കോട്ടയത്തിന്‍െറ വികസനം ഗ്രൂപ്പുപോരില്‍ ‘ആവി’യാകുന്നു

കോട്ടയം: കോട്ടയം നഗരസഭയിൽ ഗ്രൂപ്പ് പോര് തഴച്ചുവളരുമ്പോൾ വികസന പദ്ധതികൾ തള൪ന്ന് ഇല്ലാതാകുന്നു. യു.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വന്നശേഷം അവതരിപ്പിച്ച സ്വപ്ന പദ്ധതികളെല്ലാം കോൺഗ്രസ് അംഗങ്ങൾതന്നെ പാലംവലിച്ച് ഇല്ലാതാക്കി. ഉമ്മൻ ചാണ്ടി -വയലാ൪ രവി ഗ്രൂപ്പുകളുടെ ബലാബലത്തിലാണ് സ്വപ്നപദ്ധതികളെല്ലാം ആവിയായിപ്പോയത്.
സണ്ണി കല്ലൂ൪ ചെയ൪മാനായി സ്ഥാനമേറ്റശേഷം ആദ്യജനപ്രിയ പദ്ധതിയായി അവതരിപ്പിച്ചത് ക്ളീൻ സിറ്റി പദ്ധതിയായിരുന്നു. നൂറുദിവസത്തിനുള്ളിൽ നഗരത്തിലെ മാലിന്യപ്രശ്നം ഇല്ലാതാക്കുമെന്നായിരുന്നു വാഗ്ദാനം. വടവാതൂരിൽ ആധുനിക മാലിന്യസംസ്കരണ പ്ളാൻറ് സ്ഥാപിച്ച് ദു൪ഗന്ധവിമുക്തമാക്കുമെന്നും വാക്ക് നൽകി. ചെയ൪മാൻെറ നൂറുദിനപരിപാടിക്ക് കൂട്ട് ഭരണക്കാ൪തന്നെ പാരവെച്ചപ്പോൾ വ൪ഷങ്ങൾ കഴിഞ്ഞിട്ടും വടവാതൂരിലെ ദു൪ഗന്ധം അകന്നില്ല. സമര വേലിയേറ്റത്തിന് വടവാതൂ൪ സാക്ഷിയാകുകയും ചെയ്തു.
ആദ്യശ്രമം പാളിയപ്പോൾ ജില്ലാ ഭരണകൂടത്തിൻെറ ആശീ൪വാദത്തോടെ ഉറവിടമാലിന്യ സംസ്കരണ പരിപാടി കൊണ്ടുവന്നെങ്കിലും അതിലും എതി൪ഗ്രൂപ്പുകാ൪ പാലംവലിച്ചു. ആയിരക്കണക്കിന് അപേക്ഷകൾ വാങ്ങിയതല്ലാതെ തുട൪പ്രവ൪ത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ല.
പിന്നീട് വന്ന ഇ-ടോയ്ലറ്റ് പദ്ധതിയും അ൪ധശങ്കയിലാണ്. മാസങ്ങൾക്കുമുമ്പ് നഗരത്തിൽ ഒരു ഇ-ടോയ്ലറ്റ് സ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും ഇതിന് മറഞ്ഞുനിന്ന് ശങ്കതീ൪ക്കേണ്ട ഗതികേടിലാണ് നഗരത്തിലെത്തുന്നവ൪. സ്പോൺസ൪മാരെ ലഭിക്കാത്തതാണ് ടോയ്ലറ്റിൻെറ പ്രവ൪ത്തനം ആരംഭിക്കാത്തതെന്നാണ് വിശദീകരണം. സ്പോൺസ൪മാരെകൊണ്ട് തട്ടിയിട്ട് നടക്കാൻ കഴിയാത്ത കോട്ടയത്ത് ഇ-ടോയ്ലറ്റിന് സ്പോൺസറെ കിട്ടാത്തത് ഗ്രൂപ്പ് മത്സരത്തിലെ ‘സെൽഫ്’ ഗോളടിക്കാരാണെന്നാണ് ആക്ഷേപം.
നാഗമ്പടത്തെ വനിതകൾക്കായുള്ള വിശ്രമകേന്ദ്രം, വൃദ്ധ൪ക്കായി സ്ഥാപിച്ച പകൽവീട് തുടങ്ങിയ സ്ഥാപനങ്ങളും പൂട്ടിക്കിടപ്പാണ്. ഇവയെല്ലാം നി൪മാണം പൂ൪ത്തിയാക്കിയെങ്കിലും ഇഴജന്തുക്കൾക്കും നായ്ക്കൾക്കും ഉപയോഗിക്കാനാണ് വിധി. കാടുപിടിച്ച് നശിക്കുന്ന അവസ്ഥയിലാണ് പകൽവീട്  ഇപ്പോൾ.
ചെയ൪മാൻെറ ‘മൈലേജ്’ വ൪ധിപ്പിച്ച പദ്ധതികളിലൊന്നായിരുന്നു പുതിയ പച്ചക്കറി മാ൪ക്കറ്റ്. എന്നാൽ ഇത് വരാതിരിക്കാൻ ഉമ്മൻ ചാണ്ടി ഗ്രൂപ്പുകാ൪ നന്നായി അധ്വാനിച്ചതായി പ്രതിപക്ഷം പോലും പറയുന്നു.
നഗരത്തെ വെളിച്ചത്തിൽ മുക്കാൻ ആവിഷ്കരിച്ച സ്ട്രീറ്റ്ലൈറ്റ് പദ്ധതിയും മുക്കിയത് ഭരണകക്ഷി അംഗങ്ങളായിരുന്നു. ഉമ്മൻ ചാണ്ടി ഗ്രൂപ്പിലെ പ്രമുഖനായ കൗൺസിലറാണ് ഇതിൽ അഴിമതി നടന്നതായി ആരോപിച്ചത്. സ്ട്രീറ്റ്ലൈറ്റ് സ്ഥാപിക്കുന്നതിനുവേണ്ടി ഉപകരണങ്ങൾ വാങ്ങിയതിൽ ഭീമമായ അഴിമതി നടന്നതായുള്ള ഭരണകക്ഷി അംഗത്തിൻെറ കണ്ടെത്തൽ പ്രതിപക്ഷത്തെപോലും അമ്പരപ്പിച്ചു.
പുതിയ പച്ചക്കറി മാ൪ക്കറ്റിനോട് ചേ൪ന്ന് വ൪ഷങ്ങൾക്കുമുമ്പ് നി൪മാണം ആരംഭിച്ച അറവുശാലയും പാതിവഴിയിലാണ്. ആധുനിക അറവുശാല നി൪മാണത്തിനായിരുന്നു നീക്കം. ഇതിന് ആദ്യഘട്ടത്തിൽ ഇരുപത് ലക്ഷത്തോളം രൂപ ചെലവാകുകയും ചെയ്തു. നി൪മാണം പൂ൪ത്തിയാകാത്ത കെട്ടിടം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ സുഖവാസകേന്ദ്രമായി മാറിയിരിക്കുകയാണ്.ഒറ്റപ്പെട്ട ഈ സ്ഥലത്തേക്ക് പൊലീസ് എത്തിച്ചേരാത്തതും സാമൂഹിക വിരുദ്ധരുടെ പ്രവ൪ത്തനങ്ങൾക്ക് സഹായകരമാകുന്നു.
മുനിസിപ്പാലിറ്റിയുടെ ആയു൪വേദ ഡിസ്പെൻസറി ഉദ്ഘാടനത്തിനാണ് ഒടുവിലായി ഗ്രൂപ്പ് വൈരം മറനീക്കിയത്. ഈ പരിപാടിയിലേക്ക് സമീപവാ൪ഡിലെ കോൺഗ്രസ് അംഗത്തെ മാത്രം ക്ഷണിച്ചില്ല. പരിപാടി ഭൂരിപക്ഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരും ബഹിഷ്കരിക്കുകയും ചെയ്തു. ഏഴ് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരിൽ രണ്ടുപേ൪മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. ഗ്രൂപ്പുപോര് ദിനംപ്രതി  മുറുകുമ്പോൾ പദ്ധതി പ്രവ൪ത്തനങ്ങൾ ഇല്ലാതെ നഗരവും പരിസരവും നിരന്തരം തോൽക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.