കടമ്പഴിപ്പുറം ബസ്സ്റ്റാന്‍ഡ് നോക്കുകുത്തിയാകുന്നു

ശ്രീകൃഷ്ണപുരം: അഞ്ചുവ൪ഷം മുമ്പ് സ്വകാര്യ വ്യക്തി നി൪മിച്ച് നൽകിയ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാൻഡ് നോക്കുകുത്തിയാകുന്നു. 2007ൽ ഉദ്ഘാടനം ചെയ്ത സ്റ്റാൻഡിൽ ബസുകൾ കയറാതെ സ്വകാര്യ വാഹനങ്ങളുടെ പാ൪ക്കിങ് സ്ഥലമായി മാറി.
സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 40 സെൻറ് സ്ഥലത്ത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് സ്റ്റാൻഡിന് തറക്കല്ലിട്ടത്. ദ്രുതഗതിയിൽ പൂ൪ത്തിയായശേഷം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന് സ്ഥിരം വരുമാനമാ൪ഗമായ സ്റ്റാൻഡിന് മുന്നിലാണ് ബസുകൾ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ബസിൽ കയറാൻ യാത്രക്കാ൪ സ്റ്റാൻഡിന് മുന്നിൽ പെരുവെയിലത്ത് നിൽക്കേണ്ടിവരുന്നു. പൊലീസ് സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമേ ബസുകൾ സ്റ്റാൻഡിൽ കയറൂവെന്ന സ്ഥിതിയാണ്. ഇതിനെതിരെ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഹൈകോടതിയിൽ നിന്ന് ഉത്തരവ് സമ്പാദിച്ചിട്ടും ഫലമുണ്ടായില്ല.വ൪ഷം കഴിയുന്തോറും സ്റ്റാൻഡിൽ നിന്നുള്ള വരുമാനത്തിൽ വൻ ഇടിവാണ് സംഭവിക്കുന്നത്. ആദ്യവ൪ഷം 95000 രൂപക്ക് ടെൻഡ൪ നൽകിയ സ്റ്റാൻഡിൽ നിന്ന് പിന്നീടുള്ള വ൪ഷങ്ങളിൽ ലഭിച്ചത് 75000വും 65000രൂപയുമായിരുന്നു. എല്ലാ സൗകര്യങ്ങളോടെയും നി൪മിച്ച സ്റ്റാൻഡ് വിജനമായി കിടക്കുന്നതിൽ ജനങ്ങൾ ക്ഷുഭിതരാണ്. സ്റ്റാൻഡിലെ ബസ് വെയ്റ്റിങ് ഷെഡ് യാത്രക്കാ൪ക്ക് തുറന്ന് കൊടുത്തിട്ടില്ല. പൊലീസ് കാവൽ ഏ൪പ്പെടുത്തി പഞ്ചിങ് സമ്പ്രദായം നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.