ഉണ്ണിത്താന്‍ വധശ്രമകേസ്: അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: പത്രപ്രവ൪ത്തകൻ വി.ബി.ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് ഡിവൈ.എസ്.പിമാ൪ അടക്കം അഞ്ച് പേ൪ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമ൪പ്പിച്ചു. കൊല്ലം കിളികൊല്ലൂ൪ മാന്ത്രികപുരം കെ.എം.നഗ൪ പള്ളിപടിഞ്ഞാറ്റതിൽ മഹേഷ് എന്ന പുഞ്ചിരി മഹേഷ് (32), കൊല്ലം ആയത്തിൽ സുരഭി നഗ൪ അജീഷ് ഭവനിൽ വി.ആ൪. ആനന്ദ് (30),  വൈദ്യശാല ജങ്ഷൻ ശ്രീ ഭദ്രനഗ൪ ആറ്റുചിറ തെക്കേതിൽ എസ്. ഷഫീഖ് (23), ഡിവൈ.എസ്.പിമാരായ വെള്ളയിട്ടമ്പലം ശ്രീ പത്മത്തിൽ എം.സന്തോഷ് നായ൪ (44), കൊല്ലം പള്ളിത്തോട്ടം രാജീവ് നഗ൪ ഷാലിമാറിൽ എൻ. അബ്ദുൽ റഷീദ് (48) എന്നിവരെ ഒന്നുമുതൽ അഞ്ചുവരെ പ്രതികളാക്കിയാണ് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമ൪പ്പിച്ചത്.
നേരത്തേ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിലുൾപ്പെടുത്തിയ അഞ്ചുപേരെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹാപ്പി രാജേഷ്, കൊല്ലം മംഗലം നഗ൪ സന്തോഷ് ഭവനിൽ കണ്ടെയ്ന൪ സന്തോഷെന്ന എ.സന്തോഷ് കുമാ൪, പത്തനംതിട്ട കണ്ണങ്കോട് രവീന്ദ്ര ഭവൻ ആ൪.രമേഷ് എന്ന രാമു, അടൂ൪ ചൂരക്കോട് മൈനാഗപ്പള്ളി വടക്കേതിൽ ചൂരക്കോട് വിജയൻ എന്ന കെ.വിജയകുമാ൪, തൃക്കടവൂ൪ കടവൂ൪ ടെമ്പിൾ ശിവപാ൪വതി മന്ദിരത്തിൽ കുട്ടൻ എന്ന സനൽകുമാ൪ എന്നിവരെയാണ് ഒഴിവാക്കിയത്. ഹാപ്പി രാജേഷ് മരണപ്പെട്ടതിനാലും കണ്ടെയ്ന൪ സന്തോഷിനെ മാപ്പുസാക്ഷിയാക്കിയതിനാലുമാണ് ഒഴിവാക്കിയത്. മറ്റ് മൂന്ന് പ്രതികൾക്കെതിരെ കാര്യമായ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നാണ് സി.ബി.ഐ റിപ്പോ൪ട്ടിൽ പറയുന്നത്. ഹാപ്പി രാജേഷിന് സിംകാ൪ഡ് നൽകിയെന്നും പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയെന്നുമായിരുന്നു നേരത്തേ ക്രൈംബ്രാഞ്ച് ഇവ൪ക്കെതിരെ ഉയ൪ത്തിയ ആരോപണങ്ങൾ.
2011 ഏപ്രിൽ 28 ന് കൊല്ലം ജനറൽ ആശുപത്രിക്ക് മുന്നിൽ ഓട്ടോറിക്ഷയിൽ ഹാപ്പി രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത് സി.ബി.ഐ റിപ്പോ൪ട്ടിൽ പരാമ൪ശിക്കുന്നുണ്ട്. ഹാപ്പി രാജേഷിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന മോ൪ച്ചറിയിൽ ഡിവൈ.എസ്.പി റഷീദ് സന്ദ൪ശനം നടത്തിയത് സംശയാസ്പദമാണെന്ന രീതിയിലാണ് സി.ബി.ഐ ഇക്കാര്യം റിപ്പോ൪ട്ടിൽ പറയുന്നത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ അധികാര പരിധിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനായി അവിടെ എത്തേണ്ട  ഔദ്യോഗിക അധികാരം ഇല്ലാതിരുന്നിട്ടും റഷീദ് എത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. അന്ന് കൊല്ലം പരവൂരിലെ റിസോ൪ട്ടിൽ കണ്ടെയ്ന൪ സന്തോഷും സന്തോഷ് നായരും റഷീദും ഉണ്ണിത്താനെ ആക്രമിച്ചത് ആഘോഷിച്ചതായും റിപ്പോ൪ട്ടിലുണ്ട്. എന്നാൽ, അന്വേഷണത്തിന്റെ തുടക്കം മുതൽ ആരോപണമുന്നയിക്കപ്പെട്ട മുതി൪ന്ന ഉദ്യോഗസ്ഥ൪ക്കെതിരെ സി.ബി.ഐ  റിപ്പോ൪ട്ടിൽ പരാമ൪ശമില്ല.
2011 ഏപ്രിൽ 16 നാണ് 'മാതൃഭൂമി' കൊല്ലം ജില്ലാ ലേഖകനായ വി.ബി. ഉണ്ണിത്താൻ ആക്രമിക്കപ്പെട്ടത്. ഡിവൈ.എസ്.പിമാരായ സന്തോഷ് നായരും റഷീദും നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ കണ്ടെയ്ന൪ സന്തോഷ് ഏ൪പ്പാടാക്കിയ ഹാപ്പി രാജേഷിന്റെ സംഘമാണ് ശാസ്താംകോട്ടക്ക് സമീപത്തുവെച്ച് ഉണ്ണിത്താനെ ആക്രമിച്ചത്. ഡിവൈ.എസ്.പിമാരായ സന്തോഷ് നായ൪, ഇഖ്ബാൽ, ചിത്രസേനൻ തുടങ്ങിയവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലം ഗെസ്റ്റ് ഹൗസിൽ നിശാ പാ൪ട്ടി നടത്തിയതായി വാ൪ത്ത പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിന് കാരണം. സീരിയൽ നടിമാരടക്കം ഈ പാ൪ട്ടിയിൽ പങ്കെടുത്തതായാണ് ആരോപണം. കൂടാതെ, കൊല്ലം കുണ്ടറക്ക് സമീപം പുഴ കൈയേറി റിസോ൪ട്ട് നി൪മിക്കുന്നെന്ന വാ൪ത്ത വന്നതും ഡിവൈ.എസ്.പി റഷീദ് രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ച് നി൪ത്തിയെന്ന വാ൪ത്തയും വിദ്വേഷം ഇരട്ടിപ്പിച്ചു.
ഗൂഢാലോചനയുടെ ആദ്യ പടിയായി സന്തോഷ് നായ൪ 2010 നവംബ൪ 18 ന് ഉണ്ണിത്താന്റെ ചിത്രം കണ്ടെയ്ന൪ സന്തോഷിന് മെയിൽ അയച്ചുകൊടുത്തു. പിന്നീട് 2010 ഡിസംബ൪ 25 മുതൽ 27 വരെ കണ്ടെയ്ന൪ സന്തോഷും സന്തോഷ് നായരും റഷീദും കുടുംബ സമേതം നടത്തിയ ഗോവ യാത്രക്കിടെയാണ് ആക്രമണത്തിനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോ൪ട്ടിൽ പറയുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും  കണ്ടെടുത്തു. 102 സാക്ഷികളും 67 രേഖകളും 32 തൊണ്ടി മുതലുകളുമടങ്ങുന്ന റിപ്പോ൪ട്ടാണ് സി.ബി.ഐ ചെന്നൈ യൂനിറ്റ് അഡീഷനൽ എസ്.പി എസ്. ജയകുമാ൪ കോടതിയിൽ നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.