പരിയാരത്ത് പാതിവെന്ത ശരീരങ്ങള്‍; ജീവനുവേണ്ടിയുള്ള തേങ്ങലുകള്‍

പയ്യന്നൂ൪: രാത്രി 12 മണിയോടെയാണ് ദുരന്തത്തിനിരയായവരുമായുള്ള ആദ്യ ആംബുലൻസ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. ആദ്യമെത്തിയത് ഒരു പിഞ്ചുകുട്ടിയടക്കം ഏഴുപേ൪. പിന്നീട് എട്ടുപേ൪കൂടി പരിയാരത്തെത്തി.
കത്തിക്കരിഞ്ഞ മനുഷ്യശരീരങ്ങളെയാണ് കാഷ്യാലിറ്റിയിലെത്തിച്ചത്. കത്തി വെന്ത ശരീരങ്ങളിൽനിന്ന് ജീവനുവേണ്ടിയുള്ള തേങ്ങൽ മാത്രം. കാഴ്ചകണ്ട ഡോക്ട൪മാ൪ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാ൪ പകച്ചുപോയി.
എ.കെ.ജി ആശുപത്രിയിൽനിന്ന് ജയിംസ് മാത്യു എം.എൽ.എ ഉൾപ്പെടെയുള്ളവരും ഉയ൪ന്ന ഉദ്യോഗസ്ഥരുമാണ് ദുരന്തത്തിനിരയായവരുമായി പരിയാരത്തേക്ക് കുതിക്കുന്ന വിവരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അറിയിച്ചിരുന്നത്. എന്നാൽ, ദുരന്തം ഇത്ര വലുതാണെന്നറിഞ്ഞത് രോഗികളെത്തിയ ശേഷമാണ്. ഓപറേഷൻ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ പ്രമുഖരായ 15ഓളം ഡോക്ട൪മാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും സജ്ജമാക്കി നി൪ത്തിയിരുന്നു. പ്രാഥമിക ചികിത്സക്കുവേണ്ടിയുള്ള സംവിധാനവും ഒരുക്കിയിരുന്നു.
അതുകൊണ്ടുതന്നെ ആശുപത്രിയിലെത്തിയ ഉടനെ വിദഗ്ധപരിചരണം ലഭ്യമാക്കാൻ മെഡിക്കൽ കോളജ് ആശുപത്രി അധികൃത൪ക്കായി. കൂടുതൽ ഹൗസ്സ൪ജന്മാരെയും മറ്റും രാത്രി വൈകിയും വിളിച്ചുവരുത്തി. എന്നാൽ, പരിയാരത്തെത്തിയ ദുരന്തത്തിനിരയായവരിൽ ഭൂരിഭാഗവും കൂടുതൽ ശതമാനം പൊള്ളലേറ്റവരാണ്. അതുകൊണ്ടുതന്നെ ചികിത്സ ലഭ്യമാക്കുമ്പോഴും എല്ലാവരിലും ആശങ്കയാണ്.
രോഗികളുമായി എത്തിയത് അപരിചിതരും നാട്ടുകാരുമായിരുന്നു. അതുകൊണ്ടുതന്നെ പേരുവിവരം പോലും അറിയാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഏറെ വൈകിയാണ് തിരിച്ചറിയാൻ സാധിക്കുന്നവ൪ എത്തിയത്. ഇതും വിരളം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.