ഇ.എം.എസ് ഭവനപദ്ധതി: വായ്പ നല്‍കിയാല്‍ ബാങ്ക് പ്രതിസന്ധിയിലാകും -സര്‍വീസ് സഹ. ബാങ്ക്

കൽപറ്റ: ഇ.എം.എസ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് കൽപറ്റ നഗരസഭയുമായി ഉണ്ടാക്കിയ കരാ൪ പ്രകാരം വായ്പ അനുവദിച്ചാൽ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും പണം അനുവദിക്കാത്ത ജില്ലാ ബാങ്കിനെതിരെയാണ് നഗരസഭ സമരം ചെയ്യേണ്ടതെന്നും കൽപറ്റ സ൪വീസ് സഹകരണബാങ്ക് ഭരണസമിതി അംഗങ്ങൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. സ൪ക്കാറിൻെറ ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് കരാ൪ തയാറാക്കിയത്. ഇതുപ്രകാരം ബാങ്കിന് സ്വന്തം ഫണ്ടില്ലെങ്കിൽ വായ്പ നൽകണമെന്നില്ല.
ജില്ലാ സഹകരണബാങ്കുമായി കരാ൪ ഉണ്ടാക്കിയിരുന്നു. ഏഴുകോടി രൂപ ജില്ലാ ബാങ്ക് കൽപറ്റ ബാങ്കിന് അനുവദിക്കാമെന്ന് ധാരണയായി. ഇതുവരെ കിട്ടിയത് 1.36 കോടിയാണ്. 1,95,10,000 രൂപ നഗരസഭക്ക് വായ്പയായി നൽകി.
 അധികമായി വന്ന 63,70,000 രൂപ ബാങ്കിൻെറ സ്വന്തം ഫണ്ടാണ്. കൽപറ്റ ബാങ്കിന് മുന്നിൽ മാസങ്ങൾക്ക് മുമ്പ് നടന്ന പ്രതിഷേധത്തെ തുട൪ന്ന് കലക്ട൪ യോഗം വിളിച്ചിരുന്നു.
വായ്പ അനുവദിക്കണമെന്ന യോഗത്തിലെ നി൪ദേശം ജില്ലാ ബാങ്ക് അംഗീകരിച്ചിരുന്നു. എന്നാൽ, വാഗ്ദാനം ചെയ്ത ബാക്കി തുക ഇതുവരെ ജില്ലാബാങ്ക് നൽകിയിട്ടില്ല.
ഇടപാടുകാ൪ക്ക്11 ശതമാനം വരെ പലിശ നൽകിയാണ് ബാങ്ക് ഫണ്ട് കണ്ടെത്തുന്നത്. നഗരസഭക്ക് ഭാരിച്ച തുക വായ്പ നൽകിയാൽ അത് കൽപറ്റ സ൪വീസ് സഹകരണ ബാങ്കിൻെറ നിലനിൽപിനെ ബാധിക്കും. ഇതിനാൽ, സ്വന്തം ഫണ്ടുപയോഗിച്ച് നഗരസഭക്ക് ഇ.എം.എസ് ഭവനവായ്പ അനുവദിക്കാൻ കഴിയില്ല.
1.40 കോടി രൂപ ബാങ്കിന് തിരിച്ചടവ് വന്നുവെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ, 12,96,250 രൂപ മാത്രമാണ് തിരിച്ചടവ് വന്നത്. ഇടപാടുകാരുടെ മുന്നിൽ ബാങ്കിനെ അപകീ൪ത്തിപ്പെടുത്താനുള്ള ശ്രമമാണ് നഗരസഭയുടേത്. പണം അനുവദിക്കാത്ത ജില്ലാ ബാങ്കിനെതിരെയാണ് നഗരസഭ സമരം നടത്തേണ്ടത്.
ബാങ്ക് ഭരണസമിതിയും നഗരസഭയും ജില്ലാ ബാങ്കിനെതിരെ യോജിച്ച സമരം നടത്തുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും അവ൪ പറഞ്ഞു. പ്രസിഡൻറ് ടി. സുരേഷ് ചന്ദ്രൻ, ഡയറക്ട൪മാരായ പി.പി. ഗോപാലകൃഷ്ണൻ, കെ. മണിരഥൻ, മാനേജ൪ എം. വാസന്തി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.