അവസരസമത്വ കമീഷന് സമയമെടുക്കും -കേന്ദ്രം

ന്യൂദൽഹി: സച്ചാ൪ സമിതി റിപ്പോ൪ട്ടിലെ ശിപാ൪ശപ്രകാരം അവസരസമത്വ കമീഷൻ രൂപവത്കരിക്കാൻ കൂടുതൽ സാവകാശം ആവശ്യമുണ്ടെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി സൽമാൻ ഖു൪ശിദ് ലോക്സഭയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെ അറിയിച്ചു. ഇതിനായി ഇനിയും കൂടിയാലോചനകൾ നടക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 അവസര സമത്വ കമീഷന്റെ സാധ്യതകളും അതിനുവേണ്ട കരട് ബില്ലും സ൪ക്കാ൪ നിയോഗിച്ച മാധവമേനോൻ സമിതി നൽകിയിരുന്നു. അത് പിന്നീട് മന്ത്രിതല സമിതി പരിഗണിച്ച് ഏതാനും ശിപാ൪ശകൾ മുന്നോട്ടുവെച്ചു. അധികാരപരിധി അടക്കമുള്ളതാണ് ഈ നി൪ദേശങ്ങൾ. അതുകൂടി ഉൾപ്പെടുത്തി അവസരസമത്വ കമീഷൻ ബിൽ -2011 തയാറാക്കിയിട്ടുണ്ട്. അത് പരിശോധിച്ച് വിവിധ മന്ത്രാലയങ്ങൾ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇതേക്കുറിച്ചാണ് കൂടുതൽ കൂടിയാലോചനകൾ ആവശ്യമുള്ളതെന്ന്  ഖു൪ശിദ് അറിയിച്ചു.
 മലപ്പുറത്തെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേരള സ൪ക്കാ൪ ആവശ്യപ്പെട്ടിട്ടില്ലെന്ന് ന്യൂനപക്ഷ സഹമന്ത്രി വിൻസന്റ് എം. പാല ലോക്സഭയിൽ പി. കരുണാകരനെ അറിയിച്ചു. സച്ചാ൪ സമിതി റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾ പുന൪നി൪ണയിച്ചപ്പോൾ വയനാട് ഉൾപ്പെടുകയും മലപ്പുറം ഒഴിവാക്കപ്പെടുകയുമാണ് ഉണ്ടായത്.
 കേരളത്തിലെ ഭൗമശാസ്ത്ര പഠന കേന്ദ്രം ഏറ്റെടുക്കുന്നതു സംബന്ധിച്ച നി൪ദേശം കേന്ദ്രസ൪ക്കാറിന്റെ പരിഗണനയിലുണ്ടെന്ന്  അശ്വിനികുമാ൪  കെ.പി. ധനപാലനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
 ജില്ലാ സ൪ക്കാ൪ ആശുപത്രികളെ 50 വിദ്യാ൪ഥികളെ പഠിപ്പിക്കാവുന്ന മെഡിക്കൽ കോളജുകളുടെ തലത്തിലേക്ക് ഉയ൪ത്തണമെന്ന് എം.കെ. രാഘവൻ ലോക്സഭയിൽ ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ മാ൪ഗനി൪ദേശ പ്രകാരം 1000 രോഗിക്ക് ഒരു ഡോക്ട൪ എന്നതാണ് അനുപാതം. പക്ഷേ, ഇന്ത്യയിൽ 3,500 രോഗികൾക്ക് ഒരു ഡോക്ട൪ എന്നതാണ് നില. ഗ്രാമീണ ആരോഗ്യ മിഷന്റെ തുക ഉപയോഗിച്ച് ജില്ലാ ആശുപത്രികളിൽ സൗകര്യങ്ങൾ വ൪ധിപ്പിക്കുകയും മെഡിക്കൽ കോഴ്സ് ആരംഭിക്കുകയും ചെയ്യാവുന്നതേയുള്ളൂവെന്ന് രാഘവൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.