ഹരിപ്പാട് മെഡിക്കല്‍ കോളജ് 2014ല്‍ -രമേശ് ചെന്നിത്തല

ഹരിപ്പാട്: നി൪ദിഷ്ട ഹരിപ്പാട് മെഡിക്കൽ കോളജ് 2014ൽ പ്രവ൪ത്തനം ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ദാരിദ്ര്യരേഖക്ക് താഴെയുള്ളവ൪ക്കും ഹരിപ്പാട് മണ്ഡലത്തിലുള്ളവ൪ക്കും ആശുപത്രിയിൽ രണ്ടുലക്ഷം രൂപയുടെ ചികിത്സാ  സൗജന്യം ലഭ്യമാക്കും. നവംബ൪ ഒന്നിന് വൈകുന്നേരം നാലിന് രാഷ്ട്രപതി ശിലാസ്ഥാപനം നി൪വഹിക്കും.   
സിയാൽ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സൂപ്പ൪ സ്പെഷ്യാലിറ്റി മെഡിക്കൽ കോളജ് ആശുപത്രിയുടെ പൂ൪ണനിയന്ത്രണം സ൪ക്കാറിനായിരിക്കും. അതേസമയം, താലൂക്കാശുപത്രിയിലെയും പ്രാഥമികാരോഗ്യകേന്ദ്രത്തിലെയും ചികിത്സാസൗകര്യം മെച്ചപ്പെടുത്തും. ഹരിപ്പാട് നിയോജക മണ്ഡലത്തിൻെറ സമഗ്രവികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളജ് വരുന്നതോടെ മറ്റ് സ൪ക്കാ൪ ആശുപത്രികൾ അവഗണിക്കപ്പെടുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മെഡിക്കൽ കോളജിനുള്ള പണം പൊതുജനങ്ങളിൽനിന്നും പ്രവാസികളിൽനിന്നും ഓഹരിയിലൂടെ കണ്ടെത്തും. ഒരു കോടിയുടെ ഓഹരി എടുക്കുന്നവ൪ക്ക് ചികിത്സയിൽ 25 ശതമാനം ഇളവും ഒരു മെഡിക്കൽ സീറ്റും നൽകും. റഫറൽ ആശുപത്രിയായിട്ടായിരിക്കും മെഡിക്കൽ കോളജ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. സ൪ക്കാറിൽനിന്ന് 26 ശതമാനവും സ്വകാര്യ മേഖലയിൽനിന്ന് 74 ശതമാനവും ഓഹരിയാണ് ആശുപത്രിയിൽ ഉള്ളത്.
ജില്ലയിലെ ആദ്യ അഗ്രോ പോളിടെക്നിക് ഹരിപ്പാട്ട് ആരംഭിക്കും. മണ്ഡലത്തിൽ ഏഴ് പാലങ്ങൾ നി൪മിക്കും. മുതുകുളത്ത് ട്രഷറി ആരംഭിക്കും. ഹരിപ്പാട് പ്രസ്ക്ളബിന് സ്ഥലം ലഭ്യമാക്കാൻ അടിയന്തര  നടപടി സ്വീകരിക്കും. വികസന രൂപരേഖ തയാറാക്കാൻ നോഡൽ ഓഫിസറെ നിയോഗിച്ചതായും എം. എൽ.എ പറഞ്ഞു.
നാറ്റ്പാക്കും കെ.എസ്.ഐ.ഡി.സിയും തയാറാക്കിയ റിപ്പോ൪ട്ടുകൾ ഉദ്യോഗസ്ഥ൪ എം.എൽ.എക്ക് കൈമാറി. ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹരിപ്പാട് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കലക്ട൪ പി. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി മേട്ടുതറ, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിൽ വൈസ് പ്രസിഡൻറ് ഡോ. വി.എൻ. രാജശേഖരൻ പിള്ള, കയ൪ തൊഴിലാളി ക്ഷേമനിധി ബോ൪ഡ് ചെയ൪മാൻ എ.കെ. രാജൻ,ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്,മുൻ എം.എൽ.എ അഡ്വ.ബി. ബാബുപ്രസാദ്, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജ൪ ടി.എ. കൃഷ്ണമൂ൪ത്തി, ആ൪.ഡി.ഒ നൂറുദ്ദീൻകുഞ്ഞ്, ഡോ.പത്മകുമാ൪, ശ്രീകാന്ത് കൃഷ്ണൻ, രാമകൃഷ്ണൻ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡൻറുമാ൪, ജനപ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.