ഉത്തരമലബാര്‍ ജലോത്സവം; ഒരുക്കം പൂര്‍ത്തിയായി

ചെറുവത്തൂ൪: തേജസ്വിനിയുടെ ഓളപ്പരപ്പുകളിൽ ശരവേഗത്തിൽ പങ്കായമെറിഞ്ഞ് ഉത്തരമലബാറിൻെറ ജലരാജാക്കന്മാരാകാൻ വള്ളംകളി ടീമുകൾ മാറ്റുരക്കുന്ന ജലോത്സവം തിരുവോണ നാളിൽ നടക്കും. ഉച്ചക്ക് രണ്ടുമുതൽ നടക്കുന്ന ജലോത്സവത്തിൽ 25, 15, 9 ആൾ തുഴയും വള്ളംകളി മത്സരമാണ് പ്രധാനമായും നടക്കുക. ഒപ്പം, നിശ്ചലദൃശ്യങ്ങളും ചലനദൃശ്യങ്ങളും ജലഗാനമേള, കരിമരുന്ന് പ്രയോഗം എന്നിവയും നടക്കും. ജലോത്സവത്തിനുള്ള ഒരുക്കം പൂ൪ത്തിയായതായി സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
മുൻവ൪ഷത്തേക്കാൾ കൂടുതൽ ടീമുകൾ എല്ലാ ഇനങ്ങളിലും മത്സരിക്കാനായി രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. മത്സര വിജയികൾക്കുള്ള സമ്മാനത്തുകയും ഈ വ൪ഷം വ൪ധിപ്പിച്ചിട്ടുണ്ട്. 25 ആൾ തുഴയും മത്സരത്തിൽ 20,000, 15,000 രൂപ ആദ്യ രണ്ട് സ്ഥാനക്കാ൪ക്കും 5000 രൂപ പങ്കെടുക്കുന്ന ടീമുകൾക്ക് പ്രോത്സാഹനമായും നൽകും. 15 ആൾ തുഴയും മത്സരത്തിൽ 13,000, 10,000, പ്രോത്സാഹനമായി 4000, 9 ആൾ തുഴയും മത്സരത്തിൽ 9000, 6000, പ്രോത്സാഹനമായി 3000 രൂപയും നൽകും. നിശ്ചലദൃശ്യത്തിന് ആദ്യ രണ്ട് സ്ഥാനക്കാ൪ക്ക് 13,000, 10,000 രൂപയും പ്രോത്സാഹനമായി 6000 രൂപയും നൽകും.
സഫ്ദ൪ ഹാശ്മി അഴിത്തല, എ.കെ.ജി മയ്യിച്ച, വയൽക്കര ബോട്ട് ക്ളബ്, ന്യൂ ബ്രദേഴ്സ് മയ്യിച്ച, കാവുഞ്ചിറ കൃഷ്ണപിള്ള, എ.കെ.ജി മുഴക്കീൽ, ശ്രീനാരായണ അഴിത്തല, ന്യൂ ജോളി കുണ്ടുപടന്ന എന്നീ ടീമുകളാണ് ഈ വ൪ഷം ജലോത്സവത്തിൽ പ്രധാനമായും മാറ്റുരക്കുന്നവ. ടീമുകളെല്ലാം തേജസ്വിനി പുഴയിൽ തീവ്രമായ പരിശീലനം തുടങ്ങിക്കഴിഞ്ഞു.
പി. കരുണാകരൻ എം.പി വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പി.ബി. അബ്ദുറസാഖ്, എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവ൪ സംസാരിക്കും. തുട൪ന്ന് നടക്കുന്ന വള്ളംകളി മത്സരം ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ചെറുവത്തൂ൪ ഗ്രാമപഞ്ചായത്ത്, നീലേശ്വരം ബ്ളോക് പഞ്ചായത്ത്, നീലേശ്വരം നഗരസഭ എന്നിവ സംയുക്തമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.വാ൪ത്താസമ്മേളനത്തിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ, ടി.വി. ഗോവിന്ദൻ, ഡി.ടി.പി.സി സെക്രട്ടറി നാഗേഷ് തെരുവത്ത്, സി. കാ൪ത്യായനി, മുനമ്പത്ത് ഗോവിന്ദൻ, എം.പി. പത്മനാഭൻ, ടി.വി. കണ്ണൻ എന്നിവ൪ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.