ആലപ്പുഴ: ഒന്നരവ൪ഷം മുമ്പ് 40 കോടി ചെലവഴിച്ച് ടാറിങ് നടത്തിയ ജില്ലയിലെ ദേശീയപാത 47 തക൪ന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം വേണമെന്ന് കേന്ദ്ര ഊ൪ജസഹമന്ത്രി കെ.സി. വേണുഗോപാൽ. ജില്ലയിലെ ദേശീയപാതയുടെ ശോച്യാവസ്ഥ സംബന്ധിച്ച് കലക്ടറുടെ ചേംബറിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന് ചീഫ് എൻജിനീയ൪ മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം നി൪ദേശിച്ചു.
2010 ഡിസംബറിൽ ടാ൪ ചെയ്ത റോഡാണ് പൊളിഞ്ഞ് നാശമായത്. മൂന്നുകോടി അറ്റകുറ്റപ്പണിക്ക് അനുവദിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി റിപ്പോ൪ട്ട് നൽകണമെന്ന് മന്ത്രി ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മറ്റെവിടെയും ദേശീയപാത ഇത്രയും മോശമായ അവസ്ഥയിലായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൃഷ്ണപുരം മുതൽ ചേ൪ത്തല വരെ ദേശീയപാതയുടെ സ്ഥിതി അത്യന്തം ശോചനീയമാണ്. അടിയന്തരമായി കുഴികൾ അടക്കാൻ നടപടി സ്വീകരിക്കണം. ഏറ്റവും മോശമായ പ്രദേശങ്ങളെ ബ്ളാക് സ്പോട്ടായി മാ൪ക്ക് ചെയ്ത് പ്രത്യേക അറ്റകുറ്റപ്പണി നടത്താൻ റോഡ് സേഫ്റ്റി അതോറിറ്റിയിൽനിന്ന് പ്രത്യേകം ഫണ്ട് കണ്ടെത്താൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
റോഡിൻെറ മോശം അവസ്ഥമൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ദേശീയപാത ഉദ്യോഗസ്ഥ൪ക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് കലക്ട൪ പി. വേണുഗോപാൽ വ്യക്തമാക്കി. റോഡ് സുരക്ഷാ സമിതിയോഗം വിളിക്കുമെന്നും കലക്ട൪ മന്ത്രിയെ അറിയിച്ചു. ആലപ്പുഴ ഡിവിഷനിൽ ആകെയുള്ള 95 കി.മീറ്റ൪ ദേശീയപാതയിൽ 49 കിലോമീറ്റ൪ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെന്ന് എൻ.എച്ച് അധികൃത൪ യോഗത്തിൽ അറിയിച്ചു. കൃഷ്ണപുരം മുതൽ ഹരിപ്പാട് വരെ 18 കിലോമീറ്റ൪ പ്രവൃത്തികൾക്ക് കരാറായി. രണ്ടുമാസത്തിനകം പണി തുടങ്ങും.
ജില്ലയിലെ പ്രത്യേക പരിതസ്ഥിതി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിട്ട് അറിയിക്കുമെന്ന് മന്ത്രി കെ.സി. വേണുഗോപാൽ പറഞ്ഞു. യോഗതീരുമാനം സംസ്ഥാന സ൪ക്കാറിന് സമ൪പ്പിക്കണമെന്ന് ചീഫ് എൻജിനീയ൪ക്ക് നി൪ദേശം നൽകി.
യോഗത്തിൽ നാഷനൽ ഹൈവേ വിഭാഗം ചീഫ് എൻജിനീയ൪ ജെ.എസ്. ലീന, സൂപ്രണ്ടിങ് എൻജിനീയ൪ പി.കെ. രാജീവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.