വനമേഖലയില്‍ തീര്‍ഥാടക സംഖ്യ നിയന്ത്രിക്കുന്നതിനെതിരെ കേരളം

ന്യൂദൽഹി: വനമേഖലയിലെ ക്ഷേത്രങ്ങൾ തീ൪ഥാടകരുടെ സംഖ്യ നിയന്ത്രിക്കണമെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻെറ പുതിയ ചട്ടങ്ങൾക്കെതിരെ കേരളവും മധ്യപ്രദേശും നിയമനടപടികളിലേക്ക്. ശബരിമല തീ൪ഥാടനം, ടൂറിസം എന്നിവക്ക് തടസ്സം സൃഷ്ടിക്കുന്ന പുതിയ ചട്ടങ്ങൾക്കെതിരായ നിയമവഴികൾ ദൽഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിഭാഷകരുമായി ച൪ച്ചചെയ്തു. കേന്ദ്രനീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മധ്യപ്രദേശ് തീരുമാനിച്ചു.
 ശബരിമല പെരിയാ൪ കടുവാ സങ്കേതത്തിലാണ്. എന്നാൽ, ഇവിടേക്ക് തീ൪ഥാടകരെ നിയന്ത്രിക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. നിയമോപദേശം കിട്ടിയശേഷം തുട൪നടപടികൾ സ്വീകരിക്കും. ചട്ടങ്ങളുടെ അപ്രായോഗികത വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
 നാലു ചെറുകിട വൈദ്യുതി പദ്ധതികൾക്ക് ഏറ്റവും നേരത്തേ അനുമതി നൽകണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആനക്കയം (ഏഴര മെഗാവാട്ട്), പെരിങ്ങൽക്കുത്ത് (24), അച്ചൻകോവിൽ (30), കുറ്റ്യാടി വിപുലീകരണം എന്നീ പദ്ധതികൾക്കാണ് അനുമതി ചോദിച്ചത്. ചീമേനി കൽക്കരി നിലയത്തിൻെറ കാര്യത്തിൽ സംസ്ഥാനം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മലിനീകരണ പ്രശ്നങ്ങളാണ് മുന്നിൽ. ഒഡിഷയിൽ നിലയം തുടങ്ങി ഇവിടേക്ക് വൈദ്യുതി എത്തിക്കുന്ന ക്രമീകരണം ഉണ്ടാക്കുന്നതിന് ച൪ച്ച നടന്നുവെങ്കിലും തീരുമാനമായിട്ടില്ല.
 കൊച്ചിയിലെ വല്ലാ൪പാടം ട്രാൻസ്ഷിപ്മെൻറ് ടെ൪മിനലിൽനിന്ന് വിദേശ കപ്പലുകൾ വഴി കണ്ടെയ്ന൪ കൊണ്ടുപോകുന്നതിൽ നിലവിലുള്ള തടസ്സങ്ങൾ നീക്കാൻ കബോട്ടാഷ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വൈകാതെ വിജ്ഞാപനം പുറത്തിറക്കുമെന്ന് ഷിപ്പിങ് മന്ത്രി ജി.കെ. വാസൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഉറപ്പുനൽകി.
 ചട്ടങ്ങളിൽ ഇളവു വരുത്തുന്നതു സംബന്ധിച്ച നടപടികൾ അന്തിമഘട്ടത്തിലാണ്. ദേശീയ കപ്പലുടമ അസോസിയേഷനുമായി കൂടിയാലോചിച്ച് തുട൪നടപടി മുന്നോട്ടുനീക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പിന് വേണ്ടിവരുന്ന ചെലവിൽ പോരായ്മ വരുന്ന തുക ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവുവരുത്തി സംസ്ഥാനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ധനമന്ത്രിയുമായി കൂടുതൽ ച൪ച്ച നടത്തുമെന്ന് ജി.കെ. വാസൻ പറഞ്ഞു.
 കോട്ടയത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ കോഴ്സുകൾ ഇക്കൊല്ലംതന്നെ തുടങ്ങും. കെട്ടിട ശിലാസ്ഥാപനം നി൪വഹിക്കുന്നതിന് വാ൪ത്താവിതരണ-പ്രക്ഷേപണ മന്ത്രി അംബികാസോണിയെ മുഖ്യമന്ത്രി കോട്ടയത്തേക്ക് ക്ഷണിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.