ബസേലിയസ് ആശുപത്രി സമരം 60ാം ദിവസത്തിലേക്ക്

കോതമംഗലം: കുറഞ്ഞ വേതനം ആവശ്യപ്പെട്ട് ബസേലിയസ് ആശുപ ത്രിയിലെ നഴ്സുമാ൪ നടത്തുന്ന സമരം 60ാം ദിവസത്തിലേക്ക്. ഇന്ത്യൻ നഴ്സിങ് അസോസിയേഷൻെറ (ഐ.എൻ. എ) നേതൃത്വത്തിൽ  ആരംഭിച്ച സമരം പത്തുദിവസം പിന്നിട്ടപ്പോൾ ഒത്തുതീ൪പ്പ് ച൪ച്ച നടന്നെങ്കിലും വിജയിച്ചില്ല.
തുട൪ന്ന് വിവിധ രാഷ്ട്രീയകക്ഷികളും മറ്റും ചേ൪ന്ന്  സമര സഹായ സമിതി രൂപവത്കരിച്ച് സമരം ശക്തമാക്കി. സമര സഹായ സമിതി നേതൃത്വത്തിൽ ആശുപത്രിയിലേക്ക് വിവിധ സംഘടനകൾ ഓരോ ദിവസവും മാറിമാറി പ്രകടനങ്ങളും ധ൪ണയും സംഘടിപ്പിച്ചെങ്കിലും മാനേജ്മെൻറ് വഴങ്ങിയില്ല. തുട൪ന്ന്  സമര സഹായ സമിതി ആശുപത്രി ഉപരോധമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം ശക്തമാക്കി. ഉപരോധം മൂന്നുദിവസം  പിന്നിട്ടപ്പോൾ മൂവാറ്റുപുഴ ആ൪.ഡി.ഒ എസ്. ഷാനവാസിൻെറ നേതൃത്വത്തിൽ ആശുപത്രി മാനേജ്മെൻറും നഴ്സ് സംഘടനാ നേതാക്കളുമായി മൂന്നുവട്ടം ച൪ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
ച൪ച്ച പരാജയപ്പെട്ടതോടെ താൽക്കാലികമായി നി൪ത്തിവെച്ച ഉപരോധം പുനരാരംഭിച്ചു. വീണ്ടും ഉപരോധം ആരംഭിച്ച ദിവസം ഗുണ്ടാ ആക്രമണത്തിൽ സമരപ്പന്തൽ തക൪ന്നു. സംഭവത്തിൽ ലിൻസി ലാബി സൂസൻ എന്ന നഴ്സിനും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ നസീമക്കും പരിക്കേറ്റിരുന്നു. സംഘ൪ഷത്തെ തുട൪ന്ന്  ഉപരോധം അവസാനിപ്പിക്കാൻ കലക്ട൪ ആവശ്യപ്പെട്ടെങ്കിലും  അക്രമം നടത്തിയവ൪ക്കെതിരെ നടപടിയെടുക്കാതെ സമരത്തിന് നേതൃത്വം നൽകിയവ൪ക്കെതിരെയാണ് കേസെടുത്തത്.
സമരം തക൪ക്കുന്നതിൻെറ ഭാഗമായി  മുമ്പ് നഴ്സുമാരുടെ ബാത്ത്റൂമിൽ വെച്ച ഒളികാമറ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിയുയ൪ന്നു. ഇതേതുട൪ന്ന് ഐ. എൻ.എ നേതൃത്വം എസ്.പിക്ക് നൽകിയ പരാതിയിൽ  ഡിവൈ.എസ്.പിയുടെ നി൪ദേപ്രകാരം എസ്.ഐ ടി.ഡി. സുനിൽകുമാ൪ കാമറ പിടിച്ചെടുത്തെങ്കിലും കേസ് ദു൪ബലമാക്കിയതായാണ് ആക്ഷേപം.
മാ൪ത്തോമ ചെറിയപള്ളിയുടെ കീഴിലുള്ള സ്ഥാപനത്തിനെതിരായ  സമരത്തെ വ൪ഗീയവത്കരിക്കാനും മാനേജ്മെൻറ് നീക്കം നടത്തിയതായി ആക്ഷേപമുണ്ട്.  സമരം തക൪ക്കുന്നതിന് മാനേജ്മെൻറ് ഇടവക വികാരിയെ ഉൾപ്പെടെ രംഗത്തിറക്കി  നഴ്സുമാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും  വിജയിച്ചില്ല.
സമരം ശക്തമാക്കുന്നതിൻെറ ഭാഗമായി നഴ്സുമാരുടെ ബാത്ത്റൂമിൽ കാമറ വെച്ച സെക്രട്ടറിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പൊലീസ് സ്റ്റേഷൻ മാ൪ച്ച് നടക്കും. തിങ്കളാഴ്ച മുതൽ ആശുപത്രിക്ക് മുന്നിൽ സമര സഹായ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.