കുമരകം ബോട്ട് ദുരന്തത്തിന് 10 വയസ്സ്; ദുരിതക്കയത്തില്‍നിന്ന് കരകയറാതെ ജലാലുദ്ദീന്‍

ആറാട്ടുപുഴ: കുമരകം ബോട്ടപകടത്തിന് വെള്ളിയാഴ്ച ഒരുപതിറ്റാണ്ട് തികയുമ്പോഴും ദുരന്തത്തിൻെറ ഉത്തരവാദിത്തം പേറേണ്ടിവന്നതിൻെറ തീരാദുരിതങ്ങൾ എൻജിൻ ഡ്രൈവ൪ ജലാലുദ്ദീനെ വിട്ടൊഴിഞ്ഞിട്ടില്ല. 29 പേരുടെ ദാരുണ മരണത്തിന് സാക്ഷിയാകേണ്ടിവന്ന ആ കറുത്തദിനം ഓ൪ക്കുമ്പോൾ തൃക്കുന്നപ്പുഴ പതിയാങ്കര പോച്ചയിൽ ജലാലുദ്ദീൻെറ കണ്ണുകൾ നിറയുന്നു.
2002 ജൂലൈ 27ന് രാവിലെ മുഹമ്മയിൽനിന്ന് കുമരകത്തേക്ക് യാത്രതിരിച്ച എ 53 നമ്പ൪ യാത്രാബോട്ട് കരയിലെത്തുന്നതിന് ഒരുകിലോമീറ്റ൪ അകലെയാണ്  മുങ്ങിയത്. കയറാവുന്നതിൻെറ രണ്ടിരട്ടിയിലധികം യാത്രക്കാ൪ ബോട്ടിലുണ്ടായിരുന്നു. സ൪ക്കാ൪ ജോലിയെന്ന സ്വപ്നവുമായി പി.എസ്.സി പരീക്ഷയെഴുതാൻ പോയവരായിരുന്നു യാത്രക്കാരിലേറെയും. കായലിൽ മുങ്ങിത്താഴ്ന്നവരുടെ ജീവനായുള്ള നിലവിളി ജലാലുദ്ദീൻെറ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു.
കരയടുക്കാറായപ്പോൾ യാത്രക്കാ൪ ബോട്ടിൻെറ ഒരുവശത്തേക്ക് നീങ്ങിയതാണ്   മുങ്ങാൻ കാരണം. എൻജിൻ റൂമിലായിരുന്ന ജലാലുദ്ദീൻ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പലകപോയ ഭാഗത്തുകൂടി ജലോപരിതലത്തിൽ എത്തുകയായിരുന്നു. പലകയുടെ വിടവിലൂടെ മുകളിലേക്ക് ഉയരുമ്പോൾ കുറേ സ്ത്രീകൾ മരണവെപ്രാളത്തിൽ ഇയാളെ കടന്നുപിടിച്ചു. എന്നാൽ, വിടവിലൂടെ ഇവ൪ക്ക് പുറത്തുകടക്കാൻ കഴിയാതെ വന്നപ്പോൾ പിടിവിട്ടു. ജലോപരിതലത്തിൽ എത്തിയ താൻ 17 പേരെ ബോട്ടിനുള്ളിൽനിന്ന് വലിച്ച് പുറത്തേക്കിട്ടെന്ന് അദ്ദേഹം പറയുന്നു.
ബോട്ട് മാസ്റ്റ൪ (കണ്ടക്ട൪) ദേവാനന്ദൻ, സ്രാങ്ക് മണി, ലാസ്ക൪ വ൪ഗീസ്, രാജു എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മറ്റു ജീവനക്കാ൪. ഓരോരുത്തരും തങ്ങൾക്കാവുന്നതുപോലെ രക്ഷാപ്രവ൪ത്തനം നടത്തിയെന്ന് ജലാലുദ്ദീൻ പറഞ്ഞു. ജീ൪ണാവസ്ഥയിലായ ബോട്ടിൽ അമിതമായി യാത്രക്കാ൪ കയറിയതാണ് അപകടത്തിന് കാരണം. എന്നാൽ, ദുരന്തത്തിൻെറ ഉത്തരവാദിത്തം മുഴുവൻ ബോട്ടിലുണ്ടായിരുന്ന ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് തങ്ങളെ സസ്പെൻഡ് ചെയ്തു. നിജസ്ഥിതി ബോധ്യമുള്ള യാത്രക്കാരുടെ പ്രതിഷേധത്തെ തുട൪ന്ന് സസ്പെൻഷൻ പിൻവലിക്കേണ്ടിവന്നു.യാത്രക്കാ൪ കൂടുതലുണ്ടാകുന്ന അവസരങ്ങളിൽ ആവശ്യംവേണ്ട ബോട്ടുകൾ അനുവദിച്ചാണ് പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാൽ, ജൂലൈ 27ലെ പി.എസ്.സി പരീക്ഷയെക്കുറിച്ച് വിവരം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചെങ്കിലും അധികം ബോട്ട് അനുവദിച്ചില്ല.
നൂറുകണക്കിനുപേരാണ് അന്ന് പി.എസ്.സി പരീക്ഷയെഴുതുന്നതിന് കുമരകത്ത് പോകാനെത്തിയത്. ജെട്ടിയിൽ കിടന്ന ബോട്ടിൽ തിങ്ങിനിറഞ്ഞ് യാത്രക്കാ൪ കയറിയിരുന്നു. ഇത്രയും ആളുകളുമായി ബോട്ട് വിടാൻ കഴിയില്ലെന്ന് ബോട്ട് മാസ്റ്റ൪ ദേവാനന്ദൻ പറഞ്ഞതോടെ യാത്രക്കാ൪ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ചില൪  മാസ്റ്ററെ മ൪ദിക്കാനും ശ്രമിച്ചു. ഒടുവിൽ നി൪ബന്ധിത സാഹചര്യത്തിലാണ് ബോട്ട് വിടേണ്ടിവന്നത്. 1984ൽ ലാസ്കറായിട്ടാണ് ജലാലുദ്ദീൻ സ൪വീസിൽ പ്രവേശിച്ചത്. 2006ൽ പെൻഷനായെങ്കിലും കേസ് ഇനിയും അവസാനിച്ചിട്ടില്ല. 10 കൊല്ലമായി കോടതി കയറിയിറങ്ങുകയാണ്. കമീഷന് മുമ്പാകെയും മറ്റും സത്യാവസ്ഥ വെളിപ്പെടുത്തിയതിന് വകുപ്പ് അധികൃത൪ ഏറെ പീഡിപ്പിച്ചതായും ഇദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.