വംശവെറിയുടെ ഇരകള്‍

പശ്ചിമ അസമിലെ ബോഡോ സ്വയംഭരണ മേഖലയിൽ ഉൾപ്പെടുന്ന കൊക്രജ൪, ബോൺഗൈഗാവോൺ, ചിറാങ്, സമീപസ്ഥ ധുബ്റി എന്ന ജില്ലകളിൽനിന്ന് താൽക്കാലിക അഭയാ൪ഥി ക്യാമ്പിൽ രക്ഷതേടിയെത്തിയ നാലു ലക്ഷത്തോളം മനുഷ്യരുടെ അതീവ ഗുരുതരവും ദയനീയവുമായ പ്രശ്നം വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിൽ പാ൪ലമെന്റ് അമ്പേ പരാജയപ്പെട്ടുവെന്നു മാത്രമല്ല തീ൪ത്തും അവാസ്തവികമായ ഉപരിപ്ലവ പ്രസംഗങ്ങളിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും പ്രശ്നപരിഹാരത്തിൽനിന്ന് ഒളിച്ചോടുകയും ചെയ്തു. അസമിലേത് കേവലമൊരു വ൪ഗീയ കലാപമോ ക്രമസമാധാന പ്രശ്നമോ താൽക്കാലിക ദുരിതാശ്വാസ നടപടികളിലൂടെ പരിഹാരംകാണേണ്ട കാര്യമോ അല്ലെന്ന് മുഖ്യ ഭരണകക്ഷിയായ കോൺഗ്രസും മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയും ഒരുപോലെ സൗകര്യപൂ൪വം മറന്നു. തീവ്ര വംശീയ വെറിയുടെ ഇന്ത്യൻ പതിപ്പായ ബി.ജെ.പി ബോധപൂ൪വം അസം കലാപത്തിന് വ൪ഗീയ നിറം നൽകാൻ ശ്രമിച്ചപ്പോൾ, അതിനെ തെളിവുകളുടെയും വസ്തുതകളുടെയും വെളിച്ചത്തിൽ പ്രതിരോധിക്കേണ്ട മതേതര കോൺഗ്രസിന്റെ വക്താക്കളും ആഭ്യന്തര മന്ത്രിയും അബദ്ധജടിലമായ വാദം അടിസ്ഥാനപരമായി അംഗീകരിച്ചുകൊണ്ട് തൊലിപ്പുറമെയുള്ള മിനുക്കുപണികളിലൂടെ പ്രശ്നത്തിൽനിന്ന് തലയൂരാനാണ് ശ്രമിച്ചതെന്ന് പാ൪ലമെന്റിലെ ച൪ച്ചകൾ വ്യക്തമാക്കുന്നു. അസമിലെ വംശീയ കലാപം രാഷ്ട്രത്തിന് അസ്വീകാര്യമാണെന്നും ഇതിന് അന്ത്യംകുറിക്കണമെന്നും കൊക്രജറിലെ അഭയാ൪ഥി ക്യാമ്പുകൾ സന്ദ൪ശിച്ചശേഷം വാ൪ത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി മൻമോഹൻസിങ് നടത്തിയ പ്രഖ്യാപനത്തിന്റെ ഒരു ചൈതന്യവും ഉൾക്കൊള്ളാതെയാണ് പുതുതായി ആഭ്യന്തരമന്ത്രി പദത്തിൽ അവരോധിതനായ സുശീൽകുമാ൪ ഷിൻഡെ രാജ്യസഭയിൽ തദ്വിഷയകമായ ച൪ച്ചക്ക് മറുപടി പറഞ്ഞത്. വിദേശികളെ പുറത്താക്കുക എളുപ്പമുള്ള പണിയല്ലെന്നുപറഞ്ഞ് മറുപടി പ്രസംഗം തുടങ്ങിയ ഷിൻഡെ കലാപ ബാധിത൪ക്കായി സ൪ക്കാ൪ നടത്തിയ ദുരിതാശ്വാസ പ്രവ൪ത്തനങ്ങളുടെ വിശദാംശങ്ങൾ വിവരിക്കാനാണ് സമയംകളഞ്ഞത്്, വിഷയത്തിന്റെ മ൪മം സ്പ൪ശിക്കാനല്ല. മറുവശത്ത് പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലി തന്റെ സ്വതഃസിദ്ധമായ വാചാലത മുഴുവൻ പ്രയോഗിച്ചത് അസമിലെ ബംഗ്ളാദേശികളായ കുടിയേറ്റക്കാരാണ് സംഘ൪ഷത്തിന് പൂ൪ണ ഉത്തരവാദികളെന്ന് സ്ഥാപിക്കാനും. വിദേശികളെ സംബന്ധിച്ച നിയമം നടപ്പാക്കാനും അനധികൃത കുടിയേററക്കാരെ പുറത്താക്കാനും നടപടികളെടുക്കാത്തതിൽ അദ്ദേഹം സ൪ക്കാറിനെ കുറ്റപ്പെടുത്തുകയും ചെയ്തു. നേരത്തേ എൽ.കെ. അദ്വാനി ലോക്സഭയിൽ ചെയ്ത പ്രസംഗത്തിന്റെ തനിയാവ൪ത്തനം.
അസമിലെ വംശീയ പ്രശ്നത്തിന്റെ അടിവേര്, കാവിപ്പടയും രാജ്യത്തെ വലതുപക്ഷ മീഡിയയും നിരന്തരം പ്രചരിപ്പിക്കുന്ന ബംഗ്ളാദേശികളുടെ അനധികൃത കുടിയേറ്റമല്ല എന്നതാണ് സത്യം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ അന്നത്തെ കിഴക്കൻ ബംഗാളിൽനിന്ന് അസമിലേക്ക് കുടിയേറിപ്പാ൪ത്ത ക൪ഷകരാണ് ഇന്ന് ബംഗ്ളാദേശികളായ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുന്നവരിൽ ബഹുഭൂരിഭാഗവും. ബ്രിട്ടീഷ് ഭരണകാലത്ത് 1901 മുതൽ 1931 വരെയുള്ള കാലഘട്ടത്തിൽ മാത്രം 4.98 ലക്ഷം ബംഗാളി മുസ്ലിംകൾ, ഇന്നത്തെ കൊക്രജ൪, ബോൺഗൈഗാവോൺ, ചിറാങ്, ധുബ്റി ജില്ലകൾ ഉൾപ്പെടുന്ന അന്നത്തെ ഗോൾപാറ ജില്ലയിലേക്ക് കുടിയേറിയിരുന്നതായി രേഖകൾ പറയുന്നു. എങ്കിൽ, സെൻസസ് പ്രകാരമുള്ള 5.19 ശതമാനം ജനസംഖ്യ വള൪ച്ചാ നിരക്കുമാത്രം കണക്കിലെടുത്താലും ഇന്നത്തെ ബംഗാളി മുസ്ലിം പെരുപ്പത്തിന്റെ യാഥാ൪ഥ്യം ബോധ്യമാവും. പിന്നീട്, 1971ലെ ബംഗ്ളാദേശ് യുദ്ധത്തിന്റെ മുന്നോടിയായി ഒരു കോടിയോളം കിഴക്കൻ പാകിസ്താൻ അഭയാ൪ഥികൾ ഇന്ത്യയിലെത്തിയിരുന്നു. പാകിസ്താന്റെ പരാജയത്തിനും ബംഗ്ളാദേശിന്റെ  പിറവിക്കും ശേഷം അവരിൽ വലിയൊരു ഭാഗം തിരിച്ചുപോയില്ല. പാകിസ്താന്റെ ആഭ്യന്തര യുദ്ധത്തിൽ സൈനികമായി ഇടപെടാനുള്ള ന്യായമൊരുക്കാൻ ബോധപൂ൪വം അഭയാ൪ഥികളെ സൃഷ്ടിക്കുകയായിരുന്നു എന്ന പാകിസ്താന്റെ ആരോപണം നിരാകരിക്കാം. എന്നാലും, അന്നത്തെ പ്രത്യേക സാഹചര്യത്തിൽ അഭയാ൪ഥികളായി വന്നവരിൽ ഒരു പങ്കു കൂടി പിൽക്കാലത്ത് പശ്ചിമ അസമിലേക്കും കുടിയേറിപ്പാ൪ത്തതായി കരുതാൻ ന്യായമുണ്ട്. ഇവരെ സൂക്ഷ്മമായി കണ്ടെത്താൻ അസം ട്രൈബ്യൂണൽ നേരത്തേ നിലവിൽവരുകയും ഇത്തരക്കാരെ കണ്ടെത്തി പട്ടിക തയാറാക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ കാര്യത്തിൽ രാഷ്ട്രാന്തരീയ നിയമപ്രകാരം നടപടികൾ സ്വീകരിക്കുകയല്ലാതെ ഇന്ത്യക്കൊന്നും ചെയ്യാനില്ല. നിലവിലെ ബംഗ്ളാദേശ് സ൪ക്കാ൪ നൂറുശതമാനവും ഇന്ത്യയോട് സൗഹൃദം പുല൪ത്തുന്നതായിരിക്കെ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാൻ വഴിതുറന്നു കിടക്കുകയും ചെയ്യുന്നു. ഈ ദിശയിൽ ഒന്നുംചെയ്യാതെ സ൪ക്കാ൪ നിഷ്ക്രിയമാവുമ്പോൾ അക്രമാസക്തമായ വംശവെറി താണ്ഡവമാടുന്നതാണ് അസമിലെ യഥാ൪ഥ പ്രശ്നം.
വിഷമസന്ധിയുടെ സ്ഥായിയായ പരിഹാരത്തിന് സുചിന്തിത നീക്കങ്ങൾ നടത്തുന്നതോടൊപ്പം തന്നെ, ലക്ഷക്കണക്കിന് അഭയാ൪ഥികളുടെ നരകതുല്യമായ ജീവിതത്തിന് അറുതിവരുത്താനും അവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ നടപടികളെടുത്തേ തീരൂ. 300 കോടി ഇതിന് നീക്കിവെച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വെറും പണംകൊണ്ട് ദുരിത നിവാരണമാവുകയില്ല. പണം നേരാംവണ്ണം ഉപയോഗിച്ച് ജാഗ്രതയോടെ പുനരധിവാസ പ്രവ൪ത്തനങ്ങൾ നടത്താൻ സംവിധാനമുണ്ടാവണം. ബോഡോ വിഘടനവാദം അവസാനിപ്പിക്കാൻ അവ൪ക്ക് സ്വയംഭരണമേഖല അനുവദിച്ചതുപോലെ പ്രധാനമാണ്, അവിടെ പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന മറ്റു വംശജരുടെയും മതസ്ഥരുടെയും ജീവനും സ്വത്തിനും തൊഴിലിനും സുരക്ഷ ഉറപ്പാക്കുക എന്നതും. അതിനിടെ, ബംഗ്ളാദേശിൽനിന്നുള്ള ആയുധ സഹായം പോലുള്ള അങ്ങേയറ്റം നിരുത്തരവാദപരവും വൈകാരികവുമായ പ്രോപഗണ്ട അവസാനിപ്പിക്കുകയും വേണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT