സി.പി.എമ്മില്‍ പ്രതിഷേധം പുകയുന്നു

കോഴിക്കോട്: യഥാസമയം ഗ്രാമസഭ വിളിച്ചുചേ൪ക്കാത്തതിനെ തുട൪ന്ന് കുരുവട്ടൂ൪ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കിയ സംഭവം സി.പി.എമ്മിന് തലവേദനയാകുന്നു. വീഴ്ച വരുത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവ൪ക്കെതിരെ പാ൪ട്ടി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവ൪ത്തക൪ രംഗത്തെത്തിയതാണ് സി.പി.എമ്മിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പാ൪ട്ടി അനുഭാവികളുടെ പേരിൽ ബോ൪ഡ് പ്രത്യക്ഷപ്പെട്ടു. ഒടുവിൽ നേതൃത്വം ഇടപെട്ട് ഇവ അഴിച്ചുമാറ്റുകയായിരുന്നു. കുരുവട്ടൂ൪, പയിമ്പ്ര, പുല്ലാളൂ൪ എന്നീ കേന്ദ്രങ്ങളിലാണ് ബോ൪ഡ് പ്രത്യക്ഷപ്പെട്ടത്. അധികാര വികേന്ദ്രീകരണം നടപ്പാക്കിയതിനുശേഷം ഇതാദ്യമായാണ് ഭരണ സമിതി അംഗങ്ങളെ ഒന്നടങ്കം അയോഗ്യരാക്കുന്നതെന്നും ഇക്കാര്യം ലഘൂകരിച്ച് കാണാനാവില്ലെന്നുമാണ് സി.പി.എമ്മിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഭരണത്തിന് നേതൃത്വം നൽകിയവ൪ പരിചയ സമ്പന്നരായിരുന്നുവെന്ന കാര്യവും ഇവ൪ എടുത്തുപറയുന്നു. മുമ്പും ഗ്രാമ പഞ്ചായത്ത് അംഗമെന്ന നിലയിൽ പ്രവ൪ത്തിച്ച് അനുഭവമുള്ളയാളാണ് ഇപ്പോഴത്തെ പ്രസിഡൻറ് മഞ്ജുള. വൈസ് പ്രസിഡൻറ് ടി. ശശിധരനാകട്ടെ സി.പി.എം കക്കോടി ഏരിയാ കമ്മിറ്റി അംഗമെന്ന നിലയിൽ മുൻ ഭരണ സമിതികളുടെ കാലത്ത് പാ൪ട്ടി സബ് കമ്മിറ്റി കൺവീനറായി വ൪ഷങ്ങളോളം പ്രവ൪ത്തിച്ചയാളുമാണ്. പരിചയ സമ്പന്നരായ അംഗങ്ങൾ വേറെയുമുണ്ടായിരിക്കെ ഗ്രാമസഭ നടത്തിപ്പിൽ വന്ന വീഴ്ച ഒരു കാരണവശാലയും ന്യായീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇവ൪. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൻെറ ഘട്ടത്തിലും കുരുവട്ടൂരിൽ സി.പി.എമ്മിനകത്ത് എതിരഭിപ്രായം ശക്തമായിരുന്നു. പ്രദേശത്തെ പ്രധാന വനിതാ നേതാവിനെ തഴഞ്ഞ് ലോക്കൽ സെക്രട്ടറിയുടെ ഭാര്യയെ പ്രസിഡൻറാക്കാൻ തീരുമാനിച്ചതും ഇവരെ ജനറൽ വാ൪ഡിൽ മത്സരിപ്പിച്ചതുമായിരുന്നു അന്നത്തെ വിവാദത്തിനടിസ്ഥാനം. ഭരണ സമിതി അയോഗ്യമാക്കപ്പെട്ടതിലൂടെ തങ്ങളുടെ വിമ൪ശം ശരിയാണെന്ന് തെളിഞ്ഞുവെന്നാണ് പാ൪ട്ടിയിലുള്ളവ൪ പറയുന്നത്.
ടി.പി. ചന്ദ്രശേഖരൻെറ കുടുംബത്തെ സഹായിക്കാൻ ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ട് കുരുവട്ടൂ൪ ലോക്കൽ കമ്മിറ്റി അംഗം എ. മുഹമ്മദ് സലീമിനെ പുറത്താക്കിയത് വിവാദത്തിനിടയാക്കിയതിന് പിന്നാലെയാണ് ഭരണ സമിതി അംഗങ്ങൾ അയോഗ്യരാക്കപ്പെട്ട നടപടിയുമുണ്ടായത്. അതേസമയം അംഗങ്ങളെ അയോഗ്യരാക്കിയതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് സി.പി.എം നേതൃത്വത്തിൻെറ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.