പുരാവസ്തുസംരക്ഷണ നിയമം; ഇളവ് തേടാന്‍ എം.പിയുടെ നേതൃത്വത്തില്‍ ധാരണ

സുൽത്താൻ ബത്തേരി: മാനിക്കുനിയിലെ പുരാതന ജൈനക്ഷേത്രവുമായി ബന്ധപ്പെട്ട് പുരാവസ്തു സംരക്ഷണ നിയമപ്രകാരം നടപ്പാക്കിയ നിയന്ത്രണ നിരോധ നടപടികളിൽ ഗണ്യമായ ഇളവ് തേടാൻ എം.ഐ. ഷാനവാസ് എം.പി ബത്തേരി ഗെസ്റ്റ് ഹൗസിൽ വിളിച്ചുചേ൪ത്ത കെട്ടിട ഉടമകളുടെയും ഉദ്യോഗസ്ഥ ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. ദൽഹിയിൽ അഞ്ചുദിവസത്തിനുള്ളിൽ ഈ വിഷയം വകുപ്പു മന്ത്രിയുമായി ച൪ച്ച നടത്തുമെന്ന് എം.പി യോഗത്തിന് ഉറപ്പുനൽകി.
സുൽത്താൻ ബത്തേരി ടൗണിനോട് ചേ൪ന്നുകിടക്കുന്ന കോടികൾ വിലമതിക്കുന്ന 94 ഏക്ക൪ സ്ഥലത്തെ 685 സ്ഥലം ഉടമകളാണ് പുരാവസ്തു വകുപ്പിൻെറ നടപടികളിൽ കുടുങ്ങി ജീവിതം വഴിമുട്ടിയ അവസ്ഥയിലായത്. പുരാവസ്തുവായി പ്രഖ്യാപിക്കപ്പെട്ട ജൈനക്ഷേത്രത്തിൻെറ 100 മീറ്റ൪ ചുറ്റളവിൽ നി൪മാണ പ്രവൃത്തികൾക്ക് സമ്പൂ൪ണ നിരോധം ഏ൪പ്പെടുത്തുകയായിരുന്നു. ഇതിനു പുറത്തുള്ള 200 മീറ്റ൪ പരിധിയിൽ കടുത്ത നിയന്ത്രണവും നടപ്പാക്കി. ഇവിടെ നി൪മാണ പ്രവൃത്തികൾക്ക് പുരാവസ്തു വകുപ്പിൻെറ മുൻകൂ൪ അനുമതി വാങ്ങണമെന്നതാണ് വ്യവസ്ഥ. എന്നാൽ, രണ്ടര വ൪ഷം വരെ പഴക്കമുള്ള 700ഓളം അപേക്ഷകൾ തീരുമാനമാവാതെ കെട്ടിക്കിടക്കുകയാണ്.
ആധാരവും പട്ടയവും നികുതിശീട്ടുമടക്കം മുഴുവൻ രേഖകളുമുള്ള സ്ഥലം കൈവശമുണ്ടായിട്ടും വീട് വെക്കാനോ, വിൽപന നടത്താനോ കഴിയാത്ത നിസ്സഹായവസ്ഥയിലാണ് സ്ഥലമുടമകൾ. അത്യാവശ്യ റിപയ൪ ജോലികൾക്കു പോലും വിലക്ക് വീണതോടെ അറ്റകുറ്റപണികളും മുടങ്ങി. ഇതിനിടയിലാണ് വിവിധ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം എം.ഐ. ഷാനവാസ് എം.പിയുടെ ഇടപെടലുണ്ടായത്.
സംസ്ഥാനത്ത് ദേശീയ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത 27 പുരാവസ്തുക്കളിലാണ് ബത്തേരിയിലെ ജൈനക്ഷേത്രം ഉൾപ്പെട്ടിട്ടുള്ളത്. കേരളത്തിൽ സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിൽ 162 സ്മാരകങ്ങളുണ്ടെങ്കിലും ഇത്ര ക൪ശനമായ നിയമം ബാധകമല്ല. കേരളത്തിലെ ദേശീയ പുരാവസ്തുക്കളുടെ ചാ൪ജുകൂടി വഹിക്കുന്ന സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ട൪ ജെ. റെജികുമാറിനോടൊപ്പം ശനിയാഴ്ച രാവിലെ 10ഓടെയാണ് എം.ഐ. ഷാനവസ് എം.പി ബത്തേരി ഗെസ്റ്റ് ഹൗസിലെത്തിയത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും മാനിക്കുനിയിലെ കെട്ടിടയുടമകളുടെ പ്രതിനിധികളും ച൪ച്ചയിൽ പങ്കെടുത്തു. പുരാവസ്തു വകുപ്പിൻെറ നടപടിയിൽ പ്രദേശവാസികളുടെ ദുരിതത്തോടൊപ്പം ബത്തേരി ടൗണിൻെറ വികസനവും വഴിമുട്ടിയതായി ച൪ച്ചയിൽ പങ്കെടുത്തവ൪ ചൂണ്ടിക്കാട്ടി.
ക്ഷേത്ര പരിസരത്ത് നിരോധം നിലനിൽക്കുന്ന പ്രദേശത്തിൻെറ ചുറ്റളവ് 100 മീറ്ററിൽ നിന്ന് പരമാവധി 25 മീറ്ററായി ചുരുക്കുക, ഈ പരിധിയിൽ വരുന്ന സ്ഥലങ്ങൾ മാന്യമായ നഷ്ടപരിഹാരം നൽകി സ൪ക്കാ൪ ഏറ്റെടുക്കുക, നിലവിൽ നി൪മാണ പ്രവൃത്തികൾക്ക് നിയന്ത്രണം നിലനിൽക്കുന്ന 200 മീറ്റ൪ പരിധിയിലുള്ള നിയന്ത്രണങ്ങൾ നിരുപാധികം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തിലുയ൪ന്നത്.
വടക്കേ ഇന്ത്യൻ പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ ഉയ൪ന്ന ജനസാന്ദ്രത ചൂണ്ടിക്കാട്ടി കോമ്പിറ്റൻറ് അതോറിറ്റിയും ‘ഇൻടാക്കു’മായി ചേ൪ന്ന് ബൈലോ ഉണ്ടാക്കി ദേശീയ പുരാവസ്തു വകുപ്പ് ഡയറക്ടറേറ്റിന് സമ൪പ്പിച്ചാൽ നിലവിലുള്ള കടുത്ത നിയന്ത്രണങ്ങളിൽ നിയമപരമായി തന്നെ ഇളവ് നേടാൻ കഴിയുമെന്ന് ഡയറക്ട൪ ജെ. റെജികുമാ൪ ചൂണ്ടിക്കാട്ടി.
 ദേശീയ പുരാവസ്തു സമിതിക്കു മാത്രമേ സ്പെഷൽ റൂൾസിലൂടെ പ്രശ്നം പരിഹരിക്കാനാകൂ.
അടുത്ത മാസം വീണ്ടും യോഗം ചേ൪ന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യാനും ബൈലോ തയാറാക്കാൻ കമ്മിറ്റി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. അയൂബ്, ജില്ലാ പഞ്ചായത്തംഗം ടി. മുഹമ്മദ്, ഡോ. വി. സത്യാനന്ദൻ നായ൪, എ.കെ. റഹീം, സി. ഭാസ്കരൻ, ടി.ജെ. ജോസഫ്, മാടക്കര അബ്ദുല്ല, കുന്നത്ത് അഷ്റഫ്, ഫാ. സ്റ്റീഫൻ കോട്ടക്കൽ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.