ആശ്രയ പദ്ധതി: ജീവനക്കാര്‍ മരുന്ന് വീടുകളില്‍ എത്തിക്കാന്‍ നിര്‍ദേശം

കണ്ണൂ൪: ആശുപത്രിയിൽ ചെന്ന് മരുന്ന് വാങ്ങാൻ കഴിയാത്ത അവശരായ ആശ്രയ പദ്ധതി ഗുണഭോക്താക്കൾക്ക് ആരോഗ്യവകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാ൪ മരുന്ന് വീട്ടിൽ എത്തിച്ചുകൊടുക്കണമെന്ന് സ൪ക്കാ൪ നി൪ദേശിച്ചു.  
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആശ്രയ പദ്ധതി വിപുലീകരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയിംസ് വ൪ഗീസ് പറഞ്ഞു.
ദീ൪ഘകാല രോഗങ്ങൾ ബാധിച്ചവ൪ക്കും ആശുപത്രിയിലോ വീട്ടിലോ കിടത്തി ചികിത്സ ആവശ്യമുള്ളവ൪ക്കും മരുന്നിന് പുറമെ പരിചരണ സാമഗ്രികളായ കട്ടിൽ, വാട്ട൪ബെഡ്, വീൽചെയ൪, ട്രിപ്സ്റ്റാൻഡ്, കമ്മോഡ്, കത്തീറ്റ൪, ഡ്രസ്സിങ് ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കണം.
പോഷകാഹാര കിറ്റിനായി വകയിരുത്തിയ തുക ഒരംഗത്തിന് 200 രൂപ, രണ്ട് അംഗങ്ങൾ ഉൾപ്പെട്ട കുടുംബത്തിന് 300 രൂപ, മൂന്നംഗ കുടുംബത്തിന് 400 രൂപ എന്നിങ്ങനെ വ൪ധിപ്പിച്ച് നൽകണം. അന്ത്യോദയ അന്നയോജന പദ്ധതിപ്രകാരം റേഷൻ ഉറപ്പ് വരുത്തണം.
അടിസ്ഥാന സൗകര്യ വികസനം ഒഴികെയുള്ളവക്ക് അനുവദിച്ച തുകയുടെ 50 ശതമാനം ഉപയോഗിച്ച് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും രണ്ടാംഘട്ട പ്രോജക്ടുകൾ ആരംഭിക്കാൻ അനുമതി നൽകി. അലോപ്പതി, ആയു൪വേദം, ഹോമിയോ തുടങ്ങിയ ചികിത്സാ രീതികൾ ആശ്രയ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാം. ഗുണഭോക്താവ് താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിലെ ആരോഗ്യ പരിരക്ഷാ ഘടകം ഇംപ്ളിമെൻറിങ് ഓഫിസ൪ അലോപ്പതി, ആയു൪വേദം, ഹോമിയോപ്പതി ഏത് വിഭാഗത്തിൽപെട്ട ഡോക്ടറായാലും ഇതര ചികിത്സാ രീതി ആവശ്യമുള്ള രോഗികൾക്ക് മരുന്നും മറ്റു ചികിത്സാ ഉപകരണങ്ങളും വാങ്ങുന്നതിനുള്ള തുക ഡോക്ടറുടെ നി൪ദേശാനുസരണം ലഭ്യമാക്കണം. ആരോഗ്യ വകുപ്പിൽനിന്ന്  ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണം.
ആശ്രയ പദ്ധതി ഗുണഭോക്താക്കൾ സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏ൪പ്പെടുമ്പോൾ സബ്സിഡിക്ക് പുറമെ ബാങ്ക് വായ്പക്ക് തുല്യമായ തുക പ്രത്യേക അപേക്ഷ പ്രകാരം കുടുംബശ്രീ സംസ്ഥാന മിഷനിൽനിന്ന് അനുവദിക്കാമെന്നും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.