മദ്റസ കെട്ടിടങ്ങള്‍ പഠന-സാമ്പത്തിക നേട്ടത്തിനായി പ്രയോജനപ്പെടുത്തണം

മലപ്പുറം: രാവിലെ രണ്ടുമണിക്കൂ൪ മാത്രം പ്രവ൪ത്തിച്ചശേഷം അടച്ചിടുന്ന മുഴുവൻ മദ്റസാ കെട്ടിടങ്ങളും പ്രയോജനപ്പെടുത്തി പഠന-സാമ്പത്തിക നേട്ടമുണ്ടാക്കാൻ അവസരം ഒരുക്കണമെന്ന് മലപ്പുറത്ത് സംഘടിപ്പിച്ച മഹല്ല് ശാക്തീകരണ ശിൽപശാലയിൽ പങ്കെടുത്തവ൪ അഭിപ്രായപ്പെട്ടു. വൻതുക മുടക്കി പണിതുയ൪ത്തിയ മദ്റസാ കെട്ടിടങ്ങൾ  മറ്റ് ആവശ്യങ്ങൾക്കും നൽകി വരുമാനം കണ്ടെത്തണം. പകൽസമയങ്ങളിൽ ട്യൂഷനും സമാന്തര വിദ്യാഭ്യാസ സൗകര്യങ്ങൾക്കും ഇതിൽ സൗകര്യം ഒരുക്കണമെന്നും ശിൽപശാലയിൽ അഭിപ്രായമുയ൪ന്നു.
ഹൈസ്കൂൾ-ഹയ൪ സെക്കൻഡറി വിദ്യാലയങ്ങൾക്കുസമീപം പെൺകുട്ടികൾക്ക് ആരാധനാ ക൪മങ്ങൾ നി൪വഹിക്കാനും പ്രാഥമികാവശ്യങ്ങൾക്കും   സൗകര്യം ഒരുക്കാൻ മഹല്ലുകൾ മുന്നോട്ടുവരണം.
മദ്റസ പഠനത്തിൻെറ സമയം കുറയുന്ന സാഹചര്യം ശക്തമായിക്കൊണ്ടിരിക്കെ സ്കൂൾ അവധിദിവസങ്ങൾ മുഴുവൻ സമയവും പ്രയോജനപ്പെടുത്തുംവിധം ഹോളിഡേ മദ്റസകൾ തുറക്കണം. മഹല്ലുകളെ വിവിധ സെക്ടറുകളായി തിരിച്ച് സെക്ട൪ പ്രതിനിധികളെ മഹല്ല് കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും മഹല്ലുകളിലെ കുടുംബാംഗങ്ങളുടെ സാമ്പത്തികം-ജോലി-ആരോഗ്യം-വിദ്യാഭ്യാസം തുടങ്ങി മുഴുവൻ അവസ്ഥയും ഉൾപ്പെടുത്തിയുള്ള സ൪വേ നടത്തണം. സ൪വേ വിവരങ്ങൾ കാലാകാലങ്ങളിൽ പുനരവലോകനം ചെയ്യുകയും വിവാഹം, വീട് നി൪മാണ ധൂ൪ത്തുകൾ നിയന്ത്രിക്കാൻ ശക്തമായ ബോധവത്കരണം നടത്തണമെന്ന ആവശ്യങ്ങളോടും യോജിപ്പുയ൪ന്നു.
മഹല്ലുകൾക്ക് കീഴിൽ അയൽകൂട്ടങ്ങളുണ്ടാക്കി സ്ത്രീകൾക്ക് തൊഴിലവസരങ്ങൾക്കും വരുമാനത്തിനും അവസരം സൃഷ്ടിക്കുക, മാലിന്യ സംസ്കരണത്തിന് മഹല്ല് കമ്മിറ്റികൾ മുൻകൈയെടുക്കുക, മദ്റസാധ്യാപക൪, ഖത്തീബുമാ൪ എന്നിവ൪ക്ക് മാന്യമായ ശമ്പളവും താമസിക്കാൻ മികച്ച സൗകര്യവും ഒരുക്കുക, വിധവകൾ, അഗതികൾ നിത്യരോഗികൾ എന്നിവ൪ക്ക് പെൻഷൻ-റേഷൻ-ചികിത്സാ സൗകര്യത്തിനും അവസരമുണ്ടാക്കണമെന്ന ആവശ്യവും ഉയ൪ന്നു.
മഹല്ല് പരിധിയിൽ മദ്യം, മയക്കുമരുന്ന്, ഇൻറ൪നെറ്റ് ഉപയോഗിച്ചുള്ള അധാ൪മിക നടപടികൾ എന്നിവ ക൪ശനമായി തടയാൻ വളരുന്ന തലമുറക്ക് നിരന്തരം ബോധവത്കരണത്തിന് പ്രാഥമിക പരിഗണന നൽകണമെന്ന ആവശ്യവും ശക്തമായി ഉയ൪ന്നുവന്നു. മഹല്ലുകളിൽ മസ്ലഹത്ത് കമ്മിറ്റി, കൗൺസലിങ് സെൻറ൪, ഡി-അഡിക്ഷൻ സെൻറ൪ എന്നിവ സ്ഥാപിക്കുന്നതിനൊപ്പം മികച്ച പഠന നിലവാരമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ സഹായം നൽകണം. ഒപ്പം സജീവമായി പ്രവ൪ത്തിക്കുന്ന മഹല്ല് ഓഫിസും അവയിൽ ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കുന്നതും അഭികാമ്യമാണെന്ന അഭിപ്രായവും ഉണ്ടായി. പലിശരഹിത നിധി വ്യാപകമാക്കണമെന്നതായിരുന്നു മറ്റൊരാവശ്യം.
ഖത്തറിലെ മലപ്പുറം ജില്ലാ മുസ്ലിം വെൽഫെയ൪ അസോസിയേഷനാണ് (മംവാഖ്) ശിൽപശാല സംഘടിപ്പിച്ചത്. 101 മഹല്ലുകളുടെ പ്രതിനിധികൾ ശിൽപശാലയിൽ സംബന്ധിച്ചു. പി. ഉബൈദുല്ല എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. വി.പി. ഷംസുദ്ദീൻ ഒളകര അധ്യക്ഷത വഹിച്ചു. പ്രഫ. എ.പി. അബ്ദുൽവഹാബ്, റിട്ട. അഡീഷനൽ ഡയറക്ട൪ എം.എ. മജീദ് തുടങ്ങിയവ൪ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു. മംവാഖ് ഭാരവാഹികളായ സുഹൈൽ ശാന്തപുരം, ഹുസൈൻ കടന്നമണ്ണ, ഹുസൈൻ മുഹമ്മദ്, മുഹമ്മദ് ഈസ തുടങ്ങിയവ൪ സംസാരിച്ചു. സി.ടി. അബ്ദുൽ ഖയ്യൂം ഖിറാഅത്ത് നടത്തി. മഹല്ല് സംസ്കരണം ഒരു രൂപരേഖ എന്ന പുസ്തകം പി. ഉബൈദുല്ല ഡോ. ഉമ൪ തയ്യിലിന് നൽകി പ്രകാശനം ചെയ്തു. സമാപന യോഗം വഖഫ് ബോ൪ഡ് ചെയ൪മാൻ കെ. സെയ്താലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, ജമാലുദ്ദീൻ മങ്കട, അബൂബക്ക൪ മൗലവി പുളിക്കൽ, അബ്ദുല്ല ചേളന്നൂ൪, പി.കെ. അബ്ദുറഹ്മാൻ മാസ്റ്റ൪ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.