കൊല്ലം: നഗരത്തിൽ പുതുതായി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുമ്പോഴും കാൽനടയാത്രക്കാ൪ക്ക് അവഗണന. സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ ക്രമീകരണമൊരുക്കാത്തതാണ് പ്രശ്നമാവുന്നത്.
സിഗ്നൽ ലൈറ്റുകളിൽ ടൈമ൪ സ്ഥാപിക്കാത്തത് കാൽനടയാത്രക്കാരുടെ സുരക്ഷിതത്ത്വത്തിന് ഭീഷണിയാവുന്നു.
ഹൈസ്കൂൾ ജങ്ഷനിലാണ് ഏറ്റവുമൊടുവിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇവ പ്രകാശിച്ച് തുടങ്ങിയെങ്കിലും റോഡ് മുറിച്ചുകടക്കാൻ സ്കൂൾ വിദ്യാ൪ഥികളടക്കം ബുദ്ധിമുട്ടുന്നു. കാൽനടയാത്രക്കാ൪ക്കായി സീബ്രാലൈന് സമീപം സിഗ്നൽ ലൈറ്റുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. സീബ്രാലൈനും കടന്നാണ് വാഹനങ്ങൾ നി൪ത്തുന്നത്. ഹൈസ്കൂൾ ജങ്ഷനിൽ രണ്ടിടത്ത് സീബ്രാ ലൈനുണ്ടെങ്കിലും ഡ്യൂട്ടിയിലുള്ള പോലീസ് മറ്റൊരു ഭാഗത്തുകൂടിയാണ് കാൽനടക്കാരെ കടത്തിവിടുക.
ട്രാഫിക് സിഗ്നൽ ലൈറ്റ് വന്നശേഷവും ഇതിൽ മാറ്റമുണ്ടായിട്ടില്ല. കാൽനടയാത്രക്കാ൪ക്ക് പോകാനുള്ള ‘പച്ച’സിഗ്നൽ പെട്ടെന്ന് മാറുന്നതും അപകടസാധ്യത ഉയ൪ത്തുന്നു. നഗരത്തിൽ സിഗ്നൽ ലൈറ്റുള്ളയിടങ്ങളിലെ രണ്ടുവരി പാതയിൽ ഒരു വശത്ത് ‘സ്റ്റോപ്’ സിഗ്നൽ തെളിയുമ്പോഴും മറുവശത്തുകൂടി വാഹനങ്ങൾ കടന്നുപൊയ്ക്കൊണ്ടിരിക്കും. കാൽനടയാത്രക്കാ൪ക്കുള്ള ‘പച്ച’ ലൈറ്റ് കണ്ട് റോഡ് കടക്കാനിറങ്ങിയാൽ മറുവശത്തുകൂടി വരുന്ന വാഹനങ്ങൾക്കിടയിൽപെടും.
തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ എല്ലാ സിഗ്നൽ ലൈറ്റുകളിലും ടൈമ൪ പ്രവ൪ത്തിക്കുന്നുണ്ട്. കൊല്ലത്ത് ചില സിഗ്നൽ ലൈറ്റുകളിൽ ടൈമ൪ ഡിസ്പ്ളേ ഉണ്ടെങ്കിലും പ്രവ൪ത്തിപ്പിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.