കെ.എസ്.ആര്‍.ടി.സി ഡിപ്പോ തട്ടിപ്പ്: ജീവനക്കാര്‍ ഹൈകോടതിയിലേക്ക്

സുൽത്താൻ ബത്തേരി: കെ.എസ്.ആ൪.ടി.സി ജില്ലാ ഡിപ്പോയിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണവും നടപടികളും ആവശ്യപ്പെട്ട് കെ.എസ്.ആ൪.ടി.സി എംപ്ളോയീസ് അസോസിയേഷൻ ഹൈകോടതിയെ സമീപിക്കുന്നു. കോ൪പറേഷൻെറ അന്വേഷണ നടപടികൾ പാതിവഴിയിൽ നിലക്കുകയും കേസ് വിജലൻസിന് കൈമാറുന്നതിൽ മെല്ലെപ്പോക്ക് തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണിത്.  കഴിഞ്ഞ ജൂലൈ 20നാണ് തട്ടിപ്പിൻെറ വിശദാംശങ്ങൾ പുറത്തുവന്നത്. ഏഴു വ൪ഷത്തോളമായി തുടരുന്ന തട്ടിപ്പിൽ ഒരു കോടിയിലധികം രൂപ കോ൪പറേഷന് നഷ്ടമായെന്നായിരുന്നു അധികൃതരുടെ ആദ്യ വിശദീകരണം.
ടിക്കറ്റ് ആൻഡ് ക്യാഷ് വിഭാഗത്തിൽ ഒരേ തസ്തികയിൽ ഏഴു വ൪ഷമായി തുടരുന്ന സീനിയ൪ അസിസ്റ്റൻറ് ഷാജഹാനാണ് തട്ടിപ്പിന് നേതൃത്വം കൊടുത്തത്. എന്നാൽ, ഇയാളോടൊപ്പം ഭരണകക്ഷി യൂനിയനിൽപ്പെട്ട ചില കണ്ടക്ട൪മാരും തട്ടിപ്പിൽ പങ്കുചേ൪ന്നതായി വ്യക്തമായതോടെ അന്വേഷണം പ്രഹസനമായെന്നാണ് ആരോപണം. കമ്പ്യൂട്ട൪ രേഖകൾ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം ചീഫ് ഓഫിസിലാണ് തുട൪ അന്വേഷണ നടപടികൾ നടന്നത്. കലക്ഷൻ രേഖകളിൽ കൃത്രിമം നടത്തി ഷാജഹാനും ഒമ്പത് കണ്ടക്ട൪മാരും ചേ൪ന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കഴിഞ്ഞയാഴ്ചയിൽ അധികൃത൪ നൽകിയ അവസാന വിശദീകരണം. തട്ടിപ്പിൽ പങ്കാളികളാണെന്ന് വ്യക്തമായ കണ്ടക്ട൪മാരുടെ 2009 മുതലുള്ള രേഖകൾ മാത്രം പരിശോധിച്ചതിൻെറ അടിസ്ഥാനത്തിലാണ് ഇത്. ഇപ്പോൾ ഡിപ്പോയിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരും സ്ഥലം മാറിപ്പോയവരുമടക്കം മുഴുവൻ കണ്ടക്ട൪മാരുടെയും 2005 മുതലുള്ള രേഖകൾ പരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. ആരോപണ വിധേയരായവരെ തൽക്കാലം ഡ്യൂട്ടിയിൽനിന്ന് മാറ്റിനി൪ത്തിയതൊഴിച്ചാൽ പണം തിരിച്ചുപിടിക്കുന്നതടക്കം ഫലപ്രദനടപടികൾ ഉണ്ടായിട്ടില്ല.
വകുപ്പുതല അന്വേഷണത്തിൻെറ ഒരു ഘട്ടം കഴിഞ്ഞതിനു ശേഷം മാത്രമാണ് ലോക്കൽ പൊലീസിൽ പരാതി കൊടുത്തത്. തട്ടിപ്പ് തുക അഞ്ചു ലക്ഷത്തിൽ കവിയുന്നതിനാൽ നിയമാനുസൃതം വിജിലൻസാണ് കേസ് അന്വേഷിക്കേണ്ടത്.
 ഇതിനുള്ള ശിപാ൪ശ ജില്ലാ പൊലീസ് സൂപ്രണ്ട് മുഖേന തിരുവനന്തപുരത്തെത്തിയെങ്കിലും തുട൪ നടപടിയുണ്ടായിട്ടില്ല. എംപ്ളോയീസ് അസോസിയേഷൻ ഹൈകോടതി ഇടപെടലിന് കഴിഞ്ഞദിവസം നിയമോപദേശം തേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.