കോഴിക്കോട്: വ്യാജ പാസ്പോ൪ട്ടടക്കം കൃത്രിമ രേഖകളുമായി ഗൾഫ് ബാങ്കിൻെറ പ്രതിനിധികൾ ഗൾഫ് മലയാളിയെ വേട്ടയാടുന്നു. കക്കോടി പാലത്ത് വാഴപ്പാറോൽ മജീദിനെയാണ് (43) ദുബൈയിലെ ബാ൪ക്ലൈസ്, എച്ച്.എസ്.ബി.സി ബാങ്കുകളുടെ പ്രതിനിധി ചമഞ്ഞ് തൃശൂ൪ സ്വദേശിയുടെ നേതൃത്വത്തിൽ പീഡിപ്പിക്കുന്നത്. ഗൾഫിലെ ബാങ്കിൽനിന്ന് ഇദ്ദേഹം വായ്പയെടുത്ത 10 ലക്ഷത്തോളം രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് പീഡനം. മജീദിൻെറ പാസ്പോ൪ട്ട് നമ്പറിനോട് സാമ്യമുള്ള നമ്പറും മറ്റൊരാളുടെ ഫോട്ടോയും പതിച്ചതാണ് ബാങ്ക് പ്രതിനിധിയുടെ കൈവശമുള്ള വായ്പാ രേഖകൾ.
ദുബൈ ജബൽ അലി ഫ്രീസോണിലെ ലാബ്രൽ എന൪ജി കമ്പനിയിൽ റിഗ്ഗറായ മജീദിൻെറ പ്രതിമാസ ശമ്പളം 1900 ദി൪ഹമാണ്. എന്നാൽ, ദുബൈയിലെ എച്ച്.എസ്.ബി.സി ബാങ്കിൽനിന്ന് ‘മജീദ്’ എന്നയാളുടെ പേരിലെടുത്ത വായ്പയിൽ കമ്പനിതന്നെ മാറിയിട്ടുണ്ട്. നാസി൪ നജീബ് ജനറൽ ട്രേഡിങ് എൽ.എൽ.സി കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടിവായ ‘മജീദി’ന് 9300 ദി൪ഹം പ്രതിമാസ ശമ്പളമുണ്ടെന്നാണ് ദുബൈ എച്ച്.എസ്.ബി.സി ബാങ്കിൻെറ പ്രതിനിധി ഹാജരാക്കിയ രേഖകളിലുള്ളത്. ബാങ്കിൻെറ കൈവശമുള്ള പാസ്പോ൪ട്ടിലെ നമ്പ൪, ജനനത്തീയതി, പാസ്പോ൪ട്ടിൽ മജീദിൻെറ ഒപ്പ്, വീട്ടുപേര് തുടങ്ങിയ വിവരങ്ങളും വ്യാജമാണ്.
ആറു വ൪ഷം മുമ്പാണ് മജീദ് ജോലി തേടി ഗൾഫിലെത്തിയത്. ദുബൈയിലെ ബാ൪ക്ലൈസ് ബാങ്കിൽനിന്നെടുത്ത വായ്പ ഉടൻ അടച്ചുതീ൪ക്കണമെന്നാവശ്യപ്പെട്ട്, നാലുവ൪ഷം മുമ്പ് മജീദ് നാട്ടിലില്ലാത്ത സമയം കേരളത്തിലെ പ്രതിനിധികൾ കക്കോടിയിലെ വീട്ടിലെത്തിയിരുന്നു. ബന്ധുക്കൾ നടക്കാവ് വണ്ടിപ്പേട്ടയിലുള്ള പ്രതിനിധിയുടെ ഓഫിസുമായി ബന്ധപ്പെട്ടു.
അവ൪ നൽകിയ രേഖയിൽ പാസ്പോ൪ട്ടിലെ ഫോട്ടോയും നമ്പറുമടക്കം വ്യാജമാണെന്ന് കണ്ടെത്തി. ഈ മാസം മൂന്നിന് മജീദ് നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ, തൃശൂരിലെ പ്രതിനിധിയുടെ ജീവനക്കാരനെന്ന പേരിൽ കോഴിക്കോട് തിരുവണ്ണൂ൪ സ്വദേശി വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മജീദും നാട്ടുകാരും ചേ൪ന്ന് ഇയാളെ പിടികൂടി കാക്കൂ൪ പൊലീസ്സ്റ്റേഷനിൽ എത്തിച്ചു. ഇയാളിൽനിന്ന് കണ്ടെടുത്ത രേഖകളിൽ മജീദിൻെറ പാസ്പോ൪ട്ടിൻെറ കോപ്പിയുണ്ട്. ഇത്തവണ ഫോട്ടോ മജീദിൻേറതുതന്നെയാണെങ്കിലും ഒപ്പ്, ജനനത്തീയതി, പാസ്പോ൪ട്ട് നമ്പ൪ തുടങ്ങിയവ വ്യാജമാണെന്ന് കണ്ടെത്തി.
ഗൾഫ് ബാങ്കിൻെറ കേരളത്തിലെ പ്രതിനിധിയെന്ന പേരിൽ തൃശൂ൪ വലപ്പാട് സ്വദേശി ആൻറണി സേവ്യ൪ മജീദിനെ പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
താൻ എവിടെനിന്നും വായ്പ എടുത്തിട്ടില്ലെന്നും പാസ്പോ൪ട്ടടക്കം വായ്പാരേഖകൾ വ്യാജമാണെന്നും ഇയാളെ ധരിപ്പിച്ചിട്ടും ഭീഷണിയും പീഡനവും തുടരുകയാണെന്ന് മജീദ് പറയുന്നു. ഇല്ലാത്ത വായ്പയുടെ പേരിൽ പീഡിപ്പിക്കുന്നവ൪ക്കെതിരെ നടപടി ആവശ്യപ്പെട്ട് മജീദ് ഉന്നത പൊലീസ് അധികൃത൪ക്കും നോ൪ക്ക ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪ക്കും പരാതി നൽകിയിട്ടുണ്ട്. ഗൾഫ് മലയാളികളുടെ വ്യാജ രേഖകൾ സമ൪പ്പിച്ച് ബാങ്കിൽനിന്ന് പണം തട്ടുന്ന ലോബി പിന്നിൽ പ്രവ൪ത്തിക്കുന്നതായി സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.