സൂചനാ ബോര്‍ഡുകളില്ല; ഭാരവാഹനങ്ങള്‍ തടയാനാകാതെ അധികൃതര്‍

കോട്ടയം: നഗരത്തിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏ൪പ്പെടുത്താൻ കഴിയാതെ അധികൃത൪. രാവിലെ എട്ടുമുതൽ 11 വരെയും വൈകുന്നേരം മൂന്ന് മുതൽ ആറുവരെയും ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് ക൪ശനമായി തടയാൻ രണ്ടുമാസംമുമ്പാണ് തീരുമാനിച്ചത്. എന്നാൽ, നഗരത്തിലേക്ക് പ്രവേശിക്കുന്ന വിവിധപാതകളിൽ സൂചനാബോ൪ഡുകളും ദിശാബോ൪ഡുകളും വേണ്ടത്ര സ്ഥാപിക്കാതെയാണ് നി൪ദേശം നടപ്പാക്കിയത്.
നിരോധം അറിയാതെ കടന്നെത്തുന്ന ഭാരവാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കും ഏറെയാണ്. വെള്ളിയാഴ്ച ഉച്ചക്ക് സി.എം.എസ് കോളജ് റോഡിൽനിന്ന് ബേക്ക൪ ജങ്ഷനിലേക്ക് ഭാരംകയറ്റിയെത്തിയ ലോറിയും കാറും കൂട്ടിയിടിച്ച് ഗതാഗതതടസ്സമുണ്ടായി.
പൊലീസിൻെറ സാന്നിധ്യത്തിലും അപ്രതീക്ഷിതമായി നഗരത്തിലേക്ക് കടന്നെത്തുന്ന ഭാരവാഹനങ്ങൾ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരാതി൪ത്തിയിൽ പ്രവേശിക്കുമ്പോൾ ഡ്രൈവ൪മാ൪ക്ക് കാണാൻ കഴിയുന്നതരത്തിൽ വലിയ ബോ൪ഡുകൾ ഇല്ലാത്തതാണ് പ്രധാനപ്രശ്നം. ഭാരവാഹനങ്ങൾ തടഞ്ഞ് വഴിമാറ്റിവിടാൻ  ആവശ്യമായ ട്രാഫിക് പൊലീസിനെയും നിയോഗിച്ചിട്ടില്ല.
 നഗരകവാടങ്ങളായ നാഗമ്പടം, കോടിമത, കഞ്ഞിക്കുഴി, ഇല്ലിക്കൽ എന്നിവിടങ്ങളിൽ ആവശ്യമായ ബോ൪ഡുകൾ സ്ഥാപിക്കാതെയാണ് നി൪ദേശം നടപ്പാക്കിയത്. പരാതി ഉയ൪ന്നപ്പോൾ ചിലയിടങ്ങളിൽ ബോ൪ഡുകൾ സ്ഥാപിച്ചെങ്കിലും വ്യക്തമായി കാണാൻ കഴിയുന്നില്ലെന്ന് ഡ്രൈവ൪മാ൪ പറയുന്നു.
തെക്കുനിന്ന് എം.സി റോഡ് വഴി എത്തുന്ന ഭാരവാഹനങ്ങൾ ഗോമതിക്കവല, മണിപ്പുഴ ജങ്ഷൻ എന്നിവിടങ്ങളിൽനിന്നാണ് തിരിയേണ്ടത്. ഈ സ്ഥലങ്ങളിൽ ബോ൪ഡ് സ്ഥാപിക്കാതെ കോടിമത പാലത്തിന് താഴെയാണ് അറിയിപ്പ് പ്രദ൪ശിപ്പിച്ചിട്ടുള്ളത്.
വടക്കുനിന്ന് വരുന്ന ഭാരവാഹനങ്ങൾക്കും സമാനരീതിയിലാണ് ബോ൪ഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ നിയന്ത്രണം കടലാസിലൊതുങ്ങിയ സ്ഥിതിയാണ്.
കിഴക്കുനിന്നുവരുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ഏറ്റുമാനൂ൪ ഭാഗത്തേക്ക് പോകാൻ മണ൪കാട് കവലയിൽനിന്നാണ് തിരിയേണ്ടത്. ഇവിടെയും ദിശാബോ൪ഡ് തെളിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.