കാസ൪കോട്/കാഞ്ഞങ്ങാട്: വ്യാഴാഴ്ച സി.പി.എം പ്രഖ്യാപിച്ച ഹ൪ത്താലിനിടെ സംഘ൪ഷത്തിൽ ഡി.വൈ.എഫ്.ഐ ഉദുമ കീക്കാനം യൂനിറ്റ് പ്രസിഡൻറ് ടി. മനോജ് (24) മരിച്ച സംഭവം കാഞ്ഞങ്ങാട് എ.എസ്.പി എച്ച്. മഞ്ജുനാഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിൻെറ ഭാഗമായി, മനോജിൻെറ മരണം നടന്ന സ്ഥലത്തുണ്ടായിരുന്ന അഞ്ചുപേരെ ഇന്നലെ ബേക്കൽ സ്റ്റേഷനിൽ ചോദ്യം ചെയ്തു.
സംഭവം നടക്കുമ്പോൾ മനോജിനൊപ്പമുണ്ടായിരുന്ന എസ്.എഫ്.ഐ ജില്ലാ ജോയൻറ് സെക്രട്ടറി എ.വി. ശിവപ്രസാദ്, സി.പി.എം തച്ചങ്ങാട് ലോക്കൽ സെക്രട്ടറി എം. കരുണാകരനെ ആക്രമിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പനയാൽ സ൪വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സുകുമാരൻ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. അതേസമയം, പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് ലഭിക്കാതെ മരണകാരണം സ്ഥിരീകരിക്കാനാവില്ലെന്നാണ് അന്വേഷണ സംഘം ഇന്നലെയും പറഞ്ഞത്.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദൂ൪ സി.ഐ സതീഷ് കുമാറിൻെറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഉച്ചയോടെ പോസ്റ്റ്മോ൪ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോ൪ട്ടം പരിയാരത്ത് നടത്താത്തതിൽ സി.പി.എം ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഹ൪ത്താലനുകൂലികൾ നടത്തിയ പ്രകടനത്തിനുശേഷം തിരിച്ചുപോവുകയായിരുന്ന മനോജിനെ ബൈക്കുകളിലെത്തിയ മുസ്ലിംലീഗ് പ്രവ൪ത്തക൪ അടിച്ചുവീഴ്ത്തി ചവിട്ടിക്കൊന്നുവെന്നാണ് ആരോപണം.
മരണകാരണത്തെക്കുറിച്ച് സംശയമുള്ളതിനാൽ മണിക്കൂറുകൾ വൈകിയാണ് ബേക്കൽ പൊലീസ് വ്യാഴാഴ്ച എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്തത്. 302ാം വകുപ്പനുസരിച്ച് കൊലക്കുറ്റമാണ് പൊലീസ് ചാ൪ജ് ചെയ്തിരിക്കുന്നത്.
മൗവ്വൽ പ്രദേശത്തെ 15ഓളം ലീഗ് പ്രവ൪ത്തകരെ പൊലീസ് വ്യാഴാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കാസ൪കോട് നാ൪ക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി. തമ്പാൻ, കാഞ്ഞങ്ങാട് സി.ഐ കെ.വി. വേണുഗോപാൽ, ആദൂ൪ സി.ഐ സതീഷ് കുമാ൪, എസ്.ഐമാരായ വിജയൻ, ജോസഫ്, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, രാഘവൻ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.