ബൈക്കിലെത്തി തലക്കടിച്ച് മാല കവരല്‍; മൂന്നുപേര്‍ പിടിയില്‍

കൊച്ചി: മോഷ്ടിച്ച ബൈക്കുകളിൽ സഞ്ചരിച്ച്  പ്രായമായ സ്ത്രീകളുടെ തലക്കടിച്ച് മാല കവരുന്ന സംഘത്തിലെ മൂന്നുപേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
വെണ്ണല ചളിക്കവട്ടം ചേവേലിപ്പറമ്പ് അരുംപൂരി സിബി (31), പള്ളുരുത്തി എസ്.ഡി. പി.വൈ റോഡിലെ വെളിപ്പറമ്പിൽ നവാസ് (29), തൃപ്പൂണിത്തുറ എരൂ൪ ലേബ൪ കോളനിയിലെ വെട്ടുവേലിൽ സുരേഷ് (39) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് നാല് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ഇവ൪ നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നായി നാലു സ്ത്രീകളുടെ ആറു പവൻ മാല മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. പരാതിക്കാരായ നാലു സ്ത്രീകളും സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു.
സിബിയും നവാസും ചേ൪ന്നാണ് മാല പൊട്ടിക്കുന്നത്. സുരേഷ് ജ്വല്ലറികളിൽ എത്തിച്ച് വിൽക്കും. ഇവരുടെ സംഘത്തിൽ  രണ്ടുപേ൪ കൂടി ഉള്ളതായി പൊലീസ് പറഞ്ഞു. ഇടപ്പള്ളി ഒബ്റോൺ മാളിന് സമീപത്തുനിന്ന് പ്രതികൾ പിടിയിലാകുമ്പോൾ 12  ആംപ്യൂൾ മയക്കുമരുന്ന് കൈയിലുണ്ടായിരുന്നു. പ്രതികളുടെ ശരീരത്തിൽ സിറിഞ്ചു കുത്തിയിറക്കിയ പാടുകളുമുണ്ട്.
നേരത്തേ ഓട്ടോ ഓടിക്കുന്നതിനിടെയാണ് മൂവരും പരിചയത്തിലായത്. നവാസിൻെറ പേരിൽ പള്ളുരുത്തി, എറണാകുളം സെൻട്രൽ, നോ൪ത്ത്, സൗത് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്. എസ്.ഐ  വി. ഗോപകുമാറിൻെറ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.