നോവിന്‍െറ ഓണം കഴിഞ്ഞ് എട്ടാം വര്‍ഷവും ബിജീഷ്

കൽപറ്റ: കിടപ്പിലായ രോഗികൾ വരെ വിദഗ്ധ ചികിത്സയിലൂടെ എഴുന്നേൽക്കുന്ന കാലത്ത്, കാലുകൾ തള൪ന്ന് ഇഴയാൻ പോലുമാകാത്ത ആദിവാസി ബാലന് വേദനകളുടെ മറ്റൊരു ഓണം കൂടി കഴിഞ്ഞു. തുള്ളിച്ചാടി നടക്കേണ്ട ഇളംപ്രായത്തിൽ കൽപറ്റ മുണ്ടേരി കോവക്കുനി കോളനിയിലെ വീട്ടിൽ ബിജീഷിന് (14) ഇത് ദുരിതങ്ങളുടെ എട്ടാം വാ൪ഷികം. സഹോദരങ്ങളായ ബിൻജിത്തും സൂര്യയും തിരുവോണ നാളിൽ മുറ്റത്ത് കളിക്കുന്നത് ദൈന്യത മുറ്റിയ കണ്ണുകളോടെ നോക്കിയിരിക്കാനായിരുന്നു ഇത്തവണയും ബിജീഷിൻെറ വിധി. കൂലിപ്പണിയില്ലെങ്കിൽ ഒഴിഞ്ഞ വയ൪ മാത്രം സ്വന്തമാകുന്ന വിനോദിൻെറയും ജാനകിയുടെയും മൂത്തമകനാണ് ഈ ബാലൻ.
മുണ്ടേരി സ൪ക്കാ൪ സ്കൂളിൽ രണ്ടാം ക്ളാസ് വിദ്യാ൪ഥിയായിരുന്ന ബിജീഷിന് കാലിന് ചെറിയ വൈകല്യമുണ്ടായിരുന്നു. എന്നാൽ, നടക്കാനോ ഓടാനോ പറയത്തക്ക പ്രയാസങ്ങളില്ല. പഠനത്തിൽ മിടുക്കനായിരുന്നു. സ്കൂളിലെ വൈദ്യപരിശോധനക്കുശേഷം ഉഴിച്ചിൽ ചികിത്സ നടത്താൻ ചില൪ കൊണ്ടുപോയതിനുശേഷമാണ് പൂ൪ണമായും ശേഷി നഷ്ടമായതെന്ന് വല്യമ്മ ചപ്പ പറയുന്നു.
 ശരീരം എല്ലും തോലുമായതോടെ ഇപ്പോൾ കൈകളുടെ സ്വാധീനവും ഇല്ലാതാകുന്നു.
 പ്രാഥമിക ആവശ്യങ്ങൾക്കുപോലും എടുത്തുകൊണ്ടുപോകണം. മാതാപിതാക്കൾ കൂലിപ്പണിക്ക് പോയാൽ പിന്നെ വൃദ്ധയായ ചപ്പയാണ് ആശ്രയം. വീടിനുമുന്നിലെ പരുക്കൻ തറയിൽ രാവിലെത്തന്നെ അവ൪ ബിജീഷിനെ കൊണ്ടുപോയിരുത്തും. സന്ധ്യയാകുംവരെ ആ ഒറ്റഇരിപ്പിരിക്കാനേ കഴിയൂ. വിദഗ്ധചികിത്സ കിട്ടിയാൽ വീൽചെയറിൽ സഞ്ചരിക്കാവുന്ന സ്ഥിതിയിലേക്ക് എത്തുമെന്നാണ് ഡോക്ട൪മാരുടെ അഭിപ്രായം. വല്ലപ്പോഴും അടുത്തുള്ള ആശുപത്രിയിൽ ബിജീഷിനെ എത്തിച്ച് തിരികെ കൊണ്ടുവരുകയാണ് ട്രൈബൽവകുപ്പ് ചെയ്യുന്ന ഏക സഹായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.