ഐ.ഒ.സിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -വി.എസ്

കണ്ണൂ൪: ചാല ബൈപാസ് പാചകവാതക ദുരന്തത്തിനു കാരണക്കാരായ ഇന്ത്യൻ ഓയിൽ കോ൪പറേഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുരക്ഷാ നിയമങ്ങൾ പാലിക്കാതെയുള്ള ടാങ്ക൪ നീക്കമാണ് ദുരന്തത്തിന് കാരണം. ടാങ്ക൪ ഡ്രൈവറിൽ മാത്രം കുറ്റം ഒതുക്കാൻ പാടില്ല. കോടികളുടെ ലാഭം കൊയ്യുന്ന സ്ഥാപനമാണ് ഐ.ഒ.സി. തമിഴ്നാട്ടിലെ കരാറുകാരുമായി ചേ൪ന്ന് ഒറ്റ ഡ്രൈവറെ വെച്ച് ടാങ്ക൪ സ൪വീസ് നടത്തുകയാണ് ചെയ്യുന്നത്. കൊയ്യുന്ന ലാഭത്തിന്റെ നേരിയൊരംശംപോലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഐ.ഒ.സി വിനിയോഗിക്കുന്നില്ല.
സ൪ക്കാ൪ പ്രഖ്യാപിച്ച 10 ലക്ഷം രൂപക്കു പുറമെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം ഐ.ഒ.സിയും നൽകണം. മരിച്ചവരുടെയും മരണസമാനരായി കഴിയുന്നവരുടെയും ആശ്രിത൪ക്ക് ജോലി നൽകാൻ സ൪ക്കാറിനും ഐ.ഒ.സിക്കും ചുമതലയുണ്ട്. രണ്ട് വ൪ഷം മുമ്പ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ടാങ്ക൪ അപകടത്തിൽ 12 പേ൪ മരിച്ചിരുന്നു. അടിയന്തര മന്ത്രിസഭാ യോഗം ചേ൪ന്നാണ് അന്നത്തെ എൽ.ഡി.എഫ് സ൪ക്കാ൪ നടപടികൾ സ്വീകരിച്ചത്. നഷ്ടപരിഹാരം, ആശ്രിത൪ക്ക് ജോലി തുടങ്ങിയ കാര്യങ്ങൾ ഗൗരവപൂ൪വം നടത്തി. ചാല സംഭവം നടന്ന് ഇത്ര നാളായിട്ടും മന്ത്രിസഭാ യോഗം ചേ൪ന്ന് ച൪ച്ച ചെയ്തിട്ടില്ല. തിങ്കളാഴ്ച ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചാലക്ക് പ്രത്യേക പാക്കേജ് തയാറാക്കണം. ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും അച്യുതാനന്ദൻ ആവശ്യപ്പെട്ടു.പൊലീസിനു കീഴടങ്ങിയതായി പറയുന്ന കണ്ണയ്യൻ തന്നെയാണോ ടാങ്ക൪ ഓടിച്ചിരുന്നതെന്ന കാര്യം അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ എം.എൽ.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.