വാറന്‍റുമായി എറണാകുളം, കോഴിക്കോട് കോടതികള്‍; ലഭിച്ചിട്ടില്ലെന്ന് മഅ്ദനി

ബംഗളൂരു: നിരോധിത സംഘടനയായ ഐ.എസ്.എസിൻെറ നേതൃത്വത്തിൽ അൻവാ൪ശേരിയിൽ യോഗം നടത്തിയെന്ന കേസിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് എറണാകുളം അഡീഷനൽ സെഷൻസ് കോടതി (അഞ്ച്) പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറൻറ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് അബ്ദുന്നാസി൪ മഅ്ദനി. ബംഗളൂരു സ്ഫോടന കേസിൽ പ്രതിചേ൪ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന മഅ്ദനി, അഭിഭാഷക൪ മുഖേനയാണ് ഇക്കാര്യം ‘മാധ്യമ’ത്തെ അറിയിച്ചത്.
ആഗസ്റ്റ് 13ന് ഹാജരാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് വാറൻറ്. എന്നാൽ, പരപ്പന അഗ്രഹാര ജയിലധികൃത൪ വാറൻറ് ലഭിച്ച വിവരം ഇതുവരെ അറിയിച്ചിട്ടില്ലെന്നും മഅ്ദനി പറഞ്ഞു. ഇതു കൂടാതെ കോഴിക്കോട് കോടതിയിലുള്ള കേസിലും വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജയിലധികൃത൪ അദ്ദേഹത്തിന് നൽകിയിട്ടില്ല. ഇതു സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുട൪ന്ന് വിശദാംശങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ടിന് മഅ്ദനി അപേക്ഷ നൽകിയിരിക്കുകയാണ്.
കോയമ്പത്തൂ൪ സ്ഫോടന കേസിലെ പ്രതികൾക്ക് സംരക്ഷണം നൽകിയെന്നാരോപിച്ച് പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിലാണ് കോഴിക്കോട് കോടതി വാറൻറ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യദ്രോഹമുൾപ്പടെയുള്ള കുറ്റങ്ങളാണ് ഇതിൽ ചുമത്തിയിരിക്കുന്നത്. കോയമ്പത്തൂ൪ പൊലീസിന് കൈമാറുന്നതിനു മുമ്പാണ് കോഴിക്കോട് പൊലീസ് ഈ കേസെടുത്തിരുന്നത്. മഅ്ദനിയെ കൂടാതെ അശ്റഫ്, സുബൈ൪ എന്നിവ൪ കൂടി ഇതിൽ പ്രതികളാണ്.
ഐ.എസ്.എസിന് നിരോധമേ൪പ്പെടുത്തിയശേഷം 1992 ഡിസംബ൪ 13ന് അൻവാ൪ശേരിയിൽ മഅ്ദനിയും മറ്റ് 17പേരും യോഗം ചേ൪ന്നെന്നാരോപിച്ച് കൊല്ലം ശാസ്താംകോട്ട പൊലീസ് രജിസ്റ്റ൪ചെയ്ത കേസിലാണ് രണ്ടാമത്തെ വാറൻറ്. ആയുധ നിയമം, സ്ഫോടക വസ്തു നിയമം, അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തിരുന്നത്. മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റ൪, അൻവാ൪ശേരിയിലെ വിദ്യാ൪ഥികൾ എന്നിവരും ഈ കേസിൽ പ്രതികളാണ്. റിവോൾവ൪, മൂന്നു തിരകൾ, വെടി മരുന്ന് എന്നിവ അൻവാ൪ശേരിയിൽ നിന്ന് കണ്ടെടുത്തതായും പൊലീസ് ആരോപിച്ചിരുന്നു.
കൊല്ലം സെഷൻസ് കോടതിയായിരുന്നു കേസ് തുടക്കത്തിൽ പരിഗണിച്ചിരുന്നത്. ഇതിനു പുറമെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരിൽ മഅ്ദനിക്കെതിരെ കേരളത്തിലുടനീളം കേസ് രജിസ്റ്റ൪ ചെയ്തിരുന്നു.
വിചാരണയുടെ സൗകര്യത്തിനായി ഈ കേസുകളെല്ലാം ഒരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹരജി നൽകിയതിനെ തുട൪ന്നാണ് കൊല്ലം കോടതിയിലെ കേസുൾപ്പടെ എറണാകുളം സെഷൻസ് കോടതിയിലേക്ക്  മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.