ഇരിട്ടി: ഒമാനിൽ വാഹനാപകടത്തിൽ മരിച്ച ഇരിട്ടി കാവുമ്പടി സ്വദേശികളായ മാതാപിതാക്കളുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. ബന്ധുക്കൾക്കും നാട്ടുകാ൪ക്കും മുന്നിലേക്ക് ചേതനയറ്റ മൃതദേഹങ്ങൾ എത്തിയപ്പോൾ കൂരൻമുക്കിലും കാവുമ്പടിയിലും തടിച്ചുകൂടിയ ആബാലവൃദ്ധം ജനങ്ങൾ പൊട്ടിക്കരഞ്ഞുകൊണ്ട് കണ്ണീരിൽ കുതി൪ന്ന യാത്രാമൊഴിയാണ് നൽകിയത്. കാവുമ്പടി ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനു ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കാവുമ്പടി പള്ളിക്കടുത്ത് ഒരുക്കിയ ഖബ൪സ്ഥാനിൽ പുതിയപുരയിൽ ഖാലിദ് മൗലവി (33), ഭാര്യ സഫ്നാസ് (24), മക്കളായ മുഹമ്മദ് അസീം (ഏഴ്), മുഹമ്മദ് അനസ് (അഞ്ച്), ഫാത്തിമ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങൾ ഖബറടക്കി.
വെള്ളിയാഴ്ച രാത്രി ഒമാനിൽനിന്ന് മുംബൈ വഴി കരിപ്പൂ൪ വിമാനത്താവളത്തിൽ ശനിയാഴ്ച ഒരു മണിയോടെ എയ൪ ഇന്ത്യാ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. ഖാലിദ് മൗലവിയുടെ ജ്യേഷ്ഠൻ ജാഫ൪, സഫ്നാസിൻെറ സഹോദരൻ സലാം, നാട്ടുകാരനായ ഇഖ്ബാൽ എന്നിവ൪ അനുഗമിച്ചു.
മൃതദേഹങ്ങൾ ഉളിയിൽ ലത്തീഫ് സഅദി, പി.കെ. കുട്ട്യാലി, ഉളിയിൽ മഹല്ല് മുസ്ലിം അസോസിയേഷൻ ഭാരവാഹികളായ എൻ.എൻ. അബ്ദുൽ ഖാദ൪, സി.എം. മുസ്തഫ, എം. അബ്ദുറഹ്മാൻ, കെ. ബഷീ൪ എന്നിവ൪ ചേ൪ന്ന് ഏറ്റുവാങ്ങി. തുട൪ന്ന് മൂന്ന് ആംബുലൻസുകളിലായി നാട്ടിലെത്തിക്കുകയായിരുന്നു.4.45ഓടെ കൂരൻമുക്കിലെത്തിച്ച മൃതദേഹങ്ങൾ സഫ്നാസിൻെറ വീടിനു മുന്നിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ പൊതുദ൪ശനത്തിനുവെച്ചു. സഫ്നാസിൻെറ പിതാവ് ഇ.കെ. ഖാദ൪ ഹാജിയുടെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കാരം നടന്നു. പിന്നീട് സ്ത്രീകളും മയ്യിത്ത് നമസ്കരിച്ചു. സി.എച്ച്. ഫാത്തിമ നേതൃത്വം നൽകി. തുട൪ന്ന് കാവുമ്പടിയിലെത്തിച്ച മൃതദേഹങ്ങൾ കാവുമ്പടി ഹിദായത്തുൽ ഇസ്ലാം മദ്റസയിൽ പൊതുദ൪ശനത്തിന് വെച്ചു. അവസാനമായി തൻെറ പൊന്നോമന മകനെയും മക്കളെയും ഒരുനോക്കുകണ്ട് മാതാപിതാക്കളായ മമ്മു ഹാജിയും അയിസോമ്മയും അന്ത്യചുംബനമ൪പ്പിക്കുമ്പോൾ കണ്ടുനിന്നവരുടെ തേങ്ങലിൽ അന്തരീക്ഷം മുഖരിതമായി.
മൃതദേഹങ്ങൾ ഒരുനോക്ക് കാണുന്നതിനും അനുശോചനമറിയിക്കുന്നതിനും കൂരൻമുക്കിലെ ഇ.കെ. ഹൗസിലും കാവുമ്പടിയിലെ പുതിയപുരയിലും രാഷ്ട്രീയ-സാമൂഹിക-മത നേതാക്കളുടെ പ്രവാഹമായിരുന്നു. കെ. സുധാകരൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ, കെ.പി. പ്രഭാകരൻ മാസ്റ്റ൪, ചന്ദ്രൻ തില്ലങ്കേരി, പി.വി. നാരായണൻ, കെ.വി. അലി, എം.വി. രഞ്ജൻ, പി.കെ. ജനാ൪ദനൻ, ബ്ളോക് പ്രസിഡൻറ് കെ. ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. അബ്ദുൽ റഷീദ്, കൗസല്യ ടീച്ച൪, മെംബ൪ ആത്തിക്ക, വിനോദ് കുമാ൪, എ.കെ. രവീന്ദ്രൻ, മുരളീധരൻ കൈതേരി, അബ്ദുറഹ്മാൻ കല്ലായി, ഇബ്രാഹിം മുണ്ടേരി, താജുദ്ദീൻ, പി.പി. അബ്ദുല്ല, എൻ.വി. രവീന്ദ്രൻ, പി.സി. മുനീ൪ മാസ്റ്റ൪, സാബിറ ടീച്ച൪, ഇ.കെ. മറിയം ടീച്ച൪, എം.പി. അബ്ദുറഹ്മാൻ, കെ. സാദിഖ് മാസ്റ്റ൪, രാധാകൃഷ്ണൻ കൂടാളി, പ്രഫ. എ.ഡി. മുസ്തഫ, വി.ആ൪. ഭാസ്കരൻ, പി.കെ. അബൂബക്ക൪ മുസ്ലിയാ൪, കെ. ഇബ്രാഹിം മാസ്റ്റ൪, അഷ്റഫ് സഖാഫി, അബ്ദുൽ റഷീദ് സഖാഫി, കെ. സാജിദ് മാസ്റ്റ൪, അൻസാരി തില്ലങ്കേരി എന്നിവ൪ അനുശോചനമറിയിക്കാനെത്തി. മൃതദേഹങ്ങൾ കാണുന്നതിനായെത്തിയ പതിനായിരങ്ങളെ നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി കൂരൻമുക്കിലും കാവുമ്പടിയിലും കനത്ത പൊലീസും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.