പാലക്കാട്: ജില്ല എച്ച് 1 എൻ 1 ഭീഷണിയിലെന്ന് ആരോഗ്യവകുപ്പിൻെറ മുന്നറിയിപ്പ്. എച്ച് 1 എൻ 1 സംശയത്തിൽ 46 പേരെയാണ് ഈ വ൪ഷം പരിശോധനക്ക് വിധേയരാക്കിയത്. ഇതിൽ 28 കേസുകളും ജൂലൈയിലാണ്. ഈ വ൪ഷം 14 പേ൪ക്കാണ് സ്ഥിരീകരിച്ചത്. ഇതിൽ 13ഉം കഴിഞ്ഞ 26 ദിവസത്തിനുള്ളിലാണ്. ഈ വ൪ഷമുണ്ടായ ഒരേയൊരു എച്ച് 1 എൻ 1 മരണവും ജൂലൈയിലാണ്.
ഗ൪ഭിണികളും പ്രായമായവരും അതീവജാഗ്രത പുല൪ത്തണം. ജലദോഷത്തിന് പോലും അടിയന്തര വൈദ്യസഹായം തേടേണ്ടതുണ്ട്. ചികിത്സ എത്ര നേരത്തെയാണോ എച്ച് 1 എൻ 1 ആഘാതത്തിൻെറ തീവ്രത അത്രയും കുറയും. ഇതിനുള്ള മരുന്ന് എല്ലാ സ൪ക്കാ൪ ആശുപത്രികളിലും സൗജന്യമാണ്.
ലഭ്യമായ തോതിൽ ഇത് സ്വകാര്യ ആശുപത്രികൾക്കും എത്തിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ കെ. വേണുഗോപാൽ പറഞ്ഞു.
എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് എച്ച് 1 എൻ 1. എ വിഭാഗത്തിലുള്ളത് സാധാരണ ജലദോഷമായാണ് പ്രത്യക്ഷപ്പെടുക. ഇത് ജലദോഷത്തിനുള്ള മരുന്നും വിശ്രമവും കൊണ്ട് ഭേദമാകും. ബി വിഭാഗത്തിൽ ജലദോഷം, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. ഗ൪ഭിണികളും പ്രായമായവരും അടക്കം ദു൪ബലരായവ൪ക്ക് ബി വിഭാഗം എച്ച് 1 എൻ 1ഉം മാരകമായിത്തീരാം.
ബി വിഭാഗത്തിന് ഒസാൾട്ടാംബി൪ (oseltambir) മരുന്ന് നൽകിയാൽ മതിയാകും. സി വിഭാഗം എച്ച് 1 എൻ 1 കുറച്ച് കൂടി തീവ്രമാണ്.
ചുമ, ശ്വാസംമുട്ടൽ, ന്യുമോണിയ ലക്ഷണങ്ങൾ, ചുമക്കുമ്പോൾ രക്തം തുപ്പുക തുടങ്ങിയവ കാണാനാകും. ഈ വിഭാഗത്തിന് ഒസാൾട്ടാംബിറിനൊപ്പം കിടത്തി ചികിത്സ കൂടി വേണ്ടിവരും. ഒസാൾട്ടാംബി൪ എത്ര നേരത്തെ കൊടുക്കുന്നുവോ അത്രയും നല്ലത്.
മൂന്ന് വിഭാഗം എച്ച് 1 എൻ 1 നെകുറിച്ചും സ൪ക്കാ൪ ഡോക്ട൪മാ൪ക്കും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ചികിത്സക൪ക്കും മാ൪ഗനി൪ദേശം നൽകിയിട്ടുണ്ട്. ഏകീകൃത പരിശോധനക്കുള്ള നി൪ദേശങ്ങളാണ് നൽകിയത്.
സ്വകാര്യമേഖലയിലെ ഡോക്ട൪മാ൪ക്കും ഇതേപ്പറ്റി അവബോധം നൽകാൻ വ്യാഴാഴ്ച രാത്രി ക്ളാസ് നടന്നു.
സ്വകാര്യമേഖലയിലെ ഡോക്ട൪മാരുടെ പരമാവധി സഹകരണം എച്ച് 1 എൻ 1നെ അകറ്റാൻ ആവശ്യമാണെന്ന് ഡി.എം.ഒ പറഞ്ഞു.
മരുന്ന് നൽകാൻ വൈകുന്തോറും മരണസാധ്യത കൂടുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.