നഗരം ഇരുട്ടില്‍; ജനം ഭീതിയില്‍

കോഴിക്കോട്: കത്താത്ത തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന ചുമതല വൈദ്യുതി ബോ൪ഡ് കൈയൊഴിഞ്ഞതോടെ നഗര റോഡുകൾ ഇരുട്ടിലായി. ജൂൺ ഒന്നു മുതൽ തെരുവുവിളക്കിൻെറ പൂ൪ണ ചുമതല നഗരസഭക്ക് കൈമാറിയെങ്കിലും ടെണ്ട൪ നടപടികൾപോലും ആരംഭിച്ചിട്ടില്ല. മൂന്നും നാലും മാസമായി തെരുവുവിളക്കുകൾ പ്രവ൪ത്തിക്കാത്ത നിരവധി റോഡുകളും ഇടവഴികളും നഗരത്തിലുണ്ട്. കനത്ത മഴയെ തുട൪ന്ന് മോഷ്ടാക്കളുടെ ശല്യം വ൪ധിച്ചിട്ടും തെരുവുവിളക്കുകൾ പ്രവ൪ത്തിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ അധികൃത൪ക്ക് സമയമില്ല.
നഗരസഭയുടെയും വൈദ്യുതി ബോ൪ഡിൻെറയും സംയുക്ത ചുമതലയിലാണ് ഇതുവരെ തെരുവുവിളക്കുകൾ പ്രവ൪ത്തിച്ചിരുന്നത്. ട്യൂബും സി.എഫ്.എൽ വിളക്കുകളും നഗരസഭ നൽകുകയും വൈദ്യുതി ബോ൪ഡ് തുട൪ നടപടി സ്വീകരിക്കുകയുമായിരുന്നു രീതി. ഇത് ത൪ക്കങ്ങൾക്ക് കാരണമായതിനാലാണ് ചുമതല വിട്ടൊഴിയാൻ തയാറായതെന്ന് വൈദ്യുതി ബോ൪ഡ് അധികൃത൪ പറയുന്നു. തെരുവു വിളക്കുകൾ കേടായ വിവരം മാസങ്ങൾക്ക് മുമ്പെ അറിയിച്ചിട്ടും ട്യൂബ് ലഭിക്കുന്നില്ളെന്ന കാരണം പറഞ്ഞ് വൈദ്യുതി ബോ൪ഡ് അവ മാറ്റി സ്ഥാപിച്ചിരുന്നില്ല. ചുമതല പൂ൪ണമായും ഒഴിഞ്ഞതോടെ ഇനി തെരുവുവിളക്ക് സംബന്ധിച്ച പരാതികൾ നഗരസഭയിൽ അറിയിക്കണമെന്നാണ് ബോ൪ഡിൻെറ നിലപാട്.
നഗരസഭയാവട്ടെ ഇതു സംബന്ധിച്ച ഒരു അറിയിപ്പും ജനത്തിന് നൽകിയിട്ടില്ല. നഗരസഭാ ഓഫിസിൽ ഫോണിൽ പരാതി പറഞ്ഞാലും ബന്ധപ്പെട്ട സെക്ഷനിൽ കിട്ടാൻ പ്രയാസമാണെന്ന് ഉപഭോക്താക്കൾ പറയുന്നു. നഗരസഭയുടെ ഫോൺ നമ്പ൪ പോലും അറിയാത്തവരാണ് നഗരവാസികളിൽ ഏറെയും. ഇടവഴികളടക്കം റോഡുകൾ ഇരുട്ടുമൂടിക്കിടക്കുന്നതിനാൽ മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം ഏറെ വ൪ധിച്ചിട്ടുണ്ട്. നഗരസഭയുടെ ടെണ്ട൪ നടപടികൾ പൂ൪ത്തിയാക്കി ഇനി തെരുവു വിളക്കുകൾ പ്രകാശിക്കാൻ നഗരവാസികൾ മാസങ്ങൾ കാത്തിരിക്കേണ്ടിവരും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.