കാഞ്ഞിരപ്പള്ളി: ഒരുവ൪ഷം മുമ്പ് കാഞ്ഞിരപ്പള്ളി ടൗണിന് സമീപം സ്ഥാപിച്ച ട്രാൻസ്ഫോ൪മറുകൾ തിങ്കളാഴ്ച കമീഷൻ ചെയ്യാൻ താലൂക്ക് ലീഗൽ സ൪വീസ് കോടതിയിൽ തീരുമാനം. കെ.എം.എ ജങ്ഷൻ, ടൗൺ മസ്ജിദ് ജങ്ഷൻ എന്നിവിടങ്ങളിലെ ട്രാൻസ്ഫോ൪മറുകളുടെ നി൪മാണം 2011 ജൂൺ അവസാനവാരം പൂ൪ത്തീകരിച്ചെങ്കിലും ബി.എസ്.എൻ.എൽ ലൈൻ കടന്നുപോകുന്നതിനാൽ ടെലികോം വകുപ്പിൻെറ എൻ.ഒ.സി ലഭിച്ചിരുന്നില്ല. ട്രാൻസ്ഫോ൪മറുകൾ കമീഷൻ ചെയ്യാൻ കഴിയാതെ വന്നതോടെ പി.യു.സി.എൽ ജില്ലാ ജനറൽ സെക്രട്ടറിയും പാരാ ലീഗൽ വളണ്ടിയറുമായ എച്ച്. അബ്ദുൽ അസീസ് 2012 മാ൪ച്ചിൽ അദാലത്ത് കോടതിയിൽ ഹരജി നൽകിയിരുന്നു.
അദാലത്ത് കോടതിയിൽ ഹാജരായ ബി.എസ്.എൻ.എൽ അധികൃത൪ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ കേബിൾ ലഭിക്കാനുണ്ടായ കാലതാമസമാണ് എൻ.ഒ.സി നൽകാൻ തടസ്സമായതെന്നും തമിഴ്നാട് സ൪ക്കിളിൽനിന്ന് കേബിളുകൾ ലഭിച്ചിട്ടുണ്ടെന്നും ജൂൺ 13ന് മുമ്പ് പണിപൂ൪ത്തീകരിച്ച് വൈദ്യുതിബോ൪ഡിന് എൻ.ഒ.സി നൽകുമെന്നും ഉറപ്പുനൽകിയിരുന്നു. ബി.എസ്.എൻ.എൽ ജനറൽ മാനേജ൪ക്കുവേണ്ടി സബ് ഡിവിഷനൽ ഓഫിസ൪ ജോസ് വ൪ഗീസ്, ജൂനിയ൪ ടെലികോം ഓഫിസ൪ മോബി തോമസ് എന്നിവരാണ് കോടതിയിൽ ഹാജരായത്.
എന്നാൽ, യഥാസമയം പണിപൂ൪ത്തീകരിച്ച് വൈദ്യുതിബോ൪ഡിന് എൻ.ഒ.സി നൽകാൻ തയാറാകാതെ വന്നതോടെ എച്ച്. അബ്ദുൽ അസീസ് കഴിഞ്ഞദിവസം കോടതിയലക്ഷ്യ ഹരജി നൽകി. ഇതോടെയാണ് കേബിൾ പണി പൂ൪ത്തിയാക്കി ടെലികോം വകുപ്പ് എൻ.ഒ.സി നൽകാൻ തയാറായത്. ട്രാൻസ്ഫോ൪മറുകൾ തിങ്കളാഴ്ച കമീഷൻ ചെയ്യുന്നതോടെ കാഞ്ഞിരപ്പള്ളി മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.