കേണല്‍ ലാല്‍ സാക്ഷി; പൊലീസിന്‍െറ ഗോളില്‍ പട്ടാളം വീണു

കണ്ണൂ൪:   കോട്ടമൈതാനിയിൽ പൊലീസും പട്ടാളവും  ഏറ്റുമുട്ടി, ഒടുവിൽ പൊലീസിൻെറ തന്ത്രങ്ങൾക്കിടയിൽ പട്ടാളത്തിൻെറ ഉരുക്കു കോട്ടകൾ തക൪ന്നു. ലഫ്റ്റനൻറ് കേണൽ മോഹൻലാലിൻെറ സാന്നിധ്യത്തിലായിരുന്നു തോൽവി എന്നത് പട്ടാളത്തെ നിരാശയിലാഴ്ത്തി.
ലാത്തിയും തോക്കുമായൊന്നുമല്ല  ഏറ്റുമുട്ടൽ. 122 പ്രാദേശിക സേനയിൽ പരിശീലനത്തിനു വന്ന ലഫ്റ്റനൻറ് കേണൽ മോഹൻലാലിൻെറ പരിശീലന പരിപാടിയുടെ ഭാഗമായി നടത്തിയ ഫുട്ബാൾ മത്സരത്തിലായിരുന്നു പൊലീസും പട്ടാളവും കൊമ്പുകോ൪ത്തത്.  വീറും വാശിയും നിറഞ്ഞു നിന്ന മത്സരത്തിൽ ഒരു ഗോളിനാണ് പൊലീസുകാ൪ വിജയിച്ചത്.
  മോഹൻലാൽ ആ൪മി ടീമിനു വേണ്ടി കളിക്കുമെന്നറിയിച്ചിരുന്നെങ്കിലും അദ്ദേഹം  ഇറങ്ങിയില്ല.  കനത്ത മഴയെ തുട൪ന്ന് മൈതാനത്തിലാകെ ചളി നിറഞ്ഞിരുന്നു.  കളിക്കാ൪ കളിക്കിടെ തെന്നി വീഴുന്നുണ്ടായിരുന്നു. അപകടം പിണയേണ്ടെന്നു കരുതി മുതി൪ന്ന ഉദ്യോഗസ്ഥ൪ തന്നെ ലാലിനോട് കളിക്കാനിറങ്ങേണ്ടെന്ന് പറയുകയായിരുന്നു.
കളി തുടങ്ങി 15ാം മിനിറ്റിൽ പൊലീസിനു വേണ്ടി രാജേന്ദ്രനാണ് ഗോൾ നേടിയത്. പട്ടാളത്തിൻെറ ബാരക്കിൽ നുഴഞ്ഞു കയറിയ  രാജേന്ദ്രൻ വലം കാൽ കൊണ്ടു ഉതി൪ത്ത തക൪പ്പൻ ഷോട്ട്  പട്ടാളത്തിൻെറ വല കുലുക്കുകയായിരുന്നു.  ഗോൾ വീണതോടെ വാശി കയറിയ പട്ടാളക്കാ൪ പൊലീസ് പകുതിയിലേക്ക് ഇടക്കിടെ റെയ്ഡുകൾ നടത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല.   പ്രതിരോധിച്ചും ഇടക്കിടെ മുന്നേറ്റങ്ങൾ നടത്തിയും ലീഡ് വ൪ധിപ്പിക്കാൻ പൊലീസും ശ്രമിച്ചതോടെ മത്സരം രസകരമായി. കളിച്ചില്ലെങ്കിലും താൽക്കാലിക പവലിയനിൽ ഇരുന്ന മോഹൻലാൽ കളിക്കാരെ പ്രോത്സാഹിപ്പിച്ചു.
സേനാ കമാൻഡിങ് ഓഫിസ൪ കേണൽ ബി.എസ്. ബാലി, സെക്കൻറ് ഇൻ കമാൻഡൻറ് ലഫ്റ്റനൻറ് കേണൽ എഡ്വിൻ ഇ. രാജ്, മേജ൪ അയൂബ് ഖാൻ, സുബേദാ൪ മേജ൪ എച്ച്. വിജയൻ, മേജ൪ രവി എന്നിവരും മോഹൻലാലിനൊപ്പം മത്സരം കാണാനുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.