻഡിലെ വെള്ളക്കെട്ടിന് പരിഹാരമായി എയ്ഡ് പോസ്റ്റിന് നടുവിലൂടെ ഓട കീറിയത്. ഉടൻ തന്നെ സ്ളാബിട്ട് മൂടാമെന്ന ഉറപ്പിന്മേലായിരുന്നു ഓട നി൪മിച്ചത്. സമീപത്തെ കച്ചവട സ്ഥാപനങ്ങളുടെ നടുവിലൂടെ ഓട നി൪മിക്കാനുള്ള ശ്രമം കട നടത്തിപ്പുകാ൪ തടഞ്ഞതോടെയാണ് പൊലീസ് എയ്ഡ് പോസ്റ്റിനെ ബലിയാടാക്കിയത്. ഡ്യൂട്ടിയിലുള്ള പൊലീസുകാ൪ക്ക് മൂക്ക് പൊത്താതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. സമീപ സ്ഥാപനങ്ങളിലെ മാലിന്യവും ബസ്സ്റ്റാൻഡിലെ വെള്ളവും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. സമയ കൃത്യത ഉറപ്പ് വരുത്തുന്നതിന് പഞ്ച് ചെയ്യാൻ ഓടി വരുന്ന ബസ് കണ്ടക്ട൪മാ൪ ഇവിടെ തെന്നി വീഴുന്നത് പതിവ് സംഭവമാണ്. ബസ്സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും ഇവിടെ വീഴുന്നുണ്ട്.
രാത്രി എട്ട് മണി കഴിയുന്നതോടെ എയ്ഡ് പോസ്റ്റ് സാമൂഹിക വിരുദ്ധരുടെ താവളമാകും. ഡ്യൂട്ടി അവസാനിപ്പിച്ച് പൊലീസുകാ൪ ഷട്ടറിട്ട് പോയാലും ഓട വഴി സാമൂഹിക വിരുദ്ധ൪ അകത്ത് കയറുന്നു. ഇവിടെയുള്ള മദ്യക്കുപ്പികളും ചീട്ടുകളും എടുത്ത് മാറ്റുന്നതാണ് രാവിലെ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരൻെറ ആദ്യ ജോലി. സ്ളാബിട്ട് ഓട മൂടണമെന്ന് പൊലീസ് മേധാവികൾ നഗരസഭയോട് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.