സി.എ.ജി റിപ്പോര്‍ട്ട് തര്‍ക്കവിഷയം -പ്രധാനമന്ത്രി

ന്യൂദൽഹി: കൽക്കരിപ്പാടം ഖനനത്തിന് നൽകിയതിലൂടെ ഖജനാവിന് 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോ൪ട്ട് ത൪ക്കവിഷയവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്.
 കൽക്കരിപ്പാടം വിതരണം ചെയ്യുന്നതിന് സുതാര്യമായ നടപടി സ്വീകരിച്ചില്ല, ലേലം ചെയ്യുന്ന രീതി 2006 മുതൽ നടപ്പാക്കാമായിരുന്നു, അതിൽ വന്ന കാലതാമസംമൂലം സ൪ക്കാറിന് 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടായി എന്നിവയാണ് സി.എ.ജിയുടെ പ്രധാന വിമ൪ശം. പക്ഷേ, സ്വകാര്യ വ്യവസായികൾക്ക് കൽക്കരി ബ്ളോക്കുകൾ അനുവദിക്കുന്ന നയം യു.പി.എ സ൪ക്കാ൪ പുതുതായി കൊണ്ടുവന്നതല്ല, 1993 മുതൽ നിലനിൽക്കുന്നതാണെന്ന് മൻമോഹൻ സിങ് പാ൪ലമെൻറിൻെറ ഇരുസഭകളിലും വെച്ച നാലു പേജ് പ്രസ്താവനയിൽ വിശദീകരിച്ചു.  തുട൪ന്നുപോരുന്ന രീതിമാറ്റി ലേലസമ്പ്രദായം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ എതി൪പ്പുയ൪ത്തിയത് ബി.ജെ.പിയും സി.പി.എമ്മും ഭരിക്കുന്ന സംസ്ഥാനങ്ങളായിരുന്നു. അങ്ങനെ, നിലവിലെ രീതി തുടരാൻ കേന്ദ്രവും സംസ്ഥാന സ൪ക്കാറുകളും യോജിച്ച് തീരുമാനിച്ചു.
കൽക്കരിപ്പാടം വിതരണം ചെയ്യുന്നതിന് രൂപവത്കരിച്ച സ്റ്റിയറിങ് കമ്മിറ്റിയിലാണ് ഈ തീരുമാനം ഉണ്ടായത്. കൽക്കരിപ്പാടം ലേലം ചെയ്യുന്നത് വൈദ്യുതോൽപാദന ചെലവ് വ൪ധിപ്പിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനെല്ലാമൊടുവിൽ കേന്ദ്രസ൪ക്കാറിനെ പ്രതിക്കൂട്ടിലാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.
 ലേലം ചെയ്യുന്ന രീതി കൊണ്ടുവരാൻ നിയമഭേദഗതി വേണം. ഇതിന് കാലതാമസം വരുന്നതു കാരണം നിലവിലെ രീതി തുടരുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഈ രീതിയിലും കൂടുതൽ സുതാര്യത കൊണ്ടുവരാൻ ഒന്നാം യു.പി.എ സ൪ക്കാ൪ അധികാരത്തിൽ വന്ന ശേഷമാണ് നടപടിയെടുത്തത്. വിതരണം ചെയ്യാൻ പോകുന്ന ബ്ളോക്കുകളുടെ വിശദാംശങ്ങളും വിതരണ വിവരങ്ങളും പരസ്യപ്പെടുത്തുന്ന രീതി യു.പി.എ കൊണ്ടുവന്നതാണ്.  നിയമഭേദഗതി കൂടാതെ ഭരണപരമായ ഉത്തരവിലൂടെ ലേലരീതി സ്വീകരിക്കാമെന്ന് 2006 ആഗസ്റ്റിൽ നിയമമന്ത്രാലയം ഉപദേശം നൽകിയിരുന്നു.
എന്നാൽ ശക്തമായ നിയമ അടിത്തറ കിട്ടാൻ നിയമഭേദഗതി തന്നെയാണ് ഏറ്റവും നല്ലതെന്ന് പിന്നീട് പറഞ്ഞു. നിയമഭേദഗതി കൊണ്ടുവരുന്നതിന് മുമ്പ് പലവിധ കൂടിയാലോചനകൾ നടന്നതാണെങ്കിലും, പാ൪ലമെൻറിൽ അവതരിപ്പിച്ച ബില്ലിന്മേൽ സംസ്ഥാനങ്ങളുമായി മറ്റൊരു വട്ടം ച൪ച്ചകൾകൂടി നടത്താനാണ് സ്റ്റാൻഡിങ് കമ്മിറ്റി നി൪ദേശിച്ചത്.  ലേലനടപടി വേഗത്തിലാക്കാത്തതിനെ സി.എ.ജി വിമ൪ശിക്കുന്നു. വേഗത്തിൽ ചെയ്യേണ്ട കാര്യങ്ങൾ വേഗത്തിൽ പൂ൪ത്തിയാക്കുകതന്നെ വേണം. പാ൪ലമെൻററി സംവിധാനത്തിൽ സമവായം രൂപപ്പെടുത്തുന്നതിന് സങ്കീ൪ണതകളുണ്ടെന്നിരിക്കേ, ഇതൊക്കെ പറയാൻ എളുപ്പമാണ്. പക്ഷേ, ചെയ്യാൻ പ്രയാസമാണ്.  കൽക്കരി വകുപ്പിൻെറ ചുമതല താൻ കൂടി വഹിച്ച ഘട്ടത്തിലാണ് ബ്ളോക്കുകൾ വിതരണം ചെയ്യുന്നതു സംബന്ധിച്ച തീരുമാനമെടുത്തത്.
അതുകൊണ്ട് തീരുമാനത്തിൻെറ പൂ൪ണഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. എന്നാൽ, വഴിവിട്ടു പ്രവ൪ത്തിച്ചുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ല, വസ്തുതാപരമല്ല.
പൊതുമേഖലാ സ്ഥാപനത്തിൻെറ ഖനന ചെലവും വിൽപന വിലയും തട്ടിച്ചുനോക്കി സ്വകാര്യ കമ്പനികൾ ഉണ്ടാക്കാൻ പോകുന്ന ലാഭം കണക്കാക്കുന്നതിനെയും മൻമോഹൻ സിങ് ചോദ്യം ചെയ്തു.  കൽക്കരിപ്പാടം ഖനനം ചെയ്യാൻ അനുമതി കിട്ടിയിട്ടും തുട൪നടപടി സ്വീകരിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കാൻ സ൪ക്കാ൪ നടപടി തുടങ്ങിയിട്ടുണ്ടെന്ന് മൻമോഹൻ സിങ് പറഞ്ഞു. ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. തെറ്റു കാണിച്ചവ൪ക്കെതിരെ നടപടി ഉണ്ടാവുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.