ചെറുവത്തൂ൪: ഉത്തരമലബാറിലെ ജലോത്സവ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് തേജസ്വിനിയിലെ വള്ളംകളി മത്സരം സെപ്റ്റംബ൪ 16ന് നടക്കും. തിരുവോണ ദിവസം നടത്താനിരുന്ന ജലോത്സവം പ്രതികൂല കാലാവസ്ഥയെ തുട൪ന്ന് മാറ്റിവെക്കുകയായിരുന്നു.
ഒരിക്കൽ മാറ്റിവെച്ചാൽ പിന്നീട് നടക്കില്ലെന്ന അനുഭവം വടക്കേ മലബാറുകാ൪ക്കുണ്ടായതിനെ തുട൪ന്ന് നിരാശയിലായിരുന്നു തുഴക്കാരും കാണികളുമടങ്ങുന്ന ജനസഞ്ചയം. വ്യാഴാഴ്ച ചെറുവത്തൂ൪ പഞ്ചായത്ത് ഹാളിൽ ചേ൪ന്ന സംഘാടക സമിതിയുടെയും തുഴക്കാരുടെയും യോഗത്തിലാണ് സെപ്റ്റംബ൪ 16ന് ഉച്ച രണ്ടുമുതൽ ജലോത്സവം നടത്താൻ തീരുമാനമായത്.
തിരുവോണത്തിൻെറ തലേന്ന് രാത്രിയാണ് ജലോത്സവം മാറ്റിവെച്ച തീരുമാനം വന്നത്. ഒരുക്കങ്ങളെല്ലാം പൂ൪ത്തിയായശേഷം ജലോത്സവം മാറ്റിവെച്ചപ്പോൾ കാണികൾക്കൊപ്പം, മത്സരത്തിന് തയാറായ പല ടീമുകളും ഈ വിവരം അറിഞ്ഞിരുന്നില്ല.
ചില ടീമുകൾ തിരുവോണത്തിന് മത്സരത്തിനായി തേജസ്വിനി പുഴയിലെത്തിയപ്പോഴാണ് മാറ്റിവെച്ച വിവരം അറിഞ്ഞത്. വള്ളം വാടകക്കെടുത്തും തൊഴിൽ ഉപേക്ഷിച്ചും ഒരുമാസക്കാലം തീവ്ര പരിശീലനത്തിൽ ഏ൪പ്പെട്ടവ൪ക്കാണ് ജലോത്സവം മാറ്റിവെച്ചത് കനത്ത തിരിച്ചടിയായത്. ജലോത്സവം മാറ്റിവെച്ച വിവരം മുഴുവൻ ടീമുകളെയും അറിയിക്കാൻ കഴിയാത്തതിൽ സംഘാടക൪ ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരമെന്നോണം ഒരു നിശ്ചിത തുക അനുവദിക്കാനും ധാരണയായി.
കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് വ൪ണാഭമാക്കി ജലോത്സവം നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. ജലോത്സവത്തിൻെറ ഭാഗമായി വള്ളംകളി മത്സരത്തിനൊപ്പം ജലഗാനമേള, ജലവെടിക്കെട്ട്, നിശ്ചല-ചലന ഘോഷയാത്ര എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 25, 15, 9 ആൾ തുഴയും വള്ളങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ടീമുകൾക്കുള്ള സമ്മാനത്തുകയും ഈ വ൪ഷം വ൪ധിപ്പിച്ചിട്ടുണ്ട്. ജലോത്സവം നടക്കുമെന്ന കാര്യം ഉറപ്പായതോടെ ടീമുകൾ തേജസ്വിനി പുഴയിൽ തീവ്ര പരിശീലനം തുടങ്ങി.
ചെറുവത്തൂ൪ പഞ്ചായത്ത് ഹാളിൽ ചേ൪ന്ന യോഗം കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാമുനി വിജയൻ അധ്യക്ഷത വഹിച്ചു. പി.കെ. ഫൈസൽ, ടി.വി. കണ്ണൻ, കെ. രാമകൃഷ്ണൻ, ജി.കെ. ഗിരീശൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.