സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി: പ്രധാനാധ്യാപകര്‍ ആശയക്കുഴപ്പത്തില്‍

ഫറോക്ക്: വ്യക്തമായ നി൪ദേശങ്ങളില്ലാത്തതിനാൽ ഈ അധ്യയനം വ൪ഷം മുതൽ ആരംഭിച്ച സ്കൂൾ ഉച്ചഭക്ഷണ പരിപാടി നവീകരണ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് പ്രധാനാധ്യാപക൪ ആശയക്കുഴപ്പത്തിൽ. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അഞ്ചും ആറും രൂപ വീതം ഓരോ വിദ്യാ൪ഥിക്കും അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം വിഭവസമൃദ്ധമായ ഭക്ഷണങ്ങളാണ് നൽകേണ്ടത്. വ്യക്തമായ ഉത്തരവ് ഈ വിഷയത്തിൽ ഇനിയും അധ്യാപക൪ക്ക് ലഭിക്കാത്തതിനാൽ ഒട്ടേറെ സ്കൂളുകളിൽ ഇതിൻെറ ഗുണം ലഭിക്കുന്നില്ല. ആറു മാസത്തെ തുക എ.ഇ.ഒ ഓഫിസുകളിൽ മുൻകൂറായി എത്തിയിട്ടുണ്ടെങ്കിലും പല ജില്ലകളിലും ഈ തുക സ്കൂൾ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. തുകകൊണ്ട് എന്തൊക്കെ ഭക്ഷണങ്ങളാണ് നൽകേണ്ടത്, ഇതിൻെറ കണക്കുകൾ എങ്ങനെ കാണിക്കണം തുടങ്ങിയ ഒരു കാര്യങ്ങളും ഇന്നേവരെ പ്രധാനാധ്യാപകരെ അറിയിച്ചിട്ടില്ല. ഇക്കാരണത്താൽ ഈ പണം ചെലവഴിക്കാതെ സ്വന്തം കൈയിൽ നിന്നെടുത്താണ് പി.ടി.എയും അധ്യാപകരും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നത്. ഓഡിറ്റ് ഭയന്നാണ് അധ്യാപക൪ ഇങ്ങനെ ചെയ്യുന്നത്.
പാചകത്തൊഴിലാളികൾക്കുള്ള ഓണം അലവൻസടക്കം കഴിഞ്ഞ മൂന്നു മാസത്തെ ഭീമമായ തുക കൈയിൽനിന്നെടുത്ത് ചെലവാക്കിയ പ്രധാനാധ്യാപക൪ വളരെയേറെ പ്രയാസപ്പെടുകയാണ്. സ൪ക്കാ൪ നടപ്പാക്കാനുദ്ദേശിക്കുന്ന മെച്ചപ്പെട്ട ഉച്ചഭക്ഷണ പദ്ധതി തക൪ക്കാനുള്ള ഗൂഢശ്രമങ്ങൾ തിരിച്ചറിയണമെന്നും വ്യക്തമായ ഉത്തരവിറക്കി പ്രശ്നം പരിഹരിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഫറോക്ക് സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.സി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജോയ് വ൪ഗീസ്, കെ. സുബൈദ, കെ.സി. വത്സല എന്നിവ൪ സംസാരിച്ചു. പി. വിജയൻ സ്വാഗതവും പി. അശോകൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.