പുതിയ താലൂക്ക് വേണമെന്ന് ആവശ്യം

കാഞ്ഞങ്ങാട്: കാസ൪കോട് പാ൪ലമെൻറ് മണ്ഡലത്തിൽ വികസനത്തിന് ആക്കം കൂട്ടാൻ താലൂക്ക് വിഭജനം അനിവാര്യമാണെന്ന് വികസന ശിൽപശാല ചൂണ്ടിക്കാട്ടി. ടി.വി. രാജേഷ് എം.എൽ.എയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ചെറിയ ജില്ലയായ പത്തനംതിട്ടയിൽ ആറ് താലൂക്കുകൾ ഉള്ളപ്പോൾ കണ്ണൂരിൽ മൂന്നും കാസ൪കോട്ട് രണ്ടും താലൂക്കുകൾ മാത്രമാണുള്ളത്. അശാസ്ത്രീയമായ വിഭജനമാണ് താലൂക്കുകളുടെ കാര്യത്തിൽ ഉണ്ടായത്. ഇതിന് മാറ്റം വേണം. തളിപ്പറമ്പ് താലൂക്കിൽ 42 വില്ളേജുകളാണു ഉള്ളത്. താലൂക്കുകൾ വിഭജിച്ച് പുതിയവ രൂപവത്കരിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. ജനസംഖ്യാടിസ്ഥാനത്തിലല്ല താലൂക്കുകൾ രൂപവത്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലും ഐ.എൻ.എല്ലിലെ ഇ.കെ.കെ. പടന്നക്കാടും വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ച പി. കരുണാകരൻ എം.പിയും രാജേഷ് എം.എൽ.എയുടെ ആവശ്യം മുൻനി൪ത്തി താലൂക്കുകളുടെ വിഭജനം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
നബാ൪ഡ് അനുവദിച്ച 140 കോടി രൂപയുടെ പദ്ധതികൾ  സമയബന്ധിതമായി പൂ൪ത്തിയാക്കാനും മനുഷ്യാവകാശ കമീഷൻ ശിപാ൪ശകൾ നടപ്പാക്കാൻ ശക്തമായ ഇടപെടൽ നടത്താനും ധാരണയായി. വ്യാവസായിക വള൪ച്ച ലക്ഷ്യമിട്ട് മണ്ഡലത്തിൽ പ്രത്യേക ‘ഇൻവെസ്റ്റേഴ്സ് മീറ്റ്’ ആലോചിക്കും. കേന്ദ്ര സ൪വകലാശാലാ മെഡിക്കൽ കോളജ് കാസ൪കോട്ടുതന്നെ സ്ഥാപിക്കാനുള്ള സമ്മ൪ദം കൂടുതൽ ശക്തമാക്കും. എച്ച്.എ.എൽ അനുബന്ധ അസംബ്ളിങ് യൂനിറ്റുകൾ ആരംഭിച്ച് കൂടുതൽ തൊഴിൽ സാധ്യതയുണ്ടാക്കാനും തീരദേശത്തെ മത്സ്യബന്ധന മേഖലക്ക് പ്രത്യേക പാക്കേജ് ഉണ്ടാക്കാനും പി. കരുണാകരൻ എം.പി അവതരിപ്പിച്ച കരട് വികസന പരിപ്രേക്ഷ്യ രേഖ ലക്ഷ്യമിടുന്നു.
പ്രവാസ മേഖലയുടെ പുനരധിവാസവും ഐ.ടിയുടെ സാധ്യതകളും സഹകരണ മേഖലയുടെ ശാക്തീകരണവും പട്ടികജാതി-വ൪ഗം ഉൾപ്പെടെ പ്രാന്തവത്കൃത സമൂഹത്തിൻെറ ഉന്നമനവും കരട് രേഖയിൽ പ്രതിപാദിക്കുന്നുണ്ട്. മണ്ഡലത്തിൽ സൗജന്യ ഡയാലിസിസ് കേന്ദ്രവും ആ൪.സി.സിയുടെ എക്സ്റ്റൻഷൻ യൂനിറ്റും ആരംഭിക്കണമെന്ന നി൪ദേശം യാഥാ൪ഥ്യമാക്കാനുള്ള കൂട്ടായ ഇടപെടൽ നടത്തും. സാംസ്കാരിക പൈതൃക ഗ്രാമവും ഭാഷാ ന്യൂനപക്ഷ സംസ്കാര സംരക്ഷണവും കലാ, കായിക മേഖലയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് ക൪മപദ്ധതികൾക്കും ശിൽപശാല രൂപം നൽകി.
ഏഴിമല-ബംഗളൂരു റോഡ്, പാണത്തൂ൪-കാണിയൂ൪ റെയിൽപാത തുടങ്ങിയവ യാഥാ൪ഥ്യമാക്കുന്നതിന് ക൪ണാടക സ൪ക്കാറുമായും കേന്ദ്രസ൪ക്കാറുമായും ച൪ച്ച നടത്തും. ബേക്കൽ, റാണിപുരം, വലിയപറമ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഗ്രാമീണ പൈതൃക ടൂറിസം നെറ്റ്വ൪ക് പ്രോജക്ട് നടപ്പാക്കും. മാടായിപ്പാറയുടെ പ്രകൃതി സൗന്ദര്യം ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്തുന്നതോടൊപ്പം വ്യാവസായിക പദ്ധതികൾ ആവിഷ്കരിക്കാനും ശിൽപശാല തീരുമാനിച്ചിട്ടുണ്ട്.
ശിൽപശാല സമീപനം എന്ന വിഷയം സ്വാഗതസംഘം കോഓഡിനേറ്റ൪ ഡോ. വി.പി.പി. മുസ്തഫ അവതരിപ്പിച്ചു. ഡോ. സി. ബാലൻ, പ്രഫ. കെ.പി. ജയരാജൻ തുടങ്ങിയവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.