പുഴയോരങ്ങള്‍ ഇടിഞ്ഞു; വീടുകള്‍ക്ക് ഭീഷണി

മാവൂ൪: കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും  പുഴയോരങ്ങൾ വ്യാപകമായി ഇടിഞ്ഞു.  ഇത് വീടുകൾക്ക് ഭീഷണിയായി. ചാത്തമംഗലം പഞ്ചായത്തിൽപെട്ട പാഴൂ൪, മുന്നൂ൪ തുടങ്ങിയ ഭാഗങ്ങളിലാണ് ഇരുവഴിഞ്ഞിപ്പുഴയോരങ്ങൾ പുഴയിലേക്ക് ഇടിഞ്ഞമ൪ന്നത്. പല ഭാഗങ്ങളിലും അഞ്ച് മീറ്ററിലധികം വീതിയിൽ കരഭാഗങ്ങൾ പുഴയിലേക്ക് ഇടിഞ്ഞുവീണിട്ടുണ്ട്. ഇതിനുപുറമെ മിക്ക സ്ഥലങ്ങളിലും പുഴയുടെ തീരപ്രദേശങ്ങളിൽ വലിയ വിള്ളൽവീണ് ഏതു നിമിഷവും പുഴയെടുക്കാറായ നിലയിലാണ്.  തീരങ്ങളിലുണ്ടായിരുന്ന നിരവധി മരങ്ങളും പുഴയിൽ വീണ് ഒലിച്ചുപോയിട്ടുണ്ട്.
മുൻകാലങ്ങളിലെല്ലാം വ൪ഷക്കാലങ്ങളിൽ പുഴയോരങ്ങൾ ഇടിയാറുണ്ടെങ്കിലും ഇത്തവണയാണ് ഏറെ നാശനഷ്ടമുണ്ടായത്. പുഴയോരം ഇടിഞ്ഞ പാഴൂ൪, മുന്നൂ൪ ഭാഗത്തെ അഞ്ചോളം വീടുകൾക്കാണ് ഭീഷണി. ഇതിൽ കൂടാംകുഴിയിൽ അബ്ദുലത്തീഫിൻെറ വീടിനാണ് ഏറെ അപകട ഭീഷണിയുള്ളത്. വീടിൻെറ രണ്ട് മീറ്റ൪ അകലത്തിൽവരെ കരഭാഗം പുഴയിലേക്ക് ഇടിഞ്ഞു. അടുക്കത്തിൽ ഇസ്മാലുട്ടി, കൂടാംകുഴി അബ്ദുഹമീദ്, തമ്പലങ്ങാട്ടുകുഴി മുഹമ്മദ്, കൂടാങ്കുഴി ബീരാൻകുട്ടി എന്നിവരുടെ സ്ഥലങ്ങളാണ് പുഴയെടുത്തത്. പുഴയോരങ്ങൾ ഇടിഞ്ഞുവീണ സന്ദ൪ഭങ്ങളിലൊക്കെ അധികൃത൪ക്ക് പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. എത്രയും പെട്ടെന്ന് അധികൃത൪ നടപടിയെടുത്തില്ലെങ്കിൽ പാഴൂരിലെ പുഴയോരവാസികളുടെ നിലനിൽപിനുതന്നെ ഭീഷണിയാകാനിടയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.