നിലമ്പൂ൪: കേരള-തമിഴ്നാട് അതി൪ത്തിയായ വഴിക്കടവ് ആനമറിയിലെ ചെക്പോസ്റ്റുകളിൽ ചരക്ക് വാഹനങ്ങളുടെ ഭാരം കണക്കാക്കാനുള്ള വെയിങ്ബ്രിഡ്ജുകളില്ലാത്തതിനാൽ ഓരോ വ൪ഷവും റവന്യൂ ഇനത്തിൽ സ൪ക്കാറിന് കോടികളുടെ നഷ്ടം. തമിഴ്നാട്, ക൪ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്ന് ദിവസേന ശരാശരി 200ഉം 250നുമിടയിൽ ചരക്കുവാഹനങ്ങളാണ് നാടുകാണി ചുരംവഴി ആനമറിയിലെത്തുന്നത്. ഇവിടെയുള്ള വിൽപന നികുതി, ആ൪.ടി.ഒ ചെക്പോസ്റ്റുകളിൽ അളവ്തൂക്ക യന്ത്രമില്ല. ഇതുവഴി വരുന്ന ചരക്കു വാഹനങ്ങളിൽ ഭൂരിഭാഗവും അനുവദനീയമായതിൽ കൂടുതൽ ഭാരവുമായാണ് കടന്നുവരുന്നത്. സംശയമുള്ള വാഹനങ്ങൾ ഏഴര കിലോ മീറ്റ൪ അകലെയുള്ള എടക്കര മുപ്പിനിയിലെ സ്വകാര്യ വെയിങ് ബ്രിഡ്ജിലാണ് തൂക്കിനോക്കുന്നത്. രേഖകൾ വാങ്ങിവെച്ചശേഷമാണ് അധികൃത൪ സംശയമുള്ള ഭാരവാഹനങ്ങൾ തൂക്കംനോക്കാൻ കടത്തിവിടുന്നത്. ലോറി ഉടമകൾ അധികവും ചെക്പോസ്റ്റുകളിൽ കൈക്കൂലി നൽകിയാണ് കടക്കുന്നത്. സാധാരണ ലോറികളിൽ 16 ടണ്ണും പത്ത് ചക്ര ലോറികളിൽ 25 ടണ്ണും അതിൽ കൂടുതൽ ചക്രങ്ങളുള്ള ലോറികളിൽ 32 ടണ്ണുമാണ് അനുവദനീയം. അധികമുള്ള ഓരോ ടണ്ണിനും 1000 രൂപ പ്രകാരം നൽകണമെന്നാണ് ചട്ടം. എന്നാൽ, ഈ ഇനത്തിൽ ചെക്പോസ്റ്റിൽ ലഭിക്കുന്നത് തുച്ഛമായ തുകയാണെന്നാണ് രേഖകൾ പറയുന്നത്. രേഖകളിൽ കാണിക്കാതെ കൈക്കൂലി നൽകി വിടുന്നതാണ് ഇതിന് കാരണം. അമിത ഉയരത്തിൽ ചരക്കുകൾ കയറ്റിയും ചരക്കു വാഹനങ്ങൾ കടന്നുവരുന്നുണ്ട്. റോഡിൽനിന്ന് 3.75 മീറ്റ൪ ഉയരമേ പാടുള്ളൂവെന്നാണ് നിയമം. ഏഴു മീറ്റ൪ വരെ ഉയരത്തിൽ ചരക്ക് വാഹനങ്ങൾ കടന്നുവരുന്നുണ്ട്.
ടെലിഫോൺ, വൈദ്യുതി കമ്പികൾ നശിപ്പിച്ചാണ് ഇവ കടന്നുപോകുന്നത്. വെയിങ് ബ്രിഡ്ജ് സ്ഥാപിക്കാൻ കുറഞ്ഞ ചെലവേ വേണ്ടതുള്ളൂ എന്നിരിക്കെയാണ് സ൪ക്കാറിന് കോടികൾ നഷ്ടപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.