ഭീതിയുടെ നിഴലില്‍ തേക്കടി ഷട്ടറിന്‍െറ ചുമതലയുള്ള പൊലീസുകാര്‍

കുമളി: മുല്ലപ്പെരിയാ൪ ജലമൊഴുകുന്ന തേക്കടി കനാലിലെ ഷട്ടറിൻെറ സുരക്ഷാ ചുമതലയുള്ള പൊലീസുകാ൪ ഭീതിയുടെ മുൾമുനയിൽ. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൻെറ കേരള പൊലീസിനോടുള്ള അവഗണനയെ തുട൪ന്ന് തക൪ന്ന് വീഴാറായ ഷെഡിനുള്ളിൽ കഴിയുന്ന പൊലീസുകാ൪ക്ക് സമീപത്ത് ഉണങ്ങി നിൽക്കുന്ന രണ്ട് മരങ്ങളാണ് ഭീതി വിതക്കുന്നത്.
പൊലീസ് സേനാംഗങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മഴയത്ത് ചോ൪ന്നൊലിക്കുന്ന  ഷെഡിൻെറ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാട് തയാറായില്ല. സൗകര്യമില്ളെന്ന പേരിൽ കേരള പൊലീസ് തേക്കടി ഷട്ടറിൻെറ കാവലിൽ നിന്ന് പിന്മാറിയാൽ തമിഴ്നാട് പൊലീസിനെ  നിയോഗിക്കാമെന്നതാണ് അവരുടെ ഉന്നം. ഇത് അറിയാവുന്നതിനാലാണ് കഷ്ടപ്പാട് സഹിച്ചും പൊലീസ് പരിമിതമായ കൂരക്കുള്ളിൽ കഴിയുന്നത്.
അതിനിടെയാണ് സമീപത്തെ രണ്ട് മരങ്ങൾ ഉണങ്ങി എപ്പോൾ വേണമെങ്കിലും ഷെഡിന് മുകളിലേക്ക് മറിഞ്ഞുവീഴാമെന്ന നിലയിലായത്. ശക്തമായ മഴയത്തും കാറ്റത്തും മറിഞ്ഞുവീഴാവുന്ന നിലയിലുള്ള മരങ്ങൾ വെട്ടി മാറ്റാൻ തമിഴ്നാട് അധികൃതരോ വനംവകുപ്പ് ജീവനക്കാരോ തയാറാകാത്തതാണ് പൊലീസിനെ കുഴക്കുന്നത്.
വന്യജീവി സങ്കേതത്തിനുള്ളിലായതിനാൽ സ്വന്തം നിലയിൽ മരം മുറിച്ച് നീക്കാൻ പൊലീസിനും കഴിയില്ല.
മരം വീണ് ഉണ്ടാകാനിടയുള്ള ദുരന്തം മുന്നിൽ കണ്ട് ഉറക്കം തന്നെ നഷ്ടപ്പെട്ട നിലയിലാണ് സേനാംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.