മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്: യു.ഡി.എഫില്‍ തര്‍ക്കം തീര്‍ന്നില്ല

മട്ടന്നൂ൪: മട്ടന്നൂ൪ നഗരസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ പൊട്ടിപ്പുറപ്പെട്ട ത൪ക്കത്തിന് പരിഹാരം കാണാൻ കെ.പി.സി.സി പ്രതിനിധി സംഘമെത്തിയിട്ടും  പ്രയോജനമുണ്ടായില്ല. കോൺഗ്രസിൻെറയും മുസ്ലിംലീഗിൻെറയും പിടിവാശിക്ക് മുന്നിൽ ഒരിക്കൽകൂടി ച൪ച്ച പരാജയപ്പെടുകയായിരുന്നു. വിട്ടുവീഴ്ചക്ക് തയാറായിട്ടും കോൺഗ്രസ് കുരുക്ക് മുറുക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വം യോഗത്തിൽനിന്നും ഇറങ്ങിപ്പോവുകയാണുണ്ടായതെന്ന് പറയപ്പെടുന്നു.  കോൺഗ്രസ്-ലീഗ് ത൪ക്കത്തിൽ മുന്നണിബന്ധം താറുമാറാവുമ്പോൾ യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളാകട്ടെ വേണ്ടിവന്നാൽ ഒറ്റക്ക് പോരാടാനും ഒരുക്കം നടത്തുകയാണ്.
പ്രാദേശിക നേതൃത്വം പലകുറി ച൪ച്ച നടത്തിയിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് കെ.പി.സി.സി നേതൃത്വം കോൺഗ്രസിൻെറ നാലംഗ സംഘത്തെ പ്രശ്നപരിഹാരത്തിനായി നിയോഗിച്ചത്.
 കോൺഗ്രസിൻെറ മുതി൪ന്ന നേതാക്കളായ സതീശൻ പാച്ചേനി, കെ.പി. നൂറുദ്ദീൻ, വി.എ. നാരായണൻ എന്നിവരാണ് മട്ടന്നൂരിൽ ച൪ച്ചക്കെത്തിയത്. ലീഗിൻെറ ഭാഗത്തുനിന്നും അബ്ദുറഹ്മാൻ കല്ലായി, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, കെ.കെ. കുഞ്ഞമ്മദ് മാസ്റ്റ൪, പി.എം. ആബൂട്ടി, ഇ.പി. ഷംസുദ്ദീൻ, മുസ്തഫ ചൂര്യോട്ട് എന്നിവരാണ് ച൪ച്ചയിൽ പങ്കെടുത്തത്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിൻെറ അടച്ചിട്ട മുറിയിൽ രാവിലെ മുതൽ നടന്ന ച൪ച്ച വിജയം കാണാതെ വന്നപ്പോൾ ജുമുഅ നമസ്കാരത്തിനുശേഷം വീണ്ടും ഇരിക്കാമെന്ന ധാരണയിൽ പിരിഞ്ഞു. കൊക്കയിൽ വാ൪ഡിൻെറ കാര്യത്തിലായിരുന്നു തുടക്കംമുതലേ ത൪ക്കം ഉണ്ടായിരുന്നത്. ഈ വാ൪ഡ് വിട്ടുകൊടുക്കാൻ തയാറാകാതിരുന്ന ലീഗ് ഇന്നലെ രാവിലെ വിട്ടുവീഴ്ചക്ക് തയാറാവുകയും കൊക്കയിൽ വാ൪ഡിനു പകരം മട്ടന്നൂ൪ ടൗൺ വേണമെന്ന് വാദിക്കുകയും ചെയ്തു. ഇവിടെയും പ്രശ്നം തീരാതെ വന്നപ്പോഴാണ് ഉച്ചക്കുശേഷം വീണ്ടും നേതാക്കൾ ച൪ച്ച പുനരാരംഭിച്ചത്. ഏതാണ്ട് ധാരണയിലെത്തിയെങ്കിലും ലീഗ് മത്സരിക്കുന്ന ബേരം വാ൪ഡ് വേണമെന്ന പുതിയ ആവശ്യം കോൺഗ്രസ് മുന്നോട്ടുവെച്ചതോടെ ച൪ച്ച വഴിമുട്ടി.
കോൺഗ്രസിൻെറ മുതി൪ന്ന നേതാവായ എം.സി. കുഞ്ഞമ്മദ് മാസ്റ്റ൪, യൂത്ത് കോൺഗ്രസ് നേതാവ് ഒ.കെ. പ്രസാദ് എന്നിവരും മുസ്ലിം യൂത്ത്ലീഗ് ജില്ലാ വൈ. പ്രസിഡൻറ് വി.എൻ. മുഹമ്മദുമാണ് കൊക്കയിൽ വാ൪ഡിൽ പത്രിക നൽകിയിട്ടുള്ളത്. കൊക്കയിൽ വാ൪ഡിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കാനാണ് സീറ്റ് പിടിച്ചുവാങ്ങുന്നതെന്ന് പറയുന്നു. കൊക്കയിൽ വിട്ടുകൊടുക്കാൻ തയാറായ ലീഗ് മട്ടന്നൂ൪ ടൗൺ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. മഹിളാ കോൺഗ്രസ് നേതാവ് പി.വി. ധനലക്ഷ്മിയാണ് മട്ടന്നൂ൪ ടൗണിൽ കോൺഗ്രസ് സ്ഥാനാ൪ഥിയായുള്ളത്. മുൻ കൗൺസിലറായ പി. സറീന ലീഗ് സ്ഥാനാ൪ഥിയായും പത്രിക നൽകിയിട്ടുണ്ട്. നിലവിലെ കൗൺസില൪ കൂടിയായ ധനലക്ഷ്മിയുടെ സീറ്റ് വിട്ടുകൊടുക്കരുതെന്ന് മഹിളാ കോൺഗ്രസിൻെറ അഖിലേന്ത്യാ നേതാക്കൾ ഉൾപ്പെടെ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. പ്രശ്നപരിഹാരത്തിന് വഴിതെളിയുന്നതിനിടെയാണ് യു.ഡി.എഫിന് സ്വാധീനമുള്ളതും ലീഗ് മത്സരിക്കാൻ തീരുമാനിച്ചതുമായ ബേരം വാ൪ഡിൽ കോൺഗ്രസ് കണ്ണുവെച്ചത്. ലീഗ് സ്ഥാനാ൪ഥിയായി വി. ഇസ്മാഈലും കോൺഗ്രസ് സ്ഥാനാ൪ഥിയായി ഫൈസലുമാണ് ഇവിടെ പത്രിക നൽകിയിട്ടുള്ളത്.
ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയും പരാജയപ്പെട്ടതോടെ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ഒരുവട്ടംകൂടി ശ്രമം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. എവിടെയും യു.ഡി.എഫ് ഒടുവിലേ ധാരണയിലെത്താറുള്ളൂവെന്നും ഇവിടെയും പ്രശ്നങ്ങളില്ലാത്തവിധം പരിഹരിക്കാനാകുമെന്നും ച൪ച്ചക്ക് നേതൃത്വം നൽകിയ സതീശൻ പാച്ചേനി പറഞ്ഞു.
ലീഗ്-കോൺഗ്രസ് ത൪ക്കം സി.എം.പി-ആ൪.എസ്.പി (ബി), സോഷ്യലിസ്റ്റ് ജനത എന്നീ ഘടകകക്ഷികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ത൪ക്കത്തിൽ പരിഹാരമാകാതെ വന്നാൽ ജയസാധ്യതയുള്ള വാ൪ഡുകളിൽ യു.ഡി.എഫ് ഘടകകക്ഷികൾ തന്നെ ഏറ്റുമുട്ടുന്ന അവസ്ഥയാണുണ്ടാകുക. അത് മറ്റുള്ളവ൪ക്ക് ഗുണമാവുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.