പാലക്കാട്: സംസ്ഥാന യുവജന ക്ഷേമ ബോ൪ഡ് ബ്ളോക്ക്തലത്തിലെ രണ്ട് മികച്ച സന്നദ്ധ സംഘടനകൾക്ക് നൽകുന്ന സാമ്പത്തിക സഹായം കോൺഗ്രസ് സംഘടനകൾക്ക്. നടപടിക്രമങ്ങൾ പാലിക്കാതെയും രഹസ്യമായും സഹായം വിതരണം ചെയ്തതായി ആക്ഷേപമുയ൪ത്തിയിരിക്കുന്നത് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ തന്നെയാണ്.
ഇതിനെതിരെ യുവജനക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മി, ബോ൪ഡ് ചെയ൪മാൻ പ്രശാന്ത്, പാലക്കാട് ജില്ലാ കലക്ട൪ അലി അസ്ഗ൪ പാഷ എന്നിവ൪ക്കും വിവരാവകാശ നിയമപ്രകാരവും പരാതി നൽകിയിരിക്കുകയാണ് ഇവ൪.
ബ്ളോക്ക്തലത്തിൽ പ്രവ൪ത്തിക്കുന്ന രണ്ട് വീതം സംഘടനകൾക്കാണ് 20,000 രൂപ സഹായം നൽകുന്നത്. ഇതിന് ഒരു മാസം മുമ്പ് അപേക്ഷ ക്ഷണിക്കും. സംഘടനയുടെ പ്രവ൪ത്തന റിപ്പോ൪ട്ട്, ഓഡിറ്റ് റിപ്പോ൪ട്ട്, രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇടതുഭരണകാലത്തും ഈ നടപടിക്രമങ്ങൾ തെറ്റിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പാലക്കാട് നോ൪ത്ത് മണ്ഡലം പ്രസിഡൻറ് ബോബൻ മാട്ടുമന്ത ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ജില്ലയിലെ 13 ബ്ളോക്കുകളിലെ രണ്ട് വീതം സംഘടനകൾക്ക് കഴിഞ്ഞദിവസം ആദ്യഗഡുവായ 10,000 രൂപ വീതം പാലക്കാട്ട് വിതരണം ചെയ്തു.
അപേക്ഷ ക്ഷണിക്കുന്നതിന് പകരം തിരുവനന്തപുരത്ത്നിന്ന് നിശ്ചയിച്ച പട്ടികയിൽ പറയുന്ന സംഘടനകളെ ജില്ലാ പ്രോഗ്രാം ഓഫിസിൽനിന്ന് ഫോൺ വഴി അറിയിക്കുകയും ഭാരവാഹികൾ ചെന്ന് അപേക്ഷാഫോറം നൽകുകയുമായിരുന്നുവെന്ന് ബോബൻ ആരോപിച്ചു. സമയമില്ലാത്തതതിനാൽ നേരിട്ട് തിരുവനന്തപുരത്ത് ചെന്ന് അപേക്ഷയും രേഖകളും സമ൪പ്പിക്കാനായിരുന്നു നി൪ദേശം. ഈ സംഘടനകളിൽ ഏറെക്കുറെ എല്ലാം കോൺഗ്രസ് അനുഭാവമുള്ളതാണ്. തങ്ങൾക്ക് കിട്ടിയ നി൪ദേശം അനുസരിച്ച് പ്രവ൪ത്തിച്ചെന്നാണ് ജില്ലാ പ്രോഗ്രാം ഓഫിസ൪ ശ്രീലേഖ മറുപടി നൽകിയതെന്നും ബോബൻ പറഞ്ഞു.
നടപടിക്രമങ്ങൾ പാലിച്ചെന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരിക്കുന്നത്. ചില൪ക്ക് മാത്രം സഹായം നൽകിയ നടപടി റദ്ദാക്കണമെന്നും നോ൪ത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം നിയോജകമണ്ഡലം പ്രസിഡൻറ് എം. മോഹൻബാബു ഉദ്ഘാടനം ചെയ്തു. ബി. സുധാകരൻ, ആഷിക് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.