കൊച്ചി: പാറമടകളിലെ ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റാൻ പദ്ധതി വരുന്നു. കാക്കനാട് പാലച്ചുവട്ടിലെ അമ്പലപ്പാറയിൽ മണിക്കൂറിൽ രണ്ടായിരം ലിറ്റ൪ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് തീരുമാനം. ഇത് വിജയകരമായാൽ ജില്ലയിലെ മറ്റ് പാറമടകളിലും ചിറകളിലും പദ്ധതി നടപ്പാക്കുമെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു.
ബെന്നി ബഹനാൻ എം.എൽ.എക്കൊപ്പം അമ്പലപ്പാറയിലെത്തിയ കലക്ട൪ പദ്ധതിയുടെ സാധ്യത വിലയിരുത്തി. ഇന്ത്യയിലും വിദേശത്തും ജലശുദ്ധീകരണ പദ്ധതികൾ നടപ്പാക്കിയ ഡ്രിപ്ളെക്സ് വാട്ട൪ എൻജിനീയറിങ് ലിമിറ്റഡിനാണ് പൈലറ്റ് പദ്ധതിയുടെ ചുമതല. വരൾച്ച ദുരിതാശ്വാസ നിധിയിൽ നിന്നും ബെന്നി ബഹനാൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും ആവശ്യമായ തുക കണ്ടെത്തും. റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജലം ശുദ്ധീകരിക്കുന്നതിനുള്ള മൊബൈൽ യൂനിറ്റാണ് അമ്പലപ്പാറയിൽ സ്ഥാപിക്കുക. ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം ഓവ൪ഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്ത് പൈപ്പുകളിലൂടെ സമീപത്തെ വീടുകൾക്ക് വിതരണം ചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് കലക്ട൪ പറഞ്ഞു. ഇതിന് സംവിധാനമൊരുക്കുന്നത് വരെ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യും. പൈലറ്റ് പദ്ധതി നടപ്പാക്കും മുമ്പ് പാറമടയിലെ വെള്ളത്തിൻെറ ഗുണനിലവാരം പരിശോധിക്കുമെന്ന് കലക്ട൪ പറഞ്ഞു.
മണിക്കൂറിൽ അയ്യായിരം ലിറ്റ൪ വെള്ളം ശുദ്ധീകരിക്കുന്ന യൂനിറ്റിന് 55 ലക്ഷം രൂപയാണ് ചെലവ്. ഒരു ലിറ്റ൪ വെള്ളം ശുദ്ധീകരിക്കുന്നതിന് 15 പൈസയാണ് ചെലവ് കണക്കാക്കുന്നത്. തൃക്കാക്കര നഗരസഭാ കൗൺസില൪ നൗഷാദ് പല്ലച്ചി, ഡ്രിപ്ളെക്സ് വാട്ട൪ എൻജിനീയറിങ് ലിമിറ്റഡ് റീജനൽ മാനേജ൪ കെ.വി. രാജ്കുമാ൪ എന്നിവരും അമ്പലപ്പാറയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.