ഗേറ്റ് അടച്ചുപൂട്ടി; ബഥനിമലക്കാര്‍ ദുരിതത്തില്‍

വടശേരിക്കര: ബഥനിമലക്കാരുടെ ജീവിതം എസ്റ്റേറ്റ് ഉടമകൾ ഗേറ്റിട്ടു പൂട്ടിയ ‘തുറന്ന ജയിലിൽ’. പെരുനാട് ബഥനിമലയുടെ മുകളിലെ പുതുവൽ കോളനിയിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങളാണ് പെരുനാട് ബഥനി ആശ്രമത്തിൻെറ ഉടമസ്ഥതയിലെ റബ൪ തോട്ടത്തിൽ കൂടി കടന്നുപോകുന്ന റോഡിൽ ഗേറ്റ് സ്ഥാപിച്ചതുമൂലം ദുരിതമനുഭവിക്കുന്നത്.
പെരുനാട് പഞ്ചായത്തിലെ മഠത്തുംമൂഴിയിൽ നിന്ന് മൂന്ന് കിലോമീറ്റ൪ ദൂരെ മലമുകളിലാണ് പുതവൽ കോളനി.ഇവ൪ക്കുള്ള ഏക യാത്രാ സൗകര്യം ബഥനി എസ്റ്റേറ്റിനുള്ളിൽ കൂടി കടന്നുപോകുന്ന കോൺക്രീറ്റ് റോഡാണ്.ഈ റോഡിൽ ബഥനി ആശ്രമചാപ്പലിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുഗേറ്റ് അടച്ചിട്ട് യാത്രാ തടസ്സം ഉണ്ടാക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി.പുതവൽ കോളനി വരെ വാഹനം എത്തുമെങ്കിലും ഈ ഗേറ്റ് അടച്ചാൽ പിന്നെ ഒന്നര കിലോമീറ്റ൪ മല കയറണം.
രാവിലെ എട്ടിന് തുറക്കുന്ന ഗേറ്റ് വൈകുന്നേരം ആറാകുമ്പോൾ അടക്കും.ആറിന് മുമ്പ് പുതവൽ കോളനിക്കാ൪ ഗേറ്റ് കടന്നിരിക്കണമെന്നാണ് ബഥനി ആശ്രമ അധികൃതരുടെ നി൪ദേശം.രാത്രിയിൽ രോഗികളെ കൊണ്ടുപോകാൻ പോലും ഗേറ്റ് തുറന്നുകൊടുക്കാറില്ല.
ഒരു വ൪ഷം മുമ്പ് പാമ്പുകടിയേറ്റ സ്ത്രീ ഗേറ്റ് അടച്ചിട്ടതുമൂലം യഥാസമയം ആശുപത്രിയിൽ എത്തിക്കാനാകാതെ മരിച്ചിരുന്നു.റബ൪ തോട്ടത്തിൽ കൂടി മാത്രം കടന്നുപോകുന്ന ഈ റോഡിൽ സന്ധ്യ കഴിഞ്ഞാൽ സ്ത്രീകളും കുട്ടികളും തനിച്ചു നടക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ പെരുനാട്ടിൽ നിന്ന് ടാക്സിയെ ആശ്രയിച്ചാൽ ഈ ഗേറ്റിന് സമീപം വരെയേ പോകാൻ കഴിയൂ.
പല ദിവസങ്ങളിലും പകലും ഗേറ്റ് തുറക്കാറില്ല. അടുത്തിടെ എസ്റ്റേറ്റിനുള്ളിൽ കൈതക്ക് വിഷം തളിക്കുന്നതിനെതിരെയും ബഥനിമലയുടെ മുകളിൽ പാറമട സ്ഥാപിക്കുന്നതിനെതിരെയും കോളനിക്കാരും പരിസരവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
 കോട്ടൂപ്പാറ,കോട്ടക്കുഴി നിവാസികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.ഈ പ്രദേശങ്ങളെല്ലാം ചെങ്കുത്തായ മലമുകളിൽ റബ൪ തോട്ടങ്ങളാൽ ചുറ്റപ്പെട്ട മനുഷ്യവാസ കേന്ദ്രങ്ങളാണ്.ഇവ൪ക്കെല്ലാം ഏതാവശ്യത്തിനും കിലോമീറ്ററുകൾ താണ്ടി പെരുനാട്ടിലെത്തണമെങ്കിൽ ഈ ഗേറ്റ് കടന്നേ മതിയാകൂ.
മിനിമം ജനാധിപത്യ അവകാശങ്ങളിലൊന്നായ വഴി നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ  മനുഷ്യാവകാശ കമീഷനും മറ്റും പരാതി കൊടുക്കാൻ തയാറെടുക്കുകയാണ് ഇവിടത്തുകാ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.