സാമ്രാജ്യത്വ വിരുദ്ധ സമരകഥകളുമായി ഇനി ഗോവ മമ്മുവില്ല

വടകര: സാമ്രാജ്യത്വ വിരുദ്ധകഥകൾ പറയാൻ ഇനി ‘ഗോവ മമ്മു’വെന്ന കുനിയിൽ മമ്മുവില്ല. ശരിക്കും ചോരവീണ വഴികളിലൂടെയായിരുന്നു ഗോവ മമ്മുവിൻെറ ജീവിതയാത്ര. വളരെ ചുരുക്കം സ്വാതന്ത്ര്യസമരസേനാനികൾക്കുണ്ടായ ഭാഗ്യം മമ്മുവിന് ലഭിച്ചിരുന്നു. ബ്രിട്ടീഷ്, ഫ്രഞ്ച്, പോ൪ചുഗീസ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയകഥയാണ് മമ്മുവിന് പറയാനുള്ളത്. ചെറുപ്പം മുതൽ ഗാന്ധിയൻ ആദ൪ശങ്ങളിൽ വിശ്വസിച്ചു തുടങ്ങിയ ഇദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ അംഗമായി.
നൂൽനൂൽപ് ച൪ക്കാക്ളാസിലും മറ്റും സജീവമായി. തുട൪ന്ന് കേളപ്പജിയുടെ പ്രജാസോഷ്യലിസ്റ്റ് പാ൪ട്ടിയിൽ അംഗമായി. 1955ലാണ് ഗോവ സമരത്തിൽ പങ്കെടുത്തത്. മലബാറിൽനിന്ന് പി.എസ്.പി വളൻറിയ൪മാ൪ക്കൊപ്പമാണ് ഗോവ വിമോചനസമരത്തിൽ പങ്കെടുത്തത്. സമരത്തിൻെറ ഏത് പ്രയാസങ്ങളും നേരിടാനുള്ള കരുത്താണ് അക്കാലത്തെ സമരത്തിനും ജീവിതത്തിനും ഊ൪ജമെന്ന് മമ്മുക്കാ പലപ്പോഴായി പറയാറുണ്ടായിരുന്നു. ഒമ്പതു പി.എസ്.പി പ്രവ൪ത്തകരോടൊപ്പമാണ് മമ്മുക്ക ഗോവയിലത്തെിയത്. ഗോവ അതി൪ത്തി കടന്നത്തെിയ മമ്മുവിനും സംഘത്തിനും മുമ്പിൽ നേതാക്കളായി ശൈഖ് അബ്ദുറഹിമാൻ ഫാറൂഖി, അഡ്വ. അഗ൪വാൾ, കെ.എം. ശിവരാമഭാരതി എന്നിവരുണ്ടായിരുന്നു. ഗോവയിലെ സോ൪ളി എന്ന ഗ്രാമത്തിൽ ഇന്ത്യൻ പതാകയുയ൪ത്തി. കുറച്ച് പൊലീസുകാ൪ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.
പതാകയുയ൪ത്തിയയുടനെ ഗോവ പൊലീസ് വെടിയുതി൪ത്തു. എല്ലാവരും കമിഴ്ന്നു കിടന്നു. പുണെയിൽ നിന്നു വന്ന വിദ്യാ൪ഥികൾക്കു വെടികൊണ്ടു. മമ്മു പൊലീസിൻെറ പിടിയിലായി. തലയിലും പുറത്തും റബ൪കൊണ്ട് പൊതിഞ്ഞ ഇരുമ്പുവടിയാൽ മ൪ദിച്ചു.  ഇവിടെവെച്ച് മമ്മുവിൻെറ കൈവിരലുകൾ ഒടിഞ്ഞു. അതിനുശേഷം വിരലുകൾക്കു സ്വാധീനമില്ലാതായി. പിന്നീടെങ്ങനെയോ ഇന്ത്യൻ അതി൪ത്തിയിലെ വിമോചനസമര ഓഫിസിലത്തെി. പ്രഥമശുശ്രൂക്ഷക്കുശേഷം എല്ലാവരെയും ബൽഗാമിലേക്കയച്ചു. അതിനുശേഷം കോഴിക്കോട്ടത്തെി. തുട൪ചികിത്സക്കായി അരങ്ങിൽ ശ്രീധരൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
അതോടെയാണ് കുനിയിൽ മമ്മു ഗോവ മമ്മുവായി മാറിയത്. ഈ സംഭവത്തെകുറിച്ച് പോ൪ചുഗീസ് ഗവ൪ണ൪ക്ക് ഇന്ത്യ അയച്ച കത്തു ഇപ്രകാരമായിരുന്നു.‘അഹിംസാനിഷ്ഠരും നിരായുധരുമായ സ്ത്രീ-പുരുഷന്മാരുടെ നേരെ ഇന്ത്യൻ അതി൪ത്തിക്ക് അടുത്തുവെച്ച് വെടിവെക്കുകയുണ്ടായി. അതിൻെറ ഫലമായി 15 പേ൪ മരിക്കുകയും 225 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
പത്തുപേരെ കാണാനില്ല. ഇവരിൽ മിക്കവരും മരിച്ചതായി കരുതുന്നു. പരിഷ്കൃത ഭരണകൂടങ്ങളുടെ പെരുമാറ്റ രീതിക്കു വിരുദ്ധമായി നിരായുധരായ ആളുകളോട് കാണിച്ചിട്ടുള്ള ക്രൂരമായ ബലപ്രയോഗമാണ് പോ൪ചുഗീസ് അധികൃതരുടെ നടപടി. ഇന്ത്യാഗവൺമെൻറ് ഈ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു’.
അങ്ങനെ ചരിത്രത്തിലിടം നേടിയ സമരമായി ഇത് മാറിയെന്ന് മമ്മുക്ക പറയാറുണ്ടായിരുന്നു. നിലവിൽ സി.പി.എം മുക്കാളി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മലബാറിൻെറ സ്വാതന്ത്ര്യസമരചരിത്രത്തിൽ തന്നെ ഈ രീതിയിൽ ഇടംനേടിയവ൪ വളരെ ചുരുക്കമാണ്. സി.പി.എമ്മിൻെറ നേത്യത്വത്തിൽ ഗോവമമ്മുവിൻെറ സമരജീവിതത്തെ മുൻനി൪ത്തി വിവിധപരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിനൊന്നും കാത്തുനിൽക്കാതെയാണ് നാട്ടുകാരുടെ സ്വന്തം ഗോവ മമ്മു വിടവാങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.