പഴ്സ് ഉടമക്ക് തിരിച്ചേല്‍പിച്ച് ഓട്ടോ ഡ്രൈവറുടെ മാതൃക

പന്തീരാങ്കാവ്: ഓട്ടോയിൽ മറന്നുവെച്ച പണമടങ്ങിയ പഴ്സ് യാത്രക്കാരുടെ വീട്ടിലെത്തി തിരിച്ചേൽപിച്ച് സത്യസന്ധതയുള്ള ഓട്ടോ ഡ്രൈവ൪മാ൪ക്ക് ഒരു കോഴിക്കോടൻ മാതൃക കൂടി. വെള്ളയിൽ ‘സ്നേഹാഞ്ജലി’യിൽ കെ.പി. മുജീബ്റഹ്മാനാണ് (41) നഗരത്തിലെ ഓട്ടോ ഡ്രൈവ൪മാരിലെ നന്മ ഒരിക്കൽകൂടി ബോധ്യപ്പെടുത്തിയത്.
ചെന്നൈ-മംഗലാപുരം എക്സ്പ്രസിലെ യാത്രക്കാരായ ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെംബറും പന്തീരാങ്കാവ് സ്വദേശിയുമായ ചോലക്കൽ രാജേന്ദ്രനും എച്ച്.എം.ടി ജീവനക്കാരനായ സഹോദരൻ രവീന്ദ്രനും വ്യാഴാഴ്ച പുല൪ച്ചെയാണ് റെയിൽവേ സ്റ്റേഷനിൽനിന്ന് മുജീബ്റഹ്മാൻെറ കെ.എൽ.11 എ.എച്ച് 8268 ഓട്ടോ വിളിച്ചത്. പന്തീരാങ്കാവ് കൊടൽ നടക്കാവിലെ വീട്ടിലെത്തി പണം കൊടുത്ത് ഓട്ടോ മടക്കി അയച്ചശേഷമാണ് രവീന്ദ്രൻെറ പണവും ലൈസൻസും മറ്റു രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി അറിഞ്ഞത്.
ഓട്ടോഡ്രൈവറുമായി ബന്ധപ്പെടാൻ വഴിയൊന്നുമില്ലാതെയിരിക്കവേയാണ് ഒരുമണിക്കൂറിനുശേഷം മുജീബ്റഹ്മാൻ മടങ്ങിയെത്തി നഷ്ടപ്പെട്ടെന്ന് കരുതിയ പഴ്സ് ഉടമക്ക് കൈമാറിയത്. തിരിച്ചുപോവുമ്പോൾ ഓട്ടോയിൽ കയറിയ മറ്റൊരു യാത്രക്കാരനാണ് പിൻസീറ്റിലുള്ള പഴ്സ് ഡ്രൈവറെ ഏൽപിച്ചത്.
പണവും രേഖകളും തിരികെ ലഭിച്ച രവീന്ദ്രൻ സന്തോഷപൂ൪വം നൽകിയ ഉപഹാരം മുജീബ്റഹ്മാൻ നിരസിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.