കൊച്ചി: ബ്രഹ്മപുരത്തെ സ്മാ൪ട്ട് സിറ്റി പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബി വൈദ്യുതി ടവ൪ നി൪മാണം പുനരാരംഭിച്ചു. സ്മാ൪ട്ട് സിറ്റി അധികൃത൪ തടസ്സമുന്നയിച്ചതിനെ തുട൪ന്നാണ് നി൪മാണം നി൪ത്തിവെച്ചിരുന്നത്. സ്മാ൪ട്ട് സിറ്റിയുടെയും കെ.എസ്.ഇ.ബിയുടെയും വാദങ്ങൾ കേട്ട ശേഷം കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് വ്യവസ്ഥകൾക്ക് വിധേയമായി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് നി൪മാണം വീണ്ടും ആരംഭിച്ചത്.
പവ൪ ഗ്രിഡിൻെറ പള്ളിക്കര 440 കെ.വി സബ് സ്റ്റേഷനിൽ നിന്നും ബ്രഹ്മപുരത്തെ 220 കെ.വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള 220 കെ.വി ലൈനിൻെറ 22-ാമത്തെ ടവറാണ് സ്മാ൪ട്ട് സിറ്റി പദ്ധതി പ്രദേശത്ത് സ്ഥാപിക്കുന്നത്. 120 മീറ്റ൪ നീളത്തിൽ വൈദ്യുതി ലൈനും പദ്ധതി പ്രദേശത്തിന് മുകളിലൂടെ കടന്നു പോകും. ടവ൪ സ്ഥാപിച്ച് വൈദ്യുതിലൈൻ വലിക്കുന്നത് മൂലം സ്മാ൪ട്ട് സിറ്റിക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ രൂപവത്കരിച്ച വിദഗ്ധ സമിതി തിങ്കളാഴ്ച സ്ഥലം സന്ദ൪ശിക്കും. കൊച്ചി സ൪വകലാശാലയിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. സി.എ. ബാബുവാണ് കെ.എസ്.ഇ.ബിയുടെയും സ്മാ൪ട്ട് സിറ്റിയുടെയും പ്രതിനിധികളടങ്ങിയ സമിതിക്ക് നേതൃത്വം നൽകുന്നത്.
സമിതി ഈയാഴ്ച സ്ഥലം സന്ദ൪ശിക്കാനിരുന്നതാണെങ്കിലും സ്മാ൪ട്ട് സിറ്റിയുടെ പ്രതിനിധി എത്താതിരുന്നത് മൂലം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സ്മാ൪ട്ട് സിറ്റിയുടെ പ്രതിനിധിയായി മാനേജിങ് ഡയറക്ട൪ ഡോ. ബാജു ജോ൪ജാണ് സമിതിയിലുള്ളത്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോ൪ട്ട് സമ൪പ്പിക്കാനാണ് സമിതിക്ക് നൽകിയിരിക്കുന്ന നി൪ദേശം. വിദഗ്ധ സമിതിയുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നത് വരെ ബ്രഹ്മപുരത്ത് സ്മാ൪ട്ട് സിറ്റി പദ്ധതി പ്രദേശത്തോട് ചേ൪ന്ന് കിടക്കുന്ന കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് മറ്റ് നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തുന്നത് കലക്ട൪ വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.