തളിപ്പറമ്പ്: ഡിസംബറിൽ കമീഷൻ ചെയ്യാൻ തീരുമാനിച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ആടിക്കുംപാറ ടാങ്കിലെ ലക്ഷങ്ങൾ വിലമതിക്കുന്ന അനുബന്ധ ഉപകരണങ്ങൾ തക൪ത്ത സംഭവത്തിൽ അന്വേഷണം മന്ദഗതിയിൽ. ആഗസ്റ്റ് നാലിനാണ് ആടിക്കുംപാറ ടാങ്കിൻെറ പ്ളാൻറിനുള്ളിൽ സ്ഥാപിച്ച കമ്പ്യൂട്ട൪ നിയന്ത്രിത സ്കാഡ ടെലിമെട്രി ഇൻസ്ട്രുമെൻേറഷൻ, ക്ളോറിനേഷൻ പാനൽ എന്നിവ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അരക്കോടിയോളം രൂപ നഷ്ടം വന്നതായി അന്ന് അധികൃത൪ സൂചിപ്പിച്ചിരുന്നു. കരാ൪ ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഐ.വി.ആ൪.സി.എൽ കമ്പനി തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ 2.40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സൂചിപ്പിച്ചത്. വാതിലുകൾ, പെയിൻറിങ്, വയറിങ് മുതലായവ സശിപ്പിച്ചത് മൂലമാണ് ഈ നഷ്ടം വന്നതെന്നാണ് ടാങ്ക് നി൪മാണ കരാ൪ ഏറ്റെടുത്ത ഐ.വി.ആ൪.സി.എൽ സ്ഥാപനത്തിൻെറ പരാതി.
അതേസമയം, പൈപ്പ് ശൃംഖലയുടെയും ജലവിതരണ യന്ത്രസംവിധാനങ്ങളുടെയും ചുമതലയുള്ള ബംഗളൂരുവിലെ എസ്.പി.എം.എൽ കമ്പനി, പ്രധാന ഉപകരണങ്ങൾ നശിപ്പിച്ച വകയിൽ 29.40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി 10ാം തീയതി നൽകിയ പരാതിയിൽ പറയുന്നു.
പി.ജയരാജനെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ടാണ് ഉപകരണങ്ങൾ നശിപ്പിച്ചതെന്ന് പ്രചാരണമുണ്ടെങ്കിലും ദിവസങ്ങൾക്കുമുമ്പ് അക്രമം നടന്നതായാണ് സൂചന. സംഭവം ശ്രദ്ധയിൽപെട്ടിട്ടും ആറു ദിവസത്തിനുശേഷമാണ് കമ്പനി അധികൃത൪ പരാതി നൽകിയതെന്നതും ആക്ഷേപത്തിനിടയാക്കുന്നു. കോടികളുടെ ഉപകരണങ്ങൾ സ്ഥാപിച്ച പ്ളാൻറ് പരിസരത്ത് സെക്യൂരിറ്റിക്കാരനെ നിയമിക്കാൻ ശ്രമിക്കാത്തതും ദുരൂഹത വ൪ധിപ്പിക്കുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കമീഷൻ പ്രഖ്യാപിച്ചിരിക്കെ ഇത്രയും വിലപിടിച്ചതും ലഭിക്കാൻ ഏറെ കാലതാമസമുള്ളതുമായ ഉപകരണം നഷ്ടപ്പെട്ടത് ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന അധികൃതരുടെ നടപടിയും കമീഷൻ നീട്ടിക്കൊണ്ടുപോകാനുള്ള ഏതെങ്കിലും ലോബിയുടെ നീക്കം ഇതിനു പിന്നിലുണ്ടോയെന്നും സംശയം ബലപ്പെടുന്നു.
സംഭവത്തിലെ കുറ്റവാളികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.