അങ്കണവാടി തൊഴുത്തില്‍; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തു

കായംകുളം: നി൪മാണം പൂ൪ത്തിയായ അങ്കണവാടി കെട്ടിടം ഉദ്ഘാടനം നടത്താതെ കുട്ടികളെ തൊഴുത്തിൽ ഇരുത്തിയെന്ന പരാതിയിൽ ചൈൽഡ് വെൽഫെയ൪ കമ്മിറ്റി കേസ് രജിസ്റ്റ൪ ചെയ്തു. കമ്മിറ്റിയംഗം അഡ്വ. എം.കെ. അബ്ദുസ്സമദ്, മുൻ അംഗം അഡ്വ. ഒ. ഹാരിസ്, പ്രൊബേഷനറി ഓഫിസ൪മാ൪ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദ൪ശിച്ചാണ് നടപടി സ്വീകരിച്ചത്. അങ്കണവാടി കുട്ടികളുടെ രക്ഷിതാക്കളിൽനിന്നും ജീവനക്കാരിൽനിന്നും മൊഴിയെടുത്തു. കഴിഞ്ഞ ആറുമാസമായി ഈ അവസ്ഥയിലാണ് അങ്കണവാടി പ്രവ൪ത്തിക്കുന്നതെന്നും അനുയോജ്യമായ കെട്ടിടം ഉണ്ടായിട്ടും തുറന്നുനൽകാൻ അധികാരികൾ തയാറാകുന്നില്ലെന്നും അവ൪ പരാതിപ്പെട്ടു. കൃഷ്ണപുരം പഞ്ചായത്തിലെ പനയന്നാ൪ക്കാവിലാണ് അങ്കണവാടി കന്നുകാലി തൊഴുത്തിൽ പ്രവ൪ത്തിക്കുന്നത്.
അങ്കണവാടി കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് പുതിയ കെട്ടിടം നി൪മിക്കാൻ തീരുമാനിച്ചത്. താൽക്കാലിക സംവിധാനമെന്ന നിലയിൽ കാലിത്തൊഴുത്ത് അങ്കണവാടിയാക്കി മാറ്റി. നാലരം ലക്ഷം രൂപ ചെലവഴിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ കെട്ടിടം നി൪മിച്ചു. ജനുവരിയിൽ തുടങ്ങിയ നി൪മാണം 45 ദിവസത്തിനകം പൂ൪ത്തീകരിച്ച് പഞ്ചായത്തിന് താക്കോൽ കൈമാറി. എന്നാൽ, ഉദ്ഘാടകനായി മന്ത്രിയെ കിട്ടാതിരുന്നതിനാൽ തുറന്നുകൊടുക്കാൻ പഞ്ചായത്ത് തയാറായില്ല. വിദ്യാ൪ഥികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ‘മാധ്യമം’ വാ൪ത്ത നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.