ശ്രീചിത്തിര: സ്ഥലമെടുപ്പ് നടപടിയില്‍ പുരോഗതി

മാനന്തവാടി: ഒരു വ൪ഷത്തോളമായി അനിശ്ചിതത്വത്തിൽ കിടക്കുന്ന ശ്രീചിത്തിര മെഡിക്കൽ സെൻററിനുള്ള സ്ഥലമെടുപ്പ് നടപടികളിൽ പുരോഗതി. മുമ്പ് പരിഗണിച്ച് പിന്നീട് ഉപേക്ഷിച്ച തലപ്പുഴ ബോയ്സ് ടൗണിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗ്ളൻലെവൽ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം സജീവമായി. ഇവിടത്തെ 75 ഏക്ക൪ സ്ഥലം വിലകൊടുത്ത് വാങ്ങാൻ റവന്യൂ വകുപ്പിൽ ധാരണയായതായാണ് സൂചന. കഴിഞ്ഞ ദിവസം സ്ഥലം സന്ദ൪ശിച്ച എ.ഡി.എം വില സംബന്ധിച്ച് തോട്ടം ഉടമയുമായി സംസാരിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്തി. മുമ്പ് സ്ഥലം സന്ദ൪ശിച്ച് ശ്രീചിത്തിര മെഡിക്കൽ സംഘം ഇത് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, സ്വകാര്യ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ അഴിമതിയുണ്ടാകുമെന്ന് ആരോപണമുയ൪ന്നതിനെ തുട൪ന്ന് സ൪ക്കാ൪ ഉടമസ്ഥതയിലുള്ള സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മന്ത്രി പി.കെ. ജയലക്ഷ്മി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേതുട൪ന്ന് പ്രിയദ൪ശിനിയുടെ കൈവശമുള്ള ലക്കിടിയിലെ സ്ഥലത്ത് ഇൻസ്റ്റിറ്റ്യൂട്ട് നി൪മിക്കാൻ ധാരണയിലെത്തിയെങ്കിലും ആദിവാസി സംഘടനകൾ എതി൪ത്തു. ഇതിനാൽ, ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും ഗ്ളൻവെലൽ എസ്റ്റേറ്റ് വാങ്ങാൻ ശ്രമം തുടങ്ങിയത്. എന്നാൽ, ഈ നടപടിയും വിവാദത്തിലേക്ക് നീങ്ങുകയാണ്. ഈ എസ്റ്റേറ്റിൻെറ ഭാഗമായുള്ള 50 ഏക്ക൪ സ൪ക്കാ൪ മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥലം അളന്നുതിരിക്കാതെ 75 ഏക്ക൪ ഭൂമിയും വിലകൊടുത്ത് വാങ്ങാനുള്ള നീക്കം അഴിമതി നടത്താനാണെന്ന ആരോപണമുയ൪ന്നിട്ടുണ്ട്. 50 ഏക്ക൪ മിച്ചഭൂമി കണ്ടെത്തിയാൽ ബാക്കി 25 ഏക്ക൪ ഭൂമി മാത്രമേ വിലകൊടുത്ത് വാങ്ങേണ്ടതായി വരുകയുള്ളൂ. ഏക്കറിന് 30 ലക്ഷം രൂപയോളം മതിപ്പ് വില ലഭിക്കുന്ന പ്രദേശമാണിത്. 75 ഏക്ക൪ വില കൊടുത്ത് വാങ്ങുമ്പോൾ രണ്ടരകോടി രൂപയോളം സ൪ക്കാറിന് ചെലവാകും. കമീഷൻ ഇനത്തിലും മറ്റും ഉദ്യോഗസ്ഥ൪ക്കും രാഷ്ട്രീയക്കാ൪ക്കും പണം തട്ടാൻ ഇത് ഇടയാക്കുമെന്നും ആരോപണമുയ൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.