പ്രതിഷേധങ്ങള്‍ക്കിടെ മനങ്ങനാട് കള്ള്ഷാപ്പ് ലേലം ചെയ്തു

കൊളത്തൂ൪: പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമിടെ  ചെമ്മലശ്ശേരി മനങ്ങനാട് കള്ള്ഷാപ്പ്  വീണ്ടും ലേലം ചെയ്തു. ഷാപ്പിന് ലൈസൻസ് പുതുക്കി നൽകില്ലെന്ന് അധികൃത൪ സമരസമിതി ഭാരവാഹികൾക്ക് വാക്ക് നൽകിയിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെ സമരം ശക്തമാക്കുമെന്ന് ജനകീയ സമരസമിതി അറിയിച്ചു. പ്രദേശ വാസികളുടെ  രൂക്ഷമായ എതി൪പ്പിനെ തുട൪ന്നാണ് പുലാമന്തോൾ പഞ്ചായത്തിലെ ടി.എസ് 48ാം നമ്പ൪ കള്ള്ഷാപ്പിന് ലൈസൻസ് പുതുക്കി നൽകില്ലെന്ന് ജില്ലാ കലക്ട൪ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ, പിൻവാതിലിലൂടെ കഴിഞ്ഞ ദിവസം ഷാപ്പിന് ലൈസൻസ് പുതുക്കി നൽകി. ഷാപ്പ് വീണ്ടും തുറന്നാൽ കള്ള് കൊണ്ടുവരുന്ന വാഹനങ്ങൾ തടയുന്നതുൾപ്പെടെ ശക്തമായ സമരം നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
പെരിന്തൽമണ്ണ എക്സൈസ് പരിധിയിലെ അഞ്ചാം ഗ്രൂപ്പിൽ ഉൾപ്പെട്ട കള്ളുഷാപ്പുകളോടൊപ്പമാണ് മനങ്ങനാട് കള്ളുഷാപ്പും ലേലം ചെയ്തത്. നേരത്തെ ഇവ ലേലത്തിന് ആളെത്താത്തതിനാൽ മാറ്റിവെക്കുകയായിരുന്നു. പരാതിയുള്ളതിനാൽ മനങ്ങനാട് ഷാപ്പ് ലേലത്തിൽ ഉൾപ്പെടുത്തില്ലെന്ന് എക്സൈസ് അധികൃതരും സമരസമിതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഉറപ്പുകളെല്ലാം ലംഘിച്ചാണ് ഷാപ്പ് ലേലം നടന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രതിനിധീകരിക്കുന്ന വാ൪ഡിലാണ് കള്ളുഷാപ്പ്. പ്രദേശത്ത് നിന്ന് ഷാപ്പ് മാറ്റണമെന്ന് ഗ്രാമസഭ പ്രമേയം വഴി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച പഞ്ചായത്ത് ഭരണസമിതി  ഷാപ്പ് മാറ്റാൻ തീരുമാനിക്കുകയും എക്സൈസ് വകുപ്പിന് നോട്ടീസ് നൽകുകയും ചെയ്തു.
എന്നാൽ, തുട൪ നടപടി ഉണ്ടായില്ല. സമരം ശക്തമായതോടെ ലൈസൻസ് കാലാവധി തീ൪ന്നാൽ പുതുക്കി നൽകരുതെന്ന് പഞ്ചായത്ത് അധികൃത൪ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതിനിടയിലാണ് പഴയ ഉടമകൾ സ്വാധീനം ഉപയോഗിച്ച് ലൈസൻസ് പുതുക്കി വാങ്ങുകയും ലേലം കൊള്ളുകയും ചെയ്തത്. പുതിയ സമരപരിപാടികൾക്ക് ഉടൻ രൂപം നൽകുമെന്ന് ജനകീയ സമരസമിതി കൺവീന൪ ജിനേഷ് മഠത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.